സൗജന്യചികിത്സയ്ക്ക് ഏറ്റവുമധികം പണംചിലവഴിക്കുന്നത് കേരളം;മന്ത്രി വീണാ ജോർജ്

veena


കൊല്ലം : രാജ്യത്ത് സൗജന്യചികിത്സയ്ക്ക് ഏറ്റവുമധികം പണംചിലവഴിക്കുന്ന സംസ്ഥാനം കേരളമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കുണ്ടറ താലൂക്ക് ആശുപത്രിയിൽ പുതിയ ഡയാലിസിസ് യൂണിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ ആർദ്രം പദ്ധതി വഴി സ്ഥാപിക്കുകയാണ്. 97 ആശുപത്രികളിൽ യാഥാർത്ഥ്യമാക്കി. 1.5 കോടി രൂപയ്ക്കാണ് കുണ്ടറ താലൂക്ക് ആശുപത്രിയിൽ യൂണിറ്റ് സ്ഥാപിച്ചത്.

കേരളത്തിന്റെ വർത്തമാന-ഭാവികാല ആവശ്യങ്ങൾ മുന്നിൽക്കണ്ടുള്ള വികസനമാണ് ആരോഗ്യമേഖലയിൽ നടക്കുന്നത്. സ്വകാര്യമേഖലയിൽമാത്രം ലഭ്യമായിരുന്നസൗകര്യങ്ങൾ നിലവിൽ ജില്ല-താലൂക്ക്തല ആശുപത്രികളിലും ലഭ്യമാണ്. 14 ജില്ലകളിലും മികച്ച അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കുകയാണ്.ജില്ലാ ആശുപത്രിയിൽ ഹൃദ്രോഗവിഭാഗം മികച്ചനിലയിൽ പ്രവർത്തിക്കുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പുതിയകെട്ടിടത്തിന്റെ നിർമാണം ഉടൻ പൂർത്തിയാകും. ജില്ലാ ആശുപത്രി, സർക്കാർ വിക്ടോറിയ ആശുപത്രി, കൊട്ടാരക്കര, ശാസ്താംകോട്ട എന്നിവിടങ്ങളിലെ സർക്കാർ അശുപത്രികളിലെ നിർമാണ പ്രവർത്തികളും സമയബന്ധിതമായി തീർക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കുണ്ടറ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ നിർമ്മാണ പ്രവർത്തികൾ 72 ലക്ഷം രൂപ ചിലവഴിച്ച് ചിറ്റുമല ബ്ലോക്ക് പഞ്ചായത്താണ് പൂർത്തിയാക്കിയത്. ഹെൽത്ത് സർവീസസ് ഡയറക്ടറേറ്റിൽ നിന്നും അനുവദിച്ച 79,61,070 രൂപ വിനിയോഗിച്ച് ഏഴ് ഡയാലിസിസ് മെഷീനുകൾ ലഭ്യമാക്കി. ഒരേ സമയം ഏഴ് രോഗികൾക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
പി സി വിഷ്ണുനാഥ് എം.എൽ.എ അധ്യക്ഷനായി. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹൻ, വൈസ് പ്രസിഡന്റ് ബി ദിനേശ്,  ജില്ലാ പഞ്ചായത്ത് അംഗം സി ബാൾഡുവിൻ, കുണ്ടറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി തോമസ്, പേരയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനീഷ് പടപ്പക്കര, പനയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. രാജശേഖരൻ, കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജി ലാലി, പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ജയകുമാർ, മൺറോത്തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ, തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ, വിവിധ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Tags