വൈദ്യുതി ഉത്പാദന പ്രസരണ വിതരണ രംഗം ജനസൗഹൃദമാക്കും: മന്ത്രി സണ്ണി ജോസഫ്

The delay in the Chief Minister's decision has tarnished his image: Sunny Joseph

ഇടുക്കി : വൈദ്യുതി ഉത്പാദന പ്രസരണ വിതരണ മേഖലയിലെ പ്രശ്നങ്ങളും ആശങ്കകളും പരിഹരിച്ച് മേഖലയെ കൂടുതൽ ജനസൗഹൃദമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ഇടുക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഇടുക്കിയിലെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അവലോകനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. മൂലമറ്റം പവർ സ്റ്റേഷനും ഇടുക്കി ഡാമും സന്ദർശിച്ച ശേഷമായിരുന്നു അവലോകന യോഗം.

കേരളത്തിന്റെ പവർ ഹൗസായ ഇടുക്കി ഡാമിന്റെയും പവർ ഹൗസിന്റെയും പ്രവർത്തനം അഭിമാനകരമാണ്. ഇടുക്കിയുടെ പ്രത്യേക ഭൂപ്രകൃതി, ഗതാഗത പ്രശ്നം തുടങ്ങിയവയെല്ലാം കണക്കിലെടുത്തി ഇടുക്കിക്ക് പ്രത്യേക പരിഗണന നൽകും. ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പരാതികൾക്ക് വേഗത്തിൽ പരിഹാരം കാണും. ജില്ലയിൽ വൈദ്യുതി പ്രസരണ വിതരണ രംഗത്ത് പുരോഗമിക്കുന്ന പദ്ധതികൾ യോഗത്തിൽ വിലയിരുത്തി.

1976 ൽ ഇടുക്കി വികസന അതോറിറ്റിക്കായി ഏറ്റെടുത്ത ഭൂമി കൈമാറുന്നതുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ പഞ്ചായത്തുമായുള്ള തർക്കം പരിഹരിക്കുന്നതിന് വനം, വൈദ്യുതി വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഇടുക്കിയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരും. പുതിയ സെക്ഷൻ ഓഫീസുകളും സബ് സ്റ്റേഷനുകളും ആരംഭിക്കണമെന്ന ആവശ്യം പരിഗണിക്കും.
 
പരിസ്ഥിതി ലോല മേഖലയിൽ (ഇ.എസ്.എ) നിന്ന് ജനവാസമേഖലകളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും ഒഴിവാക്കണമെന്ന സർക്കാർ നിലപാട് കൂടുതൽ ശക്തമായി കേന്ദ്രത്തിനു മുന്നിൽ ഉന്നയിക്കും. ഓരോ സംസ്ഥാനങ്ങളുടെയും വിഷയം പ്രത്യേകമായി പരിഗണിച്ച് തീർപ്പ് കൽപ്പിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാധ്യത പ്രയോജനപ്പെടുത്തി സമയബന്ധിതമായി ഈ പ്രശ്നത്തിന് പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.വൈദ്യുതി ഉത്പാദന പ്രസരണ വിതരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ജനപ്രതിനിധികൾ യോഗത്തിൽ ഉന്നയിച്ചു.

ഇടമലക്കുടിയിൽ വൈദ്യുതിയെത്താത്ത വീടുകളിൽ വൈദ്യുതിയടക്കമുള്ള സൗകര്യങ്ങൾ എത്തിക്കാൻ ഇടമലക്കുടിക്കായി സമഗ്ര വികസന പാക്കേജ് നടപ്പാക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. മൂന്നാർ മാട്ടുപ്പെട്ടി ഡാമിനു മുകളിലൂടെയുള്ള ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കണം. കെ.എസ്.ഇ.ബി. ക്വാർട്ടേഴ്സുകൾ സംരക്ഷിക്കണെന്നും എംപി ആവശ്യപ്പെട്ടു. വീടുകളിൽ സ്ഥാപിച്ച സോളാർ പാനലുകളിൽ നിന്ന് തിരിച്ച് വൈദ്യുതി ഗ്രിഡിലേക്ക് നൽകുമ്പോഴുള്ള സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് ആവശ്യപ്പെട്ടു. വൈദ്യുതി പോസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണം. മെറ്റീരിയൽ മാനേജ്മെന്റ് കാര്യക്ഷമമാക്കണമെന്നും ചീഫ് വിപ്പ് പറഞ്ഞു.

ഓണത്തോടനുബന്ധിച്ച് 10 ദിവസം ഇടുക്കി ഡാം തുറന്നു കൊടുക്കുന്നത് ഓണത്തിനു ശേഷവും തുടരണമെന്ന് റോയ് കെ പൗലോസ് എംഎൽഎ ആവശ്യപ്പെട്ടു. നിർമ്മല സിറ്റി സബ് സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട് പട്ടയമുള്ളവർക്കും പട്ടയമില്ലാത്തവർക്കും ഒരേ നഷ്ടപരിഹാരം നൽകണം. 16 കോടി ചെലവിൽ നടപ്പാക്കിയ ആമപ്പാറ സോളാർ പ്ലാന്റ് പദ്ധതി കാടുപിടിച്ചു കിടക്കുകയാണെന്ന് സേനാപതി വേണു എംഎൽഎ അറിയിച്ചു. ആനയിറങ്കൽ ഡാമിൽ ബോട്ടിംഗ് പുനരാരംഭിക്കണം. കല്ലാർ ഡാമിൽ ചെളിയും എക്കലും ഡ്രെഡ്ജ് ചെയ്യാൻ നടപടിയുണ്ടാകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.  

വാഗമണിൽ പുതിയ സെക്ഷൻ ഓഫീസ് ആരംഭിക്കണമെന്ന് സിറിയക് തോമസ് എംഎൽഎ ആവശ്യപ്പെട്ടു.കട്ടപ്പന നഗരസഭാ ചെയർമാൻ ജോയ് വെട്ടിക്കുഴി, തൊടുപുഴ നഗരസഭാ ചെയർപേഴ്സൺ സാബിറ ജലീൽ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജനറേഷൻ ഇലക്ട്രിക്കൽ ആൻഡ് സിവിൽ വിഭാഗം ഡയറക്ടർ രാജൻ എം.പി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags