വിദ്യാഭ്യാസമേഖലയിലെ അടിസ്ഥാനസൗകര്യങ്ങളിൽ കേരളത്തിന് മുന്നേറ്റം: മന്ത്രി വി.എൻ. വാസവൻ

Kerala is making progress in infrastructure in the education sector: Minister V.N. Vasavan
Kerala is making progress in infrastructure in the education sector: Minister V.N. Vasavan

കോട്ടയം: മഴമേഘങ്ങൾ മാറിനിന്ന അന്തരീക്ഷത്തിൽ 'അക്ഷരമധുരം മഴവില്ലഴകായി' വിരിഞ്ഞു. ആയിരക്കണക്കിന് കുരുന്നുകൾക്ക് അറിവിന്റെ ലോകത്തേയ്ക്ക് പുതുപ്രവേശം. രണ്ടു മാസത്തെ വേനലവധിക്കുശേഷം തിരികെയെത്തിയ കുട്ടികൾക്കും സൗഹൃദത്തിന്റെയും അറിവിന്റെയും ലോകത്തേയ്ക്ക് വീണ്ടുമെത്തിയതിന്റെ ആഹ്ലാദം. വർണാഭമായി അലങ്കരിച്ച ക്ലാസ് മുറികളിലേക്ക് കുട്ടികളെ മധുരം നൽകി സ്വീകരിച്ച് ജില്ലയിലെ സ്‌കൂളുകളിൽ പ്രവേശനോത്സവം ആഘോഷിച്ചു.

tRootC1469263">

നീണ്ടൂർ എസ്.കെ.വി. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ജില്ലാതല പ്രവേശനോത്സവം സഹകരണം-ദേവസ്വം-തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് പശ്ചാത്തലസൗകര്യങ്ങളുടെ കാര്യത്തിലും അക്കാദമിക സൗകര്യങ്ങളുടെ കാര്യത്തിലും സംസ്ഥാനം ഏറെ മുന്നേറ്റമുണ്ടാക്കിയെന്ന് മന്ത്രി പറഞ്ഞു. ശാസ്ത്ര-സാങ്കേതിക വിഷയങ്ങളും നിർമിത ബുദ്ധിയും അടക്കം ചെറിയ ക്ലാസുകളിൽ തന്നെ പഠിപ്പിച്ച് കുട്ടികളുടെ സമഗ്ര പുരോഗതിക്കാവശ്യമായ രീതിയിലാണ് നമ്മുടെ വിദ്യാഭ്യാസ മേഖലയുടെ പുരോഗതി. സിലബസിലും അധ്യയന രീതിയിലും സമൂലമായ മാറ്റങ്ങളുണ്ടായി. ലഹരിക്കെതിരായ പോരാട്ടത്തിലും ശുചിത്വ, ട്രാഫിക് അവബോധമുണ്ടാക്കുന്നതിനുമെല്ലാം ഉതകുന്ന രീതിയിലാണ് ഇത്തവണ സ്‌കൂൾ പഠനത്തിന് തുടക്കമിടുന്നതെന്നും മന്ത്രി പറഞ്ഞു.

എസ്.കെ.വി. സ്‌കൂളിന് സർവശിക്ഷാകേരളം ഫണ്ടിലൂടെ അനുവദിച്ച ടിങ്കറിങ് ലാബിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ,  നവാഗതരെ സ്വാഗതം ചെയ്തു. സാഹിത്യകാരനും പൂർവവിദ്യാർഥിയുമായ എസ്. ഹരീഷ് സ്‌കൂളിന്റെ കൈയെഴുത്തു മാഗസിൻ പ്രകാശനം ചെയ്തു.

ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി.ആർ. അനുപമ, ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്തംഗം തോമസ് കോട്ടൂർ, ഗാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.ഡി. ബാബു, എം.കെ.ശശി, കെ.എസ്. രാഗിണി, ഗ്രാമപഞ്ചായത്തംഗങ്ങളായ മായ ബൈജു,  പുഷ്പമ്മ തോമസ്, എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോർഡിനേറ്റർ കെ.ജെ. പ്രസാദ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്സാണ്ടർ, പാലാ ഡി.ഇ.ഒ. സി. സത്യപാലൻ, ഡയറ്റ് ഫാക്കൽറ്റി പി.കെ. മഞ്ജു, കൈറ്റ് മാസ്റ്റർ ട്രെയിനർ പി. ആർ. ശ്രീകുമാർ, സ്‌കൂൾ പ്രിൻസിപ്പൽ പ്രിയ ഗോപാൽ, ഹെഡ് മിസ്ട്രസ് പി.കെ. കൃഷ്ണകുമാരി, പി.റ്റി.എ. പ്രസിഡന്റ് കെ.എൻ. രാജൻ, എം.പി.റ്റി.എ. ചെയർപേഴ്സൺ പ്രീത ദാസപ്പൻ, സ്‌കൂൾ ലീഡർ എം. ഹരികൃഷ്ണൻ എന്നിവർ പങ്കെടുത്തു.

ഉദ്ഘാടനത്തിനു മുന്നോടിയായി നീണ്ടൂർ പ്രാവട്ടത്തുനിന്ന് സ്‌കൂളിലേക്കു നടന്ന സാംസ്‌കാരിക ഘോഷയാത്ര നടന്നു. വാദ്യമേളങ്ങളും നാടൻ കലാരൂപങ്ങളും ഘോഷയാത്രയെ വർണാഭമായി. എൻ.സി.സി., സ്‌കൗട്ട് വിഭാഗങ്ങളടക്കം നൂറുകണക്കിന് കുട്ടികൾ പങ്കെടുത്തു. ആലപ്പുഴ കലവൂർ സ്‌കൂളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സ്‌കൂളുകളിൽ തത്സമയം ഓൺലൈനായി പ്രദർശിപ്പിച്ചു.
 

Tags