വയനാട് ടൗൺഷിപ്പിലെ 157 വീടുകൾ സെപ്റ്റംബർ 30 നകം പൂർത്തീകരിക്കും: മന്ത്രി ടി സിദ്ദീഖ്

T Siddique MLA

വയനാട് : മുണ്ടക്കൈ - ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി ഏൽസ്റ്റൺ എസ്റ്റേറ്റിലെ പുനരധിവാസ ടൗൺഷിപ്പിൽ നിർമ്മാണം നടക്കുന്ന 157 വീടുകൾ സെപ്റ്റംബർ 30 നകം പൂർത്തീകരിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് അറിയിച്ചു. ശേഷിക്കുന്ന 62 വീടുകൾ ഡിസംബറോടെ പൂർത്തീകരിക്കും. ടൗൺഷിപ്പിൽ നിർമ്മാണം പൂർത്തിയായ 178 വീടുകളാണ് ആദ്യഘട്ടത്തിൽ ഗുണഭോക്താക്കൾക്ക് കൈമാറിയത്. കലക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 

ടൗൺഷിപ്പിലെ ആരോഗ്യ കേന്ദ്രം, പൊതു മാർക്കറ്റ്- ശുചിമുറികൾ എന്നിവയുടെ നിർമ്മാണം ആരംഭിച്ചതായും കളി സ്ഥലം, അങ്കണവാടി, മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കേന്ദ്രങ്ങളുടെ നിർമ്മാണ പ്രവൃത്തികൾ വേഗത്തിൽ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പുനരധിവാസ ഗുണഭോക്തക്കളുടെ ഫേസ്-1, ഫേസ്-2എ, ഫേസ്-2ബി പട്ടികകളിൽ ഉൾപ്പെട്ട കുടുംബങ്ങൾക്കായി  5.58 കോടി രൂപയുടെ ബാങ്ക് വായ്പകൾ സർക്കാർ കൈമാറിയിട്ടുണ്ട്.  പട്ടികയിൽ ഉൾപ്പെട്ടവർക്കായി നടത്തിയ അദാലത്തിലൂടെ വായ്പാ വിവരങ്ങൾ ശേഖരിച്ചാണ് പണം നൽകിയത്. വാണിജ്യ വായ്പകൾ ഏറ്റെടുക്കുന്ന വിഷയങ്ങളിൽ സർക്കാർ തീരുമാനത്തിന് അനുസൃതമായി  തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ദുരിതബാധിതർക്ക് നൽകുന്ന ദിനബത്ത, വീട്ടുവാടക മൂന്ന് മാസത്തേക്ക് കൂടി തുടരും.

ടൗൺഷിപ്പ് നിർമ്മാണത്തെ തുടർന്ന് കൽപ്പറ്റ നഗരത്തിൽ രൂപപ്പെടുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ശാസ്ത്രീയ പഠനം നടത്തി ബൃഹദ് പദ്ധതി തയ്യാറാക്കും. ദുരന്ത നിവാരണ പദ്ധതികൾ അവലോകനം ചെയ്യുന്നതിന് എല്ലാ മാസവും ആദ്യത്തെ തിങ്കളാഴ്ച മന്ത്രി ടി. സിദ്ദീഖിന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ പ്രത്യേക യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിത പ്രദേശത്തെ കാർഷിക ഭൂമി പുനഃക്രമീകരിച്ച് നൽകുകയാണ് സർക്കാർ ലക്ഷ്യമെന്നും  പ്രദേശത്തെ മണ്ണ് പരിശോധിച്ച് അനിവാര്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാത്ത പടവെട്ടികുന്ന്, അട്ടമല പ്രദേശങ്ങളിലെ ജനങ്ങളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിച്ച് തീരുമാനമെടുക്കുമെന്നും പുത്തുമല ദുരന്ത ബാധിതതർക്കായി ഒരുക്കിയ ഹർഷം പദ്ധതി ആവശ്യമെങ്കിൽ മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
 

Tags