ജനക്ഷേമകരമായ പദ്ധതികള്‍ മികച്ച നിലയില്‍ പ്രാവര്‍ത്തികമാക്കണം: മന്ത്രി റോഷി അഗസ്റ്റിന്‍

Minister Roshy Augustine
Minister Roshy Augustine

ഇടുക്കി : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന  ജനക്ഷേമകരമായ പദ്ധതികള്‍ മികച്ച നിലയില്‍ പ്രാവര്‍ത്തികമാക്കണമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. ഇടുക്കി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സഫലമീ യാത്ര പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പദ്ധതിയിലൂടെ ഗുണഭോക്താക്കള്‍ക്ക് തങ്ങള്‍ ഒറ്റക്കാണെന്ന ബോധ്യം മാറ്റിയെടുക്കുവാനും ഇത് പ്രയോജനപ്പെടുത്തി ജീവിതസാഹചര്യം മെച്ചപ്പെടുത്തുവാനും സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ ആസ്ഥാനവികസനത്തിന് ജില്ലാ പഞ്ചായത്ത് വഹിക്കുന്ന പങ്ക് ചെറുതല്ല. ഇനിയും ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങളും പദ്ധതികളും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്താന്‍ സാധിക്കട്ടെ എന്നും മന്ത്രി ആശംസിച്ചു. ഗുണഭോക്താക്കള്‍ക്ക് വാഹനത്തിന്റെ രേഖകളും ഹെല്‍മറ്റും ഉള്‍പ്പെടെയുള്ളവ കൈമാറിയാണ് മന്ത്രി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

tRootC1469263">

പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ഷംനാദ് വി. എ. പദ്ധതി വിശദീകരണം നടത്തി. 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ജില്ലാ പഞ്ചായത്ത് സഫലമീ യാത്ര പദ്ധതി നടപ്പാക്കിയത്. ചലനശേഷിയെ ബാധിച്ചിട്ടുള്ള ഭിന്നശേഷിക്കാര്‍ക്കാണ്  സൈഡ് വീലോടു കൂടിയ സ്‌കൂട്ടര്‍ ലഭ്യമാക്കിയത്. ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് ലഭിച്ച ഗുണഭോക്തൃ പട്ടികയുടെ അടിസ്ഥാനത്തില്‍ 37 പേര്‍ക്ക് വാഹനം വിതരണം ചെയ്തു. ഗ്രാമസഭ വഴി ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് അതില്‍ നിന്നും തിരഞ്ഞെടുത്തവര്‍ക്ക് വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി എല്ലാ രേഖകളും ഉള്‍പ്പെടെയാണ് വാഹനം കൈമാറിയത്. 42 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു വാഹനത്തിന് 113500 രൂപയാണ് വിനിയോഗിച്ചത്.

ജില്ലാ പഞ്ചായത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.ജി. സത്യന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ  സി രാജേന്ദ്രന്‍, ഷൈനി സജി,  ജില്ലാ പഞ്ചായത്ത് സെക്രട്ടറി സജീവ് പി. കെ, തദ്ദേശ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ. സെന്‍കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Tags