ആനത്താരകൾ പുനഃസ്ഥാപിക്കലാണ് മനുഷ്യ-വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം: മന്ത്രി ഷിബു ബേബി ജോൺ
തൃശ്ശൂർ : വനസംരക്ഷണത്തിനും പരിസ്ഥിതി സൗഹൃദ വികസനത്തിനും മുൻഗണന നൽകുന്നതിനും വനാതിർത്തികളിൽ അധിവസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് സംസ്ഥാന സർക്കാർ പ്രാധാന്യം നൽകുന്നതെന്ന് വനം-വന്യജീവി, നൈപുണ്യ വികസന വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. അതിരപ്പള്ളി വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശന കവാട സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുക ആയിരുന്നു മന്ത്രി.
വനാതിർത്തിയിൽ താമസിക്കുന്ന ജനങ്ങളുടെ ആവശ്യങ്ങളോട് അനുഭാവപൂർവ്വം പ്രതികരിക്കുന്ന രീതിയിൽ വനം വകുപ്പിനെ മാറ്റുകയാണ് ലക്ഷ്യം.
അതിരപ്പിള്ളി മേഖലയിൽ ജനവാസകേന്ദ്രങ്ങളിൽ ഭീതി സൃഷ്ടിച്ച 18 കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്തുന്നതിനായി കഴിഞ്ഞ രണ്ടര മാസമായി 100-ലധികം ഒരു സംഘം ജീവൻ പണയം വെച്ചാണ് സ്പെഷ്യൽ ഡ്രൈവ് നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ഈ അധ്വാനത്തെ കാണാതെയുള്ള വിമർശനങ്ങൾ മനോവീര്യം തകർക്കുമെന്നും മന്ത്രി പറഞ്ഞു.
ജനവാസമേഖലയിൽ ഇറങ്ങുന്ന കാട്ടാനകൾ കുടിവെള്ളത്തിനായി സഞ്ചരിക്കുന്ന പരമ്പരാഗത ആനത്താരകൾ അടച്ചുകെട്ടിയതാണ് പ്രശ്നം സങ്കീർണ്ണമാക്കുന്നത്. ഇത്തരം ആനത്താരകൾ പുനഃസ്ഥാപിക്കുകയാണ് മനുഷ്യ-വന്യജീവി സംഘർഷങ്ങൾക്കുള്ള ശാശ്വത പരിഹാരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അനിയന്ത്രിതമായ ടൂറിസം പരിസ്ഥിതിക്ക് ദോഷകരമായി ബാധിക്കുമെന്നും മന്ത്രി ഓർമിപ്പിച്ചു . തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും ജനങ്ങളും സഹകരിച്ച് 'ഉത്തരവാദിത്ത ടൂറിസം' നടപ്പിലാക്കണം. കേരളത്തിന്റെ സവിശേഷമായ ജൈവവൈവിധ്യം ലോകത്തിനു മുന്നിൽ തുറന്നുകാട്ടുന്നതോടൊപ്പം പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതികളാണ് സർക്കാർ നടപ്പിലാക്കിവരുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ചാലക്കുടി എം.എൽ.എ. സനീഷ് കുമാർ ജോസഫിന്റെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് പ്രവേശന കവാട സമുച്ചയം നിർമിച്ചത്. കൂടാതെ, വാഴച്ചാൽ വനവികസന ഏജൻസിയുടെ ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ അതിരപ്പള്ളി വനശ്രീ ഇക്കോ ഷോപ്പിന്റെ ഉദ്ഘാടനവും നവീകരിച്ച വാഴച്ചാൽ വനശ്രീ ഇക്കോ ഷോപ്പിന്റെ സമർപ്പണവും മന്ത്രി നിർവ്വഹിച്ചു.
.jpg)

