കാര്‍ഷിക മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിനായി: മന്ത്രി റോഷി അഗസ്റ്റിന്‍

Government committed to finding a solution to the crisis in the agricultural sector: Minister Roshi Augustine

 പാലക്കാട് :  ജലസേചന സൗകര്യങ്ങളുടെ അഭാവം മൂലം കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. വാളയാര്‍ ജലസേചന പദ്ധതി കനാലുകളുടെ നവീകരണ പ്രവൃത്തികളുടെ പൂര്‍ത്തീകരണ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിയുടെ വിളവ് വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ ജലസേചനം അനിവാര്യമാണ്. അതിനാല്‍ കൃഷി വകുപ്പുമായി സഹകരിച്ച് മൈക്രോ ഇറിഗേഷന്‍ പദ്ധതികള്‍ നടപ്പിലാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു. നെല്ലിനൊപ്പം ജാതി, ഗ്രാമ്പൂ, ഏലം, പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവയുടെ കൃഷിക്ക് പ്രയോജനപ്പെടുന്ന തരത്തിലുള്ള പദ്ധതികള്‍ക്ക് ആവശ്യകതയേറിവരുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

  എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ ചന്തപേട്ടയില്‍ നടന്ന പരിപാടിയില്‍ എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.പദ്ധതിയില്‍ വാളയാര്‍ പുഴയുടെ 8.50 കിലോമീറ്ററിനുള്ളിലുള്ള നെട്ടു അയ്യര്‍, വടശ്ശേരി, കൗണ്ടന്‍, നെല്ലിശ്ശേരി എന്നീ അണക്കെട്ടുകളില്‍ നിന്നുമുള്ള ജലസേചനവും, കൂടാതെ പുഴയുടെ 3.5 കിലോമീറ്ററില്‍ നിന്നും തുടങ്ങുന്ന മെയിന്‍ കനാല്‍ 12.360 കിലോമീറ്റര്‍ നീളത്തിലും മൂന്ന് ബ്രാഞ്ച് കനാലുകളും 15 ഡിസ്ട്രിബ്യൂട്ടറുകളും 87 ഫീല്‍ഡ് ചാനലുകളും ഉള്‍പ്പെടുന്നു. 16 കോടി രൂപ അടങ്കല്‍ തുകയാണ് കനാല്‍ നവീകരണ പ്രവൃത്തികളുടെ പദ്ധതി പൂര്‍ത്തീകരണത്തിന് ചെലവായത്.

ഈ തുക ഉപയോഗിച്ച് മെയിന്‍ കനാല്‍ മുഴുവനായും (12.36 കി.മീറ്ററും) കല്ലേപ്പുള്ളി ബ്രാഞ്ച് കനാലിന്റെ 1.950 കി. മീറ്റര്‍ നീളവും, മെയിന്‍ കനാലിന്റെയും സൂയിസുകളുടേയും ഷട്ടറുകളും, നാല് പാലങ്ങളുടെ നിര്‍മ്മാണവും നാല് പ്രവൃത്തികളായി പൂര്‍ത്തീകരിച്ചു. ഈ നാല് പ്രവൃത്തികളും 2023 മേയ് മാസം ആരംഭിച്ച് 2025 ജൂണ്‍ 18-ന് പൂര്‍ത്തിയായി.കോഴിക്കോട് ചീഫ് എഞ്ചിനീയര്‍ (പ്രോജക്ട് - 1) സി.എസ് സിനോഷ് പദ്ധതി വിശദീകരിച്ചു. എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രേവതി ബാബു, മരുതറോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന്‍, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പ്രസീത, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.വി പുണ്യകുമാരി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ശരവണകുമാര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍. രാജകുമാരി, എലപ്പുള്ളി കൃഷി ഓഫീസര്‍ ബി.എസ് വിനോദ് കുമാര്‍, ശിരുവാണി പ്രൊജക്ട് സര്‍ക്കിള്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ സി.വി. സുരേഷ് ബാബു, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചപങ്കെടുത്തു.

Tags