പൊതുവിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റേത് അഭിമാനകരമായ വളര്‍ച്ച: മന്ത്രി റോഷി അഗസ്റ്റിന്‍

Kerala's proud growth in the field of public education: Minister Roshi Augustine
Kerala's proud growth in the field of public education: Minister Roshi Augustine

ഇടുക്കി : പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നേടിയത് അസൂയാവഹവും അഭിമാനകരവുമായ നേട്ടമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് യു.പി സ്‌കൂളില്‍ ജില്ലാതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 5000 കോടി രൂപയാണ് സ്‌കൂളുകള്‍ നവീകരിക്കുന്നതിനായി സര്‍ക്കാര്‍ ചെലവഴിച്ചത്. വിവിധ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കായി അഞ്ച് കോടി, രണ്ടു കോടി, ഒരു കോടി എന്നിങ്ങനെ തുക മുടക്കി നവീകരിച്ച് ഹൈടെക്ക് ക്ലാസ് റൂമുകള്‍ സജ്ജമാക്കി. സുരക്ഷിതവും ആനന്ദകരവുമായ വിദ്യാഭ്യാസമാണ് കുട്ടികള്‍ക്ക് പ്രദാനം ചെയ്യുന്നത്. കമ്പ്യൂട്ടര്‍ പഠനവും എ. ഐ അധിഷ്ഠിത വിദ്യാഭ്യാസവും വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പകര്‍ന്നു നല്‍കുന്ന മാതൃകാപരമായ വിദ്യാഭ്യാസ ശൈലിയാണ് കേരളം പിന്തുടരുന്നതെന്നും മന്ത്രി പറഞ്ഞു. 

tRootC1469263">

ഉന്നത വിദ്യാഭ്യാസരംഗത്തും മികച്ച വളര്‍ച്ചയാണ് കേരളം കൈവരിച്ചത്. രാജ്യത്തെ 100 മികച്ച കോളേജുകളില്‍ 16 എണ്ണം കേരളത്തിലാണ്. 200 മികച്ച കോളേജുകളില്‍ 46 എണ്ണം സംസ്ഥാനത്തെ കലാലയങ്ങളാണ്. ഇന്ത്യയിലാദ്യമായി ഡിജിറ്റല്‍ സര്‍വകലാശാലയും സയന്‍സ് പാര്‍ക്കും സ്ഥാപിച്ചത് കേരളമാണെന്ന് മന്ത്രി പറഞ്ഞു. ലഹരിക്കേസുകള്‍ ആശങ്കയുളവാക്കുന്നുണ്ടെങ്കിലും ലഹരി വ്യാപനത്തിനെതിരെ പോലീസ് ജാഗ്രത പാലിക്കുന്നുണ്ട്. ലഹരിക്കെതിരെ ജില്ലാ പോലീസ് നടപ്പാക്കുന്ന ക്യാമ്പസ് ബീറ്റ്‌സ് പദ്ധതി പ്രകാരം ജില്ലയിലെ എല്ലാ സ്‌കൂളുകളും കേന്ദ്രീകരിച്ച് എ.എസ്.പിയുടെ കീഴില്‍ സബ്ഡിവിഷന്‍ തലത്തില്‍ ഡി.വൈ.എസ്പിമാര്‍ക്ക് ചുമതല നല്‍കി കൃത്യമായ നിരീക്ഷണമുണ്ടാകും. ഒരു സ്‌കൂളിന് ഒരു സിവില്‍ പോലീസ് ഓഫീസര്‍ ചുമതല വഹിക്കും. ഈ പോലീസ് ഓഫീസര്‍ രക്ഷകര്‍ത്താക്കള്‍ അദ്ധ്യാപകര്‍ എന്നിവരുമായി നിരന്തരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കും. അത്തരത്തില്‍ കൃത്യമായ നിരീക്ഷണത്തിലായിരിക്കും സ്‌കൂളുകള്‍ എന്നും മന്ത്രി പറഞ്ഞു. 

സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളില്‍ കളി ഒരു ലഹരി പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നതിന്റെ ഓണ്‍ലൈന്‍ സംപ്രേഷണവും സ്‌കൂളില്‍ ഒരുക്കിയിരുന്നു.ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരെ ജില്ലാ പോലീസ് നടപ്പാക്കുന്ന ക്യാമ്പസ് ബീറ്റ്‌സ് പദ്ധതിയുടെ വിശദീകരണവും ലഹരി വിരുദ്ധ സന്ദേശവും പ്രതിജ്ഞ ചൊല്ലി കൊടുക്കലും ഇടുക്കി ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് നിര്‍വഹിച്ചു. തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. ദീപക് പഠനോപകരണ വിതരണം നടത്തി. 

വാര്‍ഡ് കൗണ്‍സിലര്‍ ജോസ് മഠത്തില്‍, സമഗ്രശിക്ഷ കേരള ജില്ലാ പ്രൊജക്ട് കോ-ഓഡിനേറ്റര്‍ എ.എം ഷാജഹാന്‍, ഡയറ്റ് പ്രിന്‍സിപ്പാള്‍ ജി.പി. ഗോപകുമാര്‍, തൊടുപുഴ ഡി.ഇ.ഒ ഷീബ മുഹമ്മദ്, തൊടുപുഴ എ.ഇ.ഒ കെ. ബിന്ദു, സ്‌കൂള്‍ മാനേജര്‍ ഫാ. ജോസ് പൊതൂര്‍, പി.ടി.എ പ്രസിഡന്റ് എം. റോയി തോമസ്, പി.ടി.എ പ്രസിഡന്റ് ഡിംപിള്‍ വിനോദ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.സി. ഗീത, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷിന്റോ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Tags