മന്ത്രി റോജി എം. ജോണിനെ തടഞ്ഞു: മഹാരാജാസ് കോളജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സനും സസ്‌പെൻഷൻ

Minister Roji M. John blocked: Maharaja's College Union Chairman and Vice Chairperson suspended

കൊച്ചി: എറണാകുളം മഹാരാജാസ് കോളജിൽ ബിരുദദാന ചടങ്ങിനെത്തിയ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെ തടഞ്ഞ് പ്രതിഷേധിച്ച എസ്.എഫ്.ഐ. നേതാക്കൾക്ക് സസ്‌പെൻഷൻ. കോളജ് യൂണിയൻ ചെയർമാൻ പ്രണീൽ രാജ്, വൈസ് ചെയർപേഴ്‌സൺ നഫീസുൾ മിസ്രിയ എന്നിവർക്കെതിരെയാണ് അധികൃതർ നടപടിയെടുത്തത്. ഇന്നു ചേർന്ന കൗൺസിൽ യോഗത്തിലാണ് ഇവരെ 10 ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ തീരുമാനമായത്.

കാലടി സംസ്കൃത സർവകലാശാലയിൽ എസ്.എഫ്.ഐ. പ്രവർത്തകരെ പുറത്താക്കിയതിൽ പ്രതിഷേധിച്ചായിരുന്നു മഹാരാജാസ് കോളജിലെ ബിരുദദാന ചടങ്ങിൽ മന്ത്രി റോജി എം. ജോണിന് നേരെ എസ്.എഫ്.ഐ. പ്രവർത്തകർ പ്ലാക്കാർഡ് ഉയർത്തിയത്. തുടർന്ന് വേദിയിലേക്ക് കയറിയ പ്രവർത്തകർ മന്ത്രിയോട് തർക്കിക്കുകയും ചടങ്ങ് തടസ്സപ്പെടുത്തുകയുമായിരുന്നു.

വേദിയിൽ കയറി അച്ചടക്കലംഘനം നടത്തിയതിനാണ് യൂണിയൻ ഭാരവാഹികൾക്കെതിരെ കോളജ് കൗൺസിൽ നടപടിയെടുത്തത്. അതേസമയം, സസ്‌പെൻഷൻ തീരുമാനത്തിനെതിരെ ക്യാംപസിൽ എസ്.എഫ്.ഐ. ശക്തമായ പ്രതിഷേധ പ്രകടനം നടത്തി. നടപടി നേരിട്ടെങ്കിലും പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും നാളെയും ക്യാംപസിൽ പ്രതിഷേധം തുടരുമെന്നും എസ്.എഫ്.ഐ. നേതാക്കൾ വ്യക്തമാക്കി. വൈസ് ചെയർപേഴ്‌സണെതിരായ സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Tags