ഗാർഹിക പീഡന പരാതിയുമായി എത്തുന്നവർക്ക് തുടർപിന്തുണ ഉറപ്പാക്കുന്നതിന് പ്രത്യേക സെൽ: മന്ത്രി വീണാ ജോർജ്

Special cell to ensure continued support for those who come forward with domestic violence complaints: Minister Veena George
Special cell to ensure continued support for those who come forward with domestic violence complaints: Minister Veena George

തിരുവനന്തപുരം: ഗാർഹിക പീഡന പരാതിയുമായി എത്തുന്ന പെൺകുട്ടികളുടേയും സ്ത്രീകളുടേയും തുടർപിന്തുണ ഉറപ്പാക്കുന്നതിന് പ്രത്യേക സെൽ രൂപീകരിക്കുമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. ഇവർക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന തരത്തിലുള്ള തുടർ പിന്തുണ ഉണ്ടാകണം. ആവശ്യമായവർക്ക് ജീവനോപാധി ലഭ്യമാക്കുന്നു എന്നുള്ളതും ഉറപ്പാക്കണം. ഈ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായാണ് സെൽ പ്രവർത്തിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം സഖി വൺസ്റ്റോപ്പ് സെന്റർ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

tRootC1469263">

ഗാർഹിക പീഡന നിരോധന നിയമം നിലവിൽ വന്നിട്ട് 20 വർഷങ്ങൾ പിന്നിട്ടിരിക്കുകയാണ്. സ്ത്രീധനത്തിനെതിരെയുള്ള നടപടികളുടെ ഭാഗമായി ജില്ലാ ഡൗറി പ്രൊഹിബിഷൻ ഓഫീസർമാരെ നിയമിച്ചു. രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോൾ ഈ നിയമത്തിന്റെ ഫലമായി നമ്മുടെ സമൂഹത്തിലെ സ്ത്രീകളുടെ ജീവിതങ്ങളിൽ ഗുണപരമായി എത്ര മാറ്റമുണ്ടായി എന്ന പരിശോധന കൂടി നടത്തി. ഇരുപത്തിരണ്ടായിരത്തിലധികം സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ വൺ സ്റ്റോപ്പ് സെന്ററുകളിലൂടെ പിന്തുണ നൽകുന്നതിന് സാധിച്ചിട്ടുണ്ട്. ഇത്രയും വ്യക്തികളുടെ ജീവിതത്തിൽ ഗുണപരമായിട്ടുള്ള മാറ്റങ്ങൾ ഉണ്ടാകണമെന്നുള്ള ലക്ഷ്യത്തോടു കൂടിയാണ് ഇടപെടലുകൾ നടത്തുന്നത്. അതിന് തുടർച്ച ഉണ്ടാകണമെന്നതാണ് ഏറ്റവും പ്രധാനം.

തീവ്രമായ അതിക്രമത്തിനും ആക്രമണത്തിനും ഇരയായി ആ അനുഭവത്തിലൂടെ കടന്നു പോകാറുള്ള സന്ദർഭങ്ങൾ പലർക്കും ഉണ്ടാകാറുണ്ട്. ചിലപ്പോൾ ഒറ്റയ്ക്ക് പരാതിയുമായി മുന്നോട്ട് പോകേണ്ട സാഹചര്യവും ഉണ്ടായേക്കാം. പരാതി പറയുന്ന വ്യക്തിയ്ക്ക് ഉന്നയിക്കപ്പെട്ട വിഷയത്തിൽ പരിഹാരം ഉണ്ടായി എന്നുള്ളത് ഉറപ്പാക്കണം.

പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുമ്പോൾ ഇതിൽ നിന്നൊരു മോചനമില്ലെന്ന് ഒരു സ്ത്രീയും കരുതാൻ പാടില്ല. ഒരു പെൺകുട്ടി അല്ലെങ്കിൽ ഒരു സ്ത്രീ പ്രശ്‌നം നേരിടുമ്പോൾ ആ വ്യക്തി തന്നെ എല്ലാം വിളിച്ച് പറയണമെന്നില്ല. ഒരു ഫോൺ പോലും ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലായിരിക്കും. ഇത് കാണുന്ന ആർക്ക് വേണമെങ്കിലും പരാതി വിളിച്ച് അറിയിക്കാം. അത് ശരിയാണോ എന്ന് പരിശോധിച്ച് നടപടി സ്വീകരിക്കും. ഇതിനായി മിത്ര 181 ഹെൽപ്പ് ലൈൻ നമ്പർ പ്രവർത്തിക്കുന്നുണ്ട്. അവരെ സഹായിക്കേണ്ടത് സമൂഹത്തിന്റെ പൊതുവായ ഉത്തരവാദിത്തവും സർക്കാർ സംവിധാനങ്ങളുടെ ഉത്തരവാദിത്തവുമാണ്. എല്ലാവരും യോജിച്ച് പ്രവർത്തിക്കണം.

60 ലക്ഷം രൂപ ചെലവഴിച്ചാണ് തിരുവനന്തപുരം വൺ സ്റ്റോപ്പ് സെന്റർ കെട്ടിടം നിർമ്മാണം പൂർത്തിയാക്കിയിട്ടുള്ളത്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ അതിക്രമങ്ങൾ തടയുന്നതിനും അതിക്രമങ്ങൾ അതിജീവിച്ചവർക്ക് ആവശ്യമായ കൗൺസിലിംഗ്, വൈദ്യസഹായം ചികിത്സ, നിയമസഹായം, പോലീസ് സംരക്ഷണം, സുരക്ഷിത അഭയം എന്നീ സേവനങ്ങൾ ഒരു കുടക്കീഴിൽ ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണ് സഖി വൺ സ്റ്റോപ്പ് സെന്റർ. വനിതാ ശിശു വികസന വകുപ്പ് മുഖേനയാണ് ഇത് നടപ്പിലാക്കുന്നത്. നിലവിൽ 14 ജില്ലകളിലും ഒരു വൺ സ്റ്റോപ്പ് സെന്റർ വീതമാണ് പ്രവർത്തിക്കുന്നത്. കൂടാതെ എറണാകുളം, കോഴിക്കോട് ജില്ലകളിൽ അഡീഷണൽ വൺ സ്റ്റോപ്പ് സെന്ററുകൾ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.

വനിത ശിശു വികസന വകുപ്പ് ഡയറക്ടർ ഹരിത വി കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സിഡബ്ല്യുസി ചെയർപേഴ്‌സൺ ഷാനിബ ബീഗം, ജില്ലാ വനിത ശിശു വികസന ഓഫീസർ കവിതാ റാണി, നിർഭയ സെൽ സ്റ്റേറ്റ് കോ ഓർഡിനേറ്റർ ശ്രീല മേനോൻ എന്നിവർ പങ്കെടുത്തു.
 

Tags