സംസ്ഥാനത്തിന്റെ ഭാവി വികസന ലക്ഷ്യങ്ങൾ ചർച്ച ചെയ്യും : മന്ത്രി വീണാ ജോർജ്
പത്തനംതിട്ട : കേരളത്തിന്റെ ഭാവി വികസന ലക്ഷ്യങ്ങൾ ആസൂത്രണം ചെയ്യുന്നതിനും 2031 ൽ സംസ്ഥാനം എങ്ങനെ ആയിരിക്കണമെന്ന വിപുലമായ കാഴ്ചപ്പാട് രൂപീകരിച്ച് ആശയങ്ങൾ ശേഖരിക്കുന്നതിനുമാണ് സംസ്ഥാനതല സെമിനാറുകൾ സംഘടിപ്പിക്കുന്നതെന്ന് ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്. പത്തനംതിട്ട ജില്ലയിൽ ഒക്ടോബർ 14 ന് നടക്കുന്ന ആരോഗ്യ സെമിനാറിന്റെ ഭാഗമായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
tRootC1469263">സംസ്ഥാനതലത്തിൽ 33 വിഷയങ്ങളിലാണ് 'വിഷൻ 2031' എന്ന പേരിൽ സെമിനാറുകൾ സംഘടിപ്പിക്കുന്നത്. ആരോഗ്യ, ഗതാഗത വകുപ്പുകളുടെ സെമിനാറുകളാണ് പത്തനംതിട്ട ജില്ലയിൽ നടക്കുന്നത്. ആരോഗ്യമേഖലയിൽ കഴിഞ്ഞ ഒമ്പത് വർഷത്തെ വികസന നേട്ടങ്ങൾ, നിലവിലുള്ള നയങ്ങൾ, സുപ്രധാന പദ്ധതികൾ എന്നിവ സെമിനാറിൽ അവതരിപ്പിക്കും. ശേഷം ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച് വിദഗ്ധ പാനൽ ചർച്ച നടക്കും. ചർച്ചയിൽ ഉരുത്തിരിയുന്ന ആശയങ്ങൾ ക്രോഡീകരിച്ച് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭാവി വികസന നയം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സെമിനാറിന്റെ സുഗമമായ നടത്തിപ്പിന് മന്ത്രി വീണാ ജോർജ് ചെയർപേഴ്‌സണായി സംഘാടകസമിതി രൂപീകരിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, ആന്റോ ആന്റണി എംപി, എംഎൽഎമാരായ മാത്യു ടി തോമസ്, കെ യു ജനീഷ് കുമാർ, പ്രമോദ് നാരായൺ, നഗരസഭ ചെയർപേഴ്‌സൺമാർ, പ്ലാനിംഗ് ബോർഡ് എക്‌സ്‌പേർട്ട് അംഗം ഡോ. പി. കെ. ജമീല എന്നിവർ വൈസ് ചെയർപേഴ്‌സൺമാരാകും. ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ ജനറൽ കൺവീനറും സബ് കലക്ടർ സുമിത് കുമാർ താക്കൂർ കൺവീനറുമാകും. സ്റ്റേറ്റ് ഹെൽത്ത് ഏജൻസി എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. അരുൺ എസ് നായർ ജോയിന്റ് ജനറൽ കൺവീനറാകും. ആരോഗ്യവകുപ്പ് ഡയറക്ടർമാർ, ഭക്ഷ്യസുരക്ഷ കമ്മിഷണർ, ഡ്രഗ്‌സ് കൺട്രോളർ എന്നിവർ രക്ഷാധികാരികളാകും. ആരോഗ്യം, ഹോമിയോ, ഐഎസ്എം ജില്ലാ മെഡിക്കൽ ഓഫീസർമാർ, കോന്നി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ, ജില്ലാ ഡ്രഗ്‌സ് ഇൻസ്‌പെക്ടർ, ഫുഡ് സേഫ്റ്റി അസി. കമ്മിഷണർ എന്നിവർ ജോയിന്റ് കൺവീനർമാരാകും. ഇതിന് പുറമേ ജനപ്രതിനിധികൾ ചെയർപേഴ്‌സൺമാരായും ഉദ്യോഗസ്ഥർ കൺവീനർമാരായുമുള്ള സബ്കമ്മിറ്റികൾ സെപ്റ്റംബർ 25 ന് അകം രൂപീകരിക്കണമെന്നും മന്ത്രി നിർദേശിച്ചു.
ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡെ (ഓൺലൈൻ), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം, പത്തനംതിട്ട നഗരസഭ ചെയർപേഴ്‌സൺ ടി സക്കീർ ഹുസൈൻ, ജില്ലാ കലക്ടർ എസ്. പ്രേം കൃഷ്ണൻ, സബ് കലക്ടർ സുമിത് കുമാർ താക്കൂർ, ആരോഗ്യവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബിബിൻ കെ ഗോപാൽ ജില്ലാ മെഡിക്കൽ ഓഫീസർ ആരോഗ്യം ഡോ. എൽ അനിതകുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ എസ് ശ്രീകുമാർ, ജനപ്രതിനിധികൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
.jpg)


