ജനങ്ങൾക്കിടയിൽ കായിക സാക്ഷരത വളർത്തും: മന്ത്രി വി അബ്ദുറഹിമാന്‍

Minister V Abdurahiman


കണ്ണൂർ :  കേരളത്തിലെ ജനങ്ങള്‍ക്കിടയില്‍ കായിക സാക്ഷരതയും കായിക ക്ഷമതയും വളര്‍ത്തലാണ് വകുപ്പിന്റെ ലക്ഷ്യമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. തളിപ്പറമ്പ് കരിമ്പം കില ക്യാമ്പസില്‍ ജില്ലാ സ്റ്റേഡിയത്തിന്റെയും സ്‌പോര്‍ട്‌സ് കോംപ്ലക്‌സിന്റെയും നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാരിന്റെ ഭരണകാലയളവില്‍ 5000 കോടിയിലധികം രൂപയാണ് കായിക രംഗത്തിനായി ചെലവഴിച്ചത്. ഇന്ത്യയില്‍ ആദ്യമായി കായിക നയം രൂപീകരിച്ച് രാജ്യത്തിന് മാതൃകയാകാനും കേരളത്തിനായി. നൂറോളം സ്‌കൂളുകളില്‍ ഉള്‍പ്പടെ കളിക്കളങ്ങളും നിര്‍മിച്ചു. 160 കളിക്കളങ്ങള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ മുഴുവന്‍ പഞ്ചായത്തുകളിലും കളിക്കളങ്ങളാകുമെന്നും മന്ത്രി പറഞ്ഞു.  

tRootC1469263">

കില ക്യാമ്പസിനായി നിര്‍മിക്കുന്ന അക്കാദമിക് കോളേജിനോട് ചേര്‍ന്ന് 10 ഏക്കര്‍ സ്ഥലത്താണ് സ്റ്റേഡിയം നിര്‍മിക്കുന്നത്. 45 കോടിരൂപയാണ് പദ്ധതിക്കായി കിഫ്ബി വഴി ലഭ്യമായിട്ടുള്ളത്. അന്താരാഷ്ട്ര നിലവാരത്തോടെ ഉയരുന്ന സ്റ്റേഡിയത്തില്‍ ദേശീയ - അന്തര്‍ദേശീയ ഫുട്‌ബോള്‍ മത്സരങ്ങള്‍ നടത്താന്‍ സാധിക്കും. എട്ട് ലൈന്‍ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, നാച്ചുറല്‍ ഫുട്ബോള്‍ ടര്‍ഫ്, പവലിയന്‍ ഗാലറി, ഇന്‍ഡോര്‍ സ്റ്റേഡിയം, കായികതാരങ്ങള്‍ക്ക് വിശ്രമിക്കാനും താമസിക്കാനുമുള്ള സൗകര്യമുള്‍പ്പെടെയുള്ള അഡ്മിനിസ്ട്രേറ്റീവ് ഹോസ്റ്റല്‍ ബ്ലോക്ക് എന്നിവ പദ്ധതിയിലുണ്ട്. സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണം.

എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ അധ്യക്ഷനായി. സ്‌പോര്‍സ് കേരള ഫൗണ്ടേഷന്‍ ചീഫ് എഞ്ചിനീയര്‍ പി.കെ അനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.പി രമേശന്‍ മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എ പ്രദീപന്‍, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി മാധവന്‍, പി.കെ കുഞ്ഞിരാമന്‍, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് അംഗം വി.വി ചന്ദ്രമതി , കില കാമ്പസ് പ്രിന്‍സിപ്പല്‍ ഡി.വി അബ്ദുള്‍ ജലീല്‍, വിസ്മയ പാര്‍ക്ക് വൈസ് ചെയര്‍മാന്‍ കെ സന്തോഷ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
 

Tags