ആധുനിക ലോകത്തിന്റെ വൈജ്ഞാനിക ഭൂപടത്തിലേക്ക് കുട്ടികളെ ഉയർത്തിക്കൊണ്ടുവരണം: മന്ത്രി ടി. സിദ്ദിഖ്

T. Siddique MLA's outcry; Disaster victims file complaint

വയനാട് : കളിചിരികളുടെ ആരവത്തോടെ ജില്ലയിലെ സ്‌കൂളുകൾ ഒന്നാം തരത്തിലേക്കുള്ള പ്രവേശനം ആഘോഷമാക്കി. പെരിക്കല്ലൂർ ഗവ ഹയർ സെക്കന്ററി സ്‌കൂളിൽ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് ജില്ലാതല പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് സ്‌നേഹത്തോടെയുള്ള പരിപാലനവും ചേർത്തുപിടിക്കലും നൽകി, ആധുനിക ലോകത്തിന്റെ വൈജ്ഞാനിക ഭൂപടത്തിലേക്ക് അവരെ ഉയർത്തിക്കൊണ്ടുവരാനുള്ള ഇടമായി വിദ്യാഭ്യാസ കാലഘട്ടത്തെ മാറ്റണമെന്ന് മന്ത്രി പറഞ്ഞു. 

വിദ്യാലയങ്ങൾ സന്തോഷം പരത്തുന്ന ഇടങ്ങളായി മാറണം. നാളെയുടെ പ്രകാശമായ കുട്ടികൾ ചിരിച്ചു കൊണ്ട് പഠിക്കണം. കുട്ടികൾ വളർന്നു വരുമ്പോൾ ചില സന്ദർഭങ്ങളിൽ 'നോ' പറയേണ്ടി വരും. അരുതായ്മകളിലേക്ക് പോകാതെ സ്വയം കാത്തുസൂക്ഷിക്കാൻ, നോ പറയേണ്ടിടത്ത് അത് പറയാനുള്ള ആത്മവിശ്വാസം നമ്മുടെ കുട്ടികൾക്ക് ഉണ്ടാകണം. അങ്ങനെ എല്ലാ തലത്തിലും വളർന്ന് അവർ ഭാവിയുടെ ഏറ്റവും വലിയ കരുതലായി മാറണമെന്നും മന്ത്രി പറഞ്ഞു.

ഗോത്രമേഖലകളിൽ നിന്നുള്ള കുട്ടികൾ ഉൾപ്പെടെ ഒരു കുട്ടി  പോലും വിദ്യാലയത്തിന് പുറത്താകാത്ത രീതിയിൽ, എല്ലാവരെയും ചേർത്തുനിർത്താൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും സാധിക്കണം. അവരെ വെറുതെ പഠിപ്പിക്കുക മാത്രമല്ല, അവർക്ക് ചിരിക്കാനും ചിന്തിക്കാനുമുള്ള അന്തരീക്ഷം ഒരുക്കുകയാണ് ചെയ്യേണ്ടതെന്നും മന്ത്രി പറഞ്ഞു.

ബൈരക്കുപ്പ പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വനത്തിന് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ പുതിയ ക്രമീകരണങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള ഇടപെടലുകൾ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്നും അത് പൂർത്തീകരണത്തിലേക്ക് എത്തുമെന്നാണ് പ്രത്യാശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കാർഷിക മേഖല നേരിടുന്ന ബുദ്ധിമുട്ടുകളിൽ വ്യക്തമായ നിലപാടും നടപടിയും ഉണ്ടാകും. ബഡ്ജറ്റോട് കൂടി ഇതിനാവശ്യമായ ക്രമീകരണങ്ങൾ വരുത്താനുള്ള നടപടികൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി സ്‌കൂളിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ ഔദ്യോഗിക ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
സ്‌കൂളിലേക്ക് ആദ്യമായി പ്രവേശനം നേടിയ കുരുന്നുകൾക്ക് മന്ത്രി പഠന സാമഗ്രികൾ വിതരണം ചെയ്തു. പ്ലസ്ടു ഫുൾ എ പ്ലസ് വിജയികളേയും സ്‌കോളർഷിപ്പ് വിജയികളേയും പരിപാടിയിൽ അനുമോദിച്ചു.

എം എൽ എ  ഐ.സി ബാലകൃഷ്ണൻ അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സൽമ മോയി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺമാരായ വി എൻ ശശീന്ദ്രൻ, ജിനി തോമസ്, ഗിരിജാ കൃഷ്ണൻ, പനമരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ വർഗീസ്, ജില്ലാ പഞ്ചായത്ത് തിരുനെല്ലി ഡിസിഷൻ അംഗം കെ.ആർ ജിതിൻ, മുള്ളൻ കൊല്ലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനു കച്ചിറയിൽ, പനമരം ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ഒ.ആർ രഘു, വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ്, ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ ഷിവി എം കൃഷ്ണൻ, വി എച്ച് എസ് ഇ ജില്ലാ കോ ഓർഡിനേറ്റർ ബിനുമോൾ ജോസ്, ഡയറ്റ് പ്രിൻസിപ്പൽ സെബാസ്റ്റ്യൻ, ഡി പി സി വി.അനിൽകുമാർ, ജില്ലാ വിദ്യാദ്യാസ ഓഫീസർ സി.എ മൻമോഹൻ, കൈറ്റ് ജില്ലാ കോ- ഓർഡിനേറ്റർ സി ഹസീന, വിദ്യാകിരണം കോ ഓർഡിനേറ്റർ വിൽസൺ തോമസ്, സ്‌കൂൾ പ്രിൻസിപ്പൽ പി.കെ വിനുരാജൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, എസ് എസ് കെ പ്രൊജക്ട് ഓഫീസർമാർ, ബി പി ഒ മാർ, ജില്ലാ പഞ്ചായത്തംഗങ്ങൾ, മുള്ളൻ കൊല്ലി ഗ്രാമ പഞ്ചായത്തംഗങ്ങൾ, സ്‌കൂൾ പി ടി എ, എസ് എം സി ഭാരവാഹികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Tags