എച്ച്.ഐ.വി.ക്കെതിരെ അതീവ ജാഗ്രത പുലർത്തണം: മന്ത്രി വീണാ ജോർജ്

veena

എച്ച്.ഐ.വി.ക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സൂക്ഷിച്ചില്ലെങ്കിൽ അത്യന്തം അപകടകരമാണ്. ചെറുപ്പക്കാർ ചതിക്കുഴിയിൽപ്പെട്ട് രോഗികളാകുന്ന സാഹചര്യം ഉണ്ടാകരുത്. കണക്കുകൾ പ്രകാരം പുതിയതായി എച്ച്‌ഐവി അണുബാധിതർ ആകുന്നവരിൽ 15 നും 24 നും ഇടയിൽ പ്രായമുള്ളവർ 2022 മുതൽ 2024 വരെ യഥാക്രമം 9%, 2%, 14.2% എന്ന തോതിലാണ്. 2025 ഏപ്രിൽ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ തന്നെ 15.4% ആണ് ഈ പ്രായത്തിലുള്ള പുതിയ അണുബാധിതർ. ഇത് മനസിലാക്കിക്കൊണ്ട് യുവജനങ്ങളുടെ ഇടയിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി. ദേശീയ യുവജന ദിനം സംസ്ഥാനതല ഉദ്ഘാടനം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

tRootC1469263">

എച്ച്‌ഐവി-എയിഡ്‌സ്, ക്ഷയ രോഗ മുക്ത കേരളം ലക്ഷ്യമിട്ട് അതിനനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തി വരുന്നത്. എത്രകാലം ജീവിച്ചാലും അത്രയും നാൾ ഗുണനിലവാരമുള്ള ജീവിതം ഉറപ്പ് വരുത്താനാകണം. മാരകമായ പല രോഗങ്ങളിൽ നിന്നും നമുക്ക് തന്നെ പ്രതിരോധം തീർക്കാനാകും. രോഗമുക്തമായ ജീവിതത്തിന് വേണ്ടി പ്രവർത്തിക്കാം. എല്ലാവരും ഇതിന്റെ അംബാസഡർമാരാകണം. ജീവിതശൈലീ രോഗങ്ങളിൽ നിന്നും മുക്തമാകുന്നതിന് കേരളം വെൽനസ് മിഷനിലേക്ക് പോകുകയാണ്. വ്യായാമം ചെയ്യുക, നല്ല ആഹാരം കഴിക്കുക, നന്നായി ഉറങ്ങുക, നല്ല ആരോഗ്യ ശീലങ്ങൾ വളർത്തുക എന്നിവയാണ് ലക്ഷ്യമിടുന്നത്. എല്ലാവരും അതിൽ പങ്കാളികളാകണം.

എച്ച്‌ഐവി അണുബാധ സാന്ദ്രത താരതമ്യേന കുറഞ്ഞ ഒരു സംസ്ഥാനമാണ് കേരളം. പ്രായപൂർത്തിയായവരിലെ എച്ച്.ഐ.വി സാന്ദ്രത ഇന്ത്യയിൽ 0.20 ആണെങ്കിൽ കേരളത്തിൽ അത് 0.07 ആണ്. കേരളം എച്ച്‌ഐവി സാന്ദ്രത കുറഞ്ഞ സംസ്ഥാനമാണെങ്കിലും തൊഴിലിനും വിദ്യാഭ്യാസത്തിനുമായി മലയാളികൾ ഇതര സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും കൂടിയേറുന്നതും, ഇതര സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ വർധിച്ച തോതിൽ കേരളത്തിലേക്ക് കുടിയേറുന്നതും നമ്മുടെ എച്ച്‌ഐവി വ്യാപന സാധ്യത വർധിപ്പിക്കുന്നു. 2022-23 സാമ്പത്തിക വർഷം കാലയളവിൽ പുതിയതായി എച്ച്‌ഐവി അണുബാധ കണ്ടെത്തിയത് 1183 വ്യക്തികൾക്കാണ്. 2023-24 ഇത് 1263 വ്യക്തികൾക്കും, 2024-25 ൽ 1213 വ്യക്തികൾക്കും, 2025 ഏപ്രിൽ മുതൽ ഒക്ടോബർ വരെ 819 വ്യക്തികൾക്കുമാണ്. കഴിഞ്ഞ 3 വർഷത്തിൽ ആകെ 4477 വ്യക്തികളാണ് പുതിയതായി അണുബാധിതരായത്. അവരിൽ 3393 പുരുഷന്മാരും 1065 സ്ത്രീകളും 19 ട്രാൻസ്‌ജെൻഡെർ വ്യക്തികളുമാണ്. 90 പേർ ഗർഭിണികൾ ആണ്.

എച്ച്‌ഐവി ആകെ നാല് മാർഗങ്ങളിലൂടെ ആണ് പകരുന്നത്. എച്ച്‌ഐവി അണുബാധയുള്ള ഒരു വ്യക്തിയുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുക, അണുവിമുക്തമാകാത്ത സിറിഞ്ചും സൂചിയും പങ്ക് വച്ച് മയക്കുമരുന്ന് ഉപയോഗിക്കുക, ആണുബാധയുള്ള രക്തം സ്വീകരിക്കുക, എച്ച്‌ഐവി അണുബാധയുള്ള ഗർഭിണിയിൽ നിന്നും കുഞ്ഞിലേക്ക് എന്നിവയാണ് ആ മാർഗങ്ങൾ. ഇത് വളരെ അപകടകരമാണ്.

എച്ച്‌ഐവി പിടിപെടാനുള്ള സാഹചര്യങ്ങളിൽ കൂടി കടന്നു പോയിട്ടുള്ള കൂടുതൽ ആളുകളെ എത്രയും നേരെത്തെ പരിശോധനയ്ക്ക് വിധേയരാക്കി അവർക്ക് ആവശ്യമായ ചികിത്സ നൽകുന്നതിനുമാണ് മുൻഗണന നൽകുന്നത്. എച്ച്‌ഐവി നേരത്തെ കണ്ടെത്തി ശരിയായ രീതിയിൽ ചികിത്സ എടുക്കുകയാണെങ്കിൽ ആ വ്യക്തിയിൽ നിന്നും മറ്റൊരു വ്യക്തിയിലേക്ക് അണുബാധ പകരാത്ത വിധം അണുവിനെ നിരവീര്യമാക്കാൻ സാധിക്കും. എച്ച്‌ഐവി പ്രതിരോധം, നിയന്ത്രണം അണുബാധിതരുടെ ചികിത്സ, പരിചരണം തുടങ്ങിയ മേഖലകളിൽ സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള കേരള സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി വിവിധ പദ്ധതികളാണ് നടത്തി വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡെ അധ്യക്ഷത വഹിച്ച ചടങ്ങിൽ അഡീഷണൽ ഡയറക്ടർ ഡോ. കെ. സക്കീന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി വിഷ്ഠാതിഥിയായി. മേരാ യുവ ഭാരത് ഡയറക്ടർ എം അനിൽകുമാർ, അഡീഷണൽ ഡയറക്ടർമാരായ ഡോ. രാജേന്ദ്രൻ എൻ, ഡോ. റീത്ത കെപി, ജില്ലാ ടിബി ഓഫീസർ ഡോ. ധനുജ വിഎ എന്നിവർ പങ്കെടുത്തു. കേരള സംസ്ഥാന എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി പ്രോജക്ട് ഡയറക്ടർ ഡോ. പിയൂഷ് എം സ്വാഗതവും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ കൃതജ്ഞതയും പറഞ്ഞു.

Tags