മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ സർക്കാർ ചരിത്ര നേട്ടം സാധ്യമാക്കി: മന്ത്രി വീണാ ജോർജ്

veena


പത്തനംതിട്ട: കേരളത്തിന്റെ മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ ചരിത്ര നേട്ടം കൈവരിക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോന്നി മെഡിക്കൽ കോളജിൽ 50 കോടി രൂപ ചെലവിൽ നിർമാണം പൂർത്തിയായ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഈ സർക്കാരിന്റെ കാലയളവിൽ പത്തനംതിട്ട, കാസർഗോഡ്, വയനാട്, ഇടുക്കി ജില്ലകളിൽ പുതിയ മെഡിക്കൽ കോളജ് ആരംഭിച്ചു. 21 നഴ്‌സിംഗ് കോളജുകളും തുടങ്ങി. അർഹരായ എല്ലാവർക്കും മെറിറ്റിൽ ഏറ്റവും സൗകര്യത്തോടെ മെഡിക്കൽ പഠനം സാധ്യമാക്കുകയാണ് സർക്കാരിന്റെ നയം. കോന്നിയിൽ ബിരുദാനന്തര ബിരുദ പഠനം സാധ്യമാക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു.ജില്ലയിൽ ആരോഗ്യമേഖലയിൽ സമഗ്രമാറ്റം സാധ്യമായി. ജില്ലയുടെ വിവിധ ഇടങ്ങളിൽ സർക്കാർ ആശുപത്രികളിൽ കോടികളുടെ വികസന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. എറണാകുളം ജില്ലാ ആശുപത്രിയിലെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ചരിത്രം രചിച്ചു. അട്ടപ്പാടിയിൽ ശിശുമരണ നിരക്ക് 28.3 ൽ നിന്ന് 6.8 ആയി കുറഞ്ഞു.

tRootC1469263">

2022 ൽ അംഗീകാരം നേടിയ കോന്നി മെഡിക്കൽ കോളജിൽ  കിഫ്ബിയിൽ ഉൾപ്പെടുത്തി 351.72 കോടി രൂപയുടെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളാണ് നടക്കുന്നത്. ടൈപ്പ് എ, സി ക്വാർട്ടേഴ്‌സ്, രണ്ടു ഹോസ്പിറ്റൽ ബ്ലോക്ക് , ഓഡിറ്റോറിയം തുടങ്ങിയവയുടെ നിർമാണം  പുരോഗമിക്കുന്നു. നിലവിൽ നാലു ബാച്ചുകളിലായി 400 മെഡിക്കൽ വിദ്യാർഥികൾ പഠിക്കുന്നു. ആധുനിക നിലവാരത്തിൽ ചികിത്സയും വിദ്യാഭ്യാസവും ഉറപ്പാക്കി വികസന സ്വപ്നം യാഥാർത്യമാക്കുകയാണ് കോന്നി മെഡിക്കൽ കോളജ്. 50 കോടി രൂപ ചെലവിൽ നിർമാണം പുരോഗമിക്കുന്ന ജില്ലാ സ്റ്റേഡിയം ഉടൻ നാടിന് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ മേഖലയിൽ ജില്ലയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനായെന്ന് അധ്യക്ഷനായ കെ യു ജനീഷ് കുമാർ എംഎൽഎ പറഞ്ഞു. പത്തനംതിട്ടയ്ക്ക് അഭിമാനമായ കോന്നി മെഡിക്കൽ കോളജിന്റെ വളർച്ച കേരളത്തിന് മാതൃകയാണ്. ആശുപത്രിയുടെ അടിസ്ഥാന സൗകര്യവികസനം അതിവേഗത്തിൽ സാധ്യമായി. ആശുപത്രിയിലേക്ക് മികച്ച നിലവാരത്തിലുള്ള റോഡുകളുടെ നിർമാണം പുരോഗമിക്കുന്നു. മെഡിക്കൽ കോളേജ് കെഎസ്ആർടിസി ബസ് സ്റ്റാൻഡ് നിർമാണം ഫെബ്രുവരിയിൽ പൂർത്തിയാകുമെന്നും എംഎൽഎ പറഞ്ഞു.

മെഡിക്കൽ എഡ്യുക്കേഷൻ ഡയറക്ടർ ഡോ. കെ. വി. വിശ്വനാഥൻ റിപ്പോർട്ട് അവതരിപ്പിച്ചു. കിഫ്ബി മുഖാന്തിരം 22.80 കോടി രൂപ മുതൽ മുടക്കിൽ നിർമിച്ച അക്കാദമിക് ബ്ലോക്ക് ഫേസ് രണ്ട്,  അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്, 16.25 കോടി രൂപ ചെലവഴിച്ചു നിർമിച്ച 40 അപ്പാർട്ട്‌മെന്റുകൾ ഉള്ള ടൈപ്പ് ഡി ക്വാർട്ടേഴ്‌സ്, 9.10 കോടി രൂപ ചെലവഴിച്ചു നിർമിച്ച 40 അപ്പാർട്ട്‌മെന്റുകളുള്ള ടൈപ്പ് ബി ക്വാർട്ടേഴ്‌സ്, 1.05 കോടി ചെലവഴിച്ച് രണ്ട് നിലകളിലായി നിർമിച്ച ഡീൻ വില്ല, 84 ലക്ഷം രൂപ ഉപയോഗിച്ച് നിർമിച്ച 17 കിടക്കകളോട് കൂടിയ മെഡിക്കൽ ഐസിയു എന്നിവയാണ് മന്ത്രി നാടിന് സമർപ്പിച്ചത്.

കോന്നി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ആർ. എസ്. നിഷ, സൂപ്രണ്ട് ഡോ. എ. ഷാജി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ് ശ്രീകുമാർ, ആശുപത്രി വികസന സമിതി അംഗങ്ങളായ റഷീദ് മുളന്തറ, എ. എസ്. എം. ഹനീഫ, ആരോഗ്യപ്രവർത്തകർ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു.
 

Tags