നിലയ്ക്കല്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന് തറക്കല്ലിട്ടു ,സമഗ്രമായ ആധുനിക ട്രോമ ആന്‍ഡ് എമര്‍ജന്‍സി കെയര്‍ സെന്റര്‍ : മന്ത്രി വീണാ ജോര്‍ജ്

Foundation stone laid for Nilakkal Specialty Hospital, a state-of-the-art Trauma and Emergency Care Center: Minister Veena George
Foundation stone laid for Nilakkal Specialty Hospital, a state-of-the-art Trauma and Emergency Care Center: Minister Veena George


പത്തനംതിട്ട :നിലയ്ക്കലില്‍ സ്പെഷ്യാലിറ്റി ആശുപത്രിയെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയായി വികസിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.  ആശുപത്രിയുടെ നിര്‍മാണ ഉദ്ഘാടനം നിലയ്ക്കല്‍ ക്ഷേത്രം നടപ്പന്തലില്‍ നിര്‍വഹിച്ചു സംസാരിക്കുയായിരുന്നു മന്ത്രി. സമഗ്രമായ ആധുനിക ട്രോമ ആന്‍ഡ് എമര്‍ജന്‍സി കെയര്‍ സെന്ററായിരിക്കും ആശുപത്രി. ഹെലിപ്പാട് തൊട്ടടുത്തായതിനാല്‍ രോഗികളെ പെട്ടെന്ന് എയര്‍ലിഫ്റ്റ് ചെയ്ത് ചികിത്സ ഉറപ്പാക്കാനാകും.  ശബരിമല തീര്‍ത്ഥാടകര്‍ക്കും നാട്ടുകാര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വിഭാവനം ചെയ്തിരിക്കുന്നത്. പ്ലാപള്ളി, പമ്പാവാലി, അട്ടത്തോട് തുടങ്ങിയ വനമേഖലയിലുള്ളവര്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രി ഏറെ സഹായകരമാകും. വന്യജീവി ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കും വിദഗ്ദ ചികിത്സ ഉറപ്പാക്കാനാകും. എല്ലാവര്‍ക്കും വേഗത്തില്‍ എത്തിചേരാന്‍ കഴിയുന്ന സ്ഥലം ആശുപത്രിക്കായി ലഭിക്കുന്നതിന് ആദ്യഘട്ടത്തില്‍ ബുദ്ധിമുട്ടുണ്ടായി. എന്നാല്‍ സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടേയും കൃത്യമായ ഇടപെടലിലൂടെയാണ് നിലവിലെ സ്ഥലം കണ്ടെത്തിയത്. സമീപ ഭാവിയില്‍ കൂടുതല്‍ സ്ഥലം ലഭ്യമാക്കി ആയുര്‍വേദ ചികിത്സ കൂടി സംയോജിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

tRootC1469263">

6.12 കോടി രൂപ ചെലവഴിച്ചാണ് സ്പെഷ്യാലിറ്റി ആശുപത്രി സജ്ജമാക്കുന്നത്. നിലയ്ക്കലില്‍ ശബരിമല ബേസ് ക്യാമ്പായാണ് ആശുപത്രി കെട്ടിടം ഒരുങ്ങുന്നത്. 10700 ചതുരശ്ര വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ളോറില്‍ റിസപ്ഷന്‍, പോലീസ് ഹെല്‍പ്പ് ഡെസ്‌ക്, മൂന്ന് ഒപി മുറികള്‍, അത്യാഹിത വിഭാഗം, നഴ്സസ് സ്റ്റേഷന്‍, ഇസിജി റൂം, ഐ.സി.യു, ഫാര്‍മസി, സ്റ്റോര്‍ ഡ്രസിങ് റൂം, പ്ലാസ്റ്റര്‍ റൂം, ലാബ്, സാമ്പിള്‍ കളക്ഷന്‍ ഏരിയ, ഇ-ഹെല്‍ത്ത് റൂം, ഇലക്ട്രിക്കല്‍ പാനല്‍ റൂം, ലിഫ്റ്റ് റൂം, ടോയ്ലറ്റ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒന്നാം നിലയില്‍ എക്സ്-റേ റൂം, ഓഫീസ് റൂം, ഡോക്ടേഴ്സ് റൂം, മൈനര്‍ ഓപ്പറേഷന്‍ തിയേറ്റര്‍, സ്‌ക്രബ്ബ്, ഓട്ടോക്ലവ്, ഡ്രസ്സിംഗ് റൂം, സ്റ്റോര്‍ റൂം എന്നിവയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ശബരിമല തീര്‍ഥാടന ചരിത്രത്തിലെ നാഴികക്കല്ലായി നിലയ്ക്കല്‍ ആശുപത്രി മാറുമെന്ന് ചടങ്ങില്‍ അധ്യക്ഷനായ പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. തീര്‍ഥാടന പാതയിലെ പ്രധാന സ്ഥലമായ നിലയ്ക്കല്‍ ബേസ് ക്യാമ്പില്‍ ആധുനിക ആശുപത്രി സജ്ജമാക്കാന്‍ കഴിയുന്നത് സര്‍ക്കാരിന്റെ മികച്ച നേട്ടമാണ്. തീര്‍ഥാടകരോടൊപ്പം മലയോര ജനതയ്ക്കും ആശുപത്രി പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, പെരുനാട് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എം എസ് ശ്യാംമോഹന്‍, വികസനകാര്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ സി എസ് സുകുമാരന്‍, വാര്‍ഡ് അംഗം മഞ്ജു പ്രമോദ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, ജില്ലാ ആര്‍ സി എച്ച് ഓഫീസര്‍ ഡോ. കെ കെ ശ്യാംകുമാര്‍, ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്‍, നിലയ്ക്കല്‍ ആരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സജിന്‍ കെ റെജി, ഊര് മൂപ്പന്‍ നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags