സംസ്ഥാനത്ത് ആരോഗ്യ മേഖലയിലെ അടിസ്ഥാനസൗകര്യങ്ങൾക്ക് 10,000 കോടി രൂപ ചിലവഴിച്ചു: മന്ത്രി വീണാ ജോർജ്

veena

കൊല്ലം : സംസ്ഥാനത്തെ വിവിധ ആരോഗ്യകേന്ദ്രങ്ങൾ, പുതിയആശുപത്രികൾ എന്നിവയുടെ അടിസ്ഥാനസൗകര്യം വർധിപ്പിക്കുന്നതിന്  സർക്കാർ 10,000 കോടി ചിലവഴിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. ചാത്തന്നൂർ നഗരസഭയുടെ വിവിധ വാർഷികപദ്ധതികളിൽ ഉൾപ്പെടുത്തി പൊഴിക്കര കുടുംബാരോഗ്യ കേന്ദ്രത്തിൽ 1.2 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ ഒ.പി. കെട്ടിടം ഉദ്ഘടാനം ചെയ്യുകയായിരുന്നു മന്ത്രി.

സ്വകാര്യ ആശുപത്രികളിൽമാത്രം ഉണ്ടായിരുന്ന സൂപ്പർ സ്‌പെഷ്യാലിറ്റി സേവനങ്ങൾ സർക്കാർതലത്തിൽ വികേന്ദ്രീകരിച്ച് ജില്ല-താലൂക്ക് ആശുപത്രികളിൽ ലഭ്യമാക്കി. ജില്ലാ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽ കോളേജിലും കാത്ത് ലാബ്, പക്ഷാഘാത ചികിത്സ, വിവിധ ആശുപത്രികളിൽ കരൾ-മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ തുടങ്ങി ഉയർന്നചിലവിലുള്ള ചികിത്സകൾ സർക്കാർ ആശുപത്രികളിൽ നൽകിതുടങ്ങി. നെടുങ്ങോലം താലൂക്ക് ആശുപത്രിയിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഉൾപ്പെടെയുള്ള തസ്തികകൾഅനുവദിക്കുന്നതിന് ധനകാര്യ വകുപ്പ് മന്ത്രിയുമായി ചർച്ചനടത്തിയതായും മന്ത്രി വ്യക്തമാക്കി. 

രോഗനിയന്ത്രണം മുന്നിൽക്കണ്ട്  30 വയസിനു മുകളിലുള്ള എല്ലാവരും വർഷത്തിൽഒരിക്കൽ ജീവിതശൈലിരോഗങ്ങൾ പരിശോധിച്ച് അസുഖങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണമെന്നും മന്ത്രി ഓർമിപ്പിച്ചു.പരിപാടിയോടനുബന്ധിച്ച് 27.5 ലക്ഷം രൂപ ചിലവിൽ കലയ്‌ക്കോട് കുടുംബാരോഗ്യകേന്ദ്രത്തിൽ ബ്ലോക്ക് പബ്ലിക് ഹെൽത്ത് യൂണിറ്റ്, ഏഴ് ലക്ഷം രൂപ വീതം വിനിയോഗിച്ച് ചിറക്കരതാഴം, താഴംസൗത്ത് ജനകീയാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും ഓൺലൈനായി മന്ത്രി നിർവഹിച്ചു.

ജി എസ് ജയലാൽ എം.എൽ.എ അധ്യക്ഷനായി. നഗരസഭാ ചെയർപേഴ്‌സൺ പി ശ്രീജ, വൈസ് ചെയർപേഴ്‌സൺ എ. സഫർ കയാൽ, സ്ഥിരംസമിതി അധ്യക്ഷർ, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. എം എസ് അനു, ദേശീയആരോഗ്യ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ദേവ് കിരൺ തുടങ്ങിയവർ പങ്കെടുത്തു.

Tags