യുവതലമുറയെ ആകര്‍ഷിക്കാന്‍ ഗ്രന്ഥശാലകള്‍ക്ക് കഴിയണം: മന്ത്രി സജി ചെറിയാന്‍

Libraries should be able to attract the younger generation: Minister Saji Cherian
Libraries should be able to attract the younger generation: Minister Saji Cherian

പത്തനംതിട്ട :  മാറുന്ന കാലത്തിന് അനുസരിച്ച് യുവതലമുറയെ ആകര്‍ഷിക്കാന്‍ ഗ്രന്ഥശാലകള്‍ക്ക് കഴിയണമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായന പക്ഷാചരണത്തിന്റെ സമാപന സമ്മേളനം പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.  ഡിജിറ്റല്‍ യുഗത്തില്‍ വായനശാലകളുടെ പ്രാധാന്യം കുറയുന്നില്ല. വ്യാജ വാര്‍ത്ത മനസിലാക്കാന്‍ വായനയിലൂടെയുള്ള അറിവ് സഹായിക്കും. വ്യക്തിപരമായ വളര്‍ച്ചയ്ക്ക് വായന ആവശ്യമാണ്. വസ്തുതപരമായ കാര്യങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്താന്‍ ഗ്രന്ഥശാലയ്ക്കാകണം. മതസ്പര്‍ധ, വിദ്വേഷം, അനാചാരം, അന്ധവിശ്വാസം തുടങ്ങിയവ സമൂഹത്തില്‍ പടര്‍ത്താന്‍ ബോധപൂര്‍വ ശ്രമമുണ്ട്. ഇതിനെതിരെ ചെറുത്ത് നില്‍ക്കാന്‍ ഗ്രന്ഥശാലകള്‍ പോലുള്ള പ്രസ്ഥാനങ്ങള്‍ക്കാകും. ജനങ്ങളെ വായനയിലൂടെ പ്രബുദ്ധരാക്കണം. 'ജാനകി' എന്ന സിനിമ പേര് പോലും അംഗീകരിക്കാന്‍ ഭരണകൂടം തയ്യാറാകുന്നില്ല. കുട്ടികളിലെ മാനസിക- ശാരീരിക വളര്‍ച്ചയ്ക്ക് നടപ്പാക്കിയ സുംബ ഡാന്‍സിനെ പോലും ചിലര്‍ വിമര്‍ശിക്കുന്നു. എന്നാല്‍ കേരളമായത് കൊണ്ടും ഇതൊന്നും വിലപോകുന്നില്ല. എങ്കിലും ഇതെല്ലാം ചര്‍ച്ച ചെയ്യാന്‍ സമൂഹം തയ്യാറാകണം.

tRootC1469263">

സംസ്ഥാനത്തെ സാംസ്‌കാരിക രംഗത്ത് ലൈബ്രറി കൗണ്‍സില്‍ ചെലുത്തിയ സ്വാധീനം വിലമതിക്കാനാകാത്തതാണെന്ന് മന്ത്രി പറഞ്ഞു. ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ മഹനീയ നേതാക്കളായ പി എന്‍ പണിക്കരും ഐ വി ദാസും സമൂഹത്തെ നിരക്ഷരതയുടെ ഇരുളില്‍ നിന്ന് അറിവിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയര്‍ത്തി. സാധാരണക്കാര്‍ക്ക് അറിവേകാന്‍ ഗ്രാമങ്ങളില്‍ ഗ്രന്ഥാശാലകള്‍ സ്ഥാപിച്ചു. സാംസ്‌കാരിക വളര്‍ച്ച ഉറപ്പാക്കി. സാക്ഷരതയുള്ള പ്രബുദ്ധ സമൂഹത്തെ പുരോഗമനപരമായ മാറ്റത്തിലൂടെ വളര്‍ത്തിയെടുത്തു. കേരളത്തില്‍ വലിയ വായനാ സമൂഹം സൃഷ്ടിച്ചു. ഓരോ വ്യക്തിയേയും അറിവിന്റെ ലോകത്ത് എത്തിച്ചു.

ഫിഷറീസ് വകുപ്പിന്റെ 'പ്രതിഭാതീരം' പദ്ധതി കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. തീരദേശത്തെ വായനശാലകളില്‍ അത്യാധുനിക സൗകര്യങ്ങള്‍ ഉറപ്പാക്കി മല്‍സ്യത്തൊഴിലാളികളുടെ മക്കളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.സ്‌കൂള്‍ പ്രവേശനോത്സവ ഗാനം രചിച്ച ഭദ്ര ഹരിയെ ചടങ്ങില്‍ അനുമോദിച്ചു. സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍  പ്രസിഡന്റ് ഡോ. കെ. വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി. പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സന്‍ അഡ്വ. റ്റി. സക്കീര്‍ ഹുസൈന്‍, സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ പി ജയന്‍, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജി കൃഷ്ണകുമാര്‍, പുരോഗമനകലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി അഡ്വ. സുധീഷ് വെണ്‍പാല, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി ജി ആനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.
 

Tags