പട്ടയം നൽകുന്നതിൽ ഇടുക്കി ജില്ലയ്ക്ക് സർക്കാർ പ്രത്യേക പരിഗണന നൽകി: മന്ത്രി റോഷി അഗസ്റ്റിൻ
ഇടുക്കി : സങ്കീർണ്ണമായ വിവിധ ഭൂമി പ്രശ്‌നങ്ങൾ നിലനിൽക്കുന്ന ജില്ല എന്ന നിലയിൽ പ്രത്യേക പരിഗണന നല്കി നിയമാനുസൃതമായ ഭൂമി പതിവ് നടപടികളാണ് ജില്ലയിൽ നടത്തുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ചെറുതോണി പഞ്ചായത്ത് ടൗൺഹാളിൽ സംഘടിപ്പിച്ച ജില്ലാതല പട്ടയമേളയിൽ പട്ടയ വിതരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന പ്രഖ്യാപിത ലക്ഷ്യവുമായി സംസ്ഥാനത്തെ എല്ലാ ഭൂരഹിതരേയും കണ്ടെത്തി ഭൂമിയുടെ ഉടമകളാക്കി ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിലേക്ക് സംസ്ഥാന സർക്കാർ അതിവേഗം നീങ്ങുകയാണ്.
ഭൂപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാന സർക്കാർ പട്ടയ മിഷൻ പ്രഖ്യാപിച്ചിട്ടുള്ളതും പട്ടയ മിഷന്റെ ഭാഗമായി പട്ടയ അസംബ്ലികൾ ചേർന്ന് ഓരോ മണ്ഡലത്തിലേയും ഭൂരഹിതരെ കണ്ടെത്തുന്നതിന് പ്രത്യേക പരിഗണന നൽകി അവരുടെ പട്ടയ പ്രശ്‌നങ്ങൾ പരിഹരിച്ചു വരികയാണ്. കാലങ്ങളായി തടസ്സപ്പെട്ടുകിടന്ന മാങ്കുളം മിച്ചഭൂമി വിതരണത്തിലെ സാങ്കേതിക തടസങ്ങൾ പരിഹരിച്ച് പട്ടയ വിതരണത്തിന്റെ അടുത്ത ഘട്ടം ഈ മേളയിൽ ആരംഭിക്കുകയാണ്. നാളുകളായി പട്ടയം ലഭിക്കാതെയിരുന്ന ചിന്നക്കനാൽ വില്ലേജിലെ മുത്തമ്മ ഉന്നതിയിലെ 238 കുടുംബങ്ങൾക്ക് പട്ടയം അനുവദിക്കുന്നതിലെ തടസ്സം പരിഹരിച്ച് ഈ പട്ടയമേളയിൽ പട്ടയം വിതരണം ചെയ്യുകയാണ്. ചെറുതോണി ഗാന്ധിനഗർ ഉന്നതിയിലെ കൈവശക്കാർക്ക് പട്ടയം അനുവദിക്കുന്നതിന് തുടർ നടപടികൾ സ്വീകരിച്ചിട്ടുള്ളതും പതിവ് നടപടിക്രമങ്ങൾ പുരോഗമിച്ചു വരികയുമാണ്. കട്ടപ്പന ടൗൺഷിപ്പിലെ കൈവശക്കാർക്ക് പട്ടയം അനുവദിക്കുന്ന വിഷയത്തിൽ ഫീൽഡ് സർവ്വേ നടപടികൾ പൂർത്തീകരിച്ചിട്ടുള്ളതും നിലവിൽ പട്ടയ നടപടികൾ സ്വീകരിക്കുന്നതിനായി അപേക്ഷകൾ സ്വീകരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കാലങ്ങളായി പട്ടയവിഷയത്തിൽ തീരുമാനമാകാതെ കിടന്ന ചെങ്കുളം ഡാം പദ്ധതി പ്രദേശം, കല്ലാർകുട്ടി ഡാം 7 ചെയിൻ എന്നീ പദ്ധതി പ്രദേശങ്ങളിലെ പട്ടയ വിഷയം സർക്കാർ പരിഗണിച്ചിട്ടുള്ളതാണ്.
ജലവൈദ്യുത പദ്ധതി പ്രദേശങ്ങളിലെ 3 ചെയിൻ പ്രദേശത്ത് പതിവ് അനുവദിക്കുന്ന വിഷയം സർക്കാർ പരിഗണിച്ചു വരികയാണ്. കാഞ്ചിയാർ തേക്ക് പ്ലാന്റേഷൻ, കാഞ്ചിയാർ പാറപുറംപോക്ക്, കുണ്ടള സാന്തോസ് ഉന്നതി, തുടങ്ങിയ പട്ടയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സംസ്ഥാന തല പട്ടയം മിഷന്റെ ഭാഗമായി കൈവശങ്ങളുടെ സർവേ നടപടികൾ പൂർത്തീകരിച്ച് പട്ടയം അനുവദിക്കുന്നതിന് സർക്കാരിന് ശുപാർശ സമർപ്പിച്ചിട്ടുണ്ട്. അത് സർക്കാരിന്റെ പരിഗണനയിലാണ്. ചിന്നക്കനാൽ വില്ലേജിൽ തടസ്സപ്പെട്ട് കിടന്ന ഭൂമി പതിവ് നടപടികൾ പുനരാരംഭിച്ചു. ആദ്യഘട്ടമായി വീട് വച്ച് താമസിച്ചുവരുന്ന തദ്ദേശീയരായ കൈവശക്കാർക്ക് മുൻഗണന നൽകുന്നതിന് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കാലങ്ങളായി പട്ടയം അനുവദിക്കുന്നത് തടസ്സപ്പെട്ടുകിടന്ന പൊൻമുടി ഡാമിന്റെ 10 ചെയിന് പുറത്തുള്ള കൈവശക്കാർക്ക് പട്ടയം മിഷന്റെ ഭാഗമായി പട്ടയം അനുവദിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി ഈ പ്രദേശത്തെ കൈവശക്കാരുടെ ഭൂമി സർവ്വേ പൂർത്തീകരിച്ചു രേഖകൾ തയ്യാറാക്കിയിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് നടപടികൾ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
ജില്ലാ തല പട്ടയമേളകളുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ അധ്യക്ഷത വഹിച്ചു.
ചെറുതോണിയിൽ നടന്ന ചടങ്ങിൽ എം.എൽ.എമാരായ എം.എം. മണി, അഡ്വ. എ. രാജ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, സബ് കളക്ടർ അനൂപ് ഗാർഗ്, എ.ഡി.എം ഷൈജു പി. ജേക്കബ്, ഡെപ്യൂട്ടി കളക്ടർ അതുൽ സ്വാമിനാഥ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ടി. ഇ നൗഷാദ്, സിജി ചാക്കോ, രാഷ്ട്രീയ സാമൂഹ്യനേതാക്കളായ സിവി വർഗീസ്, സലിംകുമാർ, ജോസ് പാലത്തിനാൽ,അനിൽ കൂവപ്ലാക്കൽ,രാരിച്ചൻ നീറണാംകുന്നേൽ, രതീഷ് അത്തിപ്പള്ളി, എംകെ പ്രിയൻ, ജോസ് കുഴികണ്ടം,, തുടങ്ങി രാഷ്ട്രീയ - സാംസ്‌കാരിക - സാമൂഹ്യ രംഗത്തെ നേതാക്കൾ പങ്കെടുത്തു.
.jpg)


