ടൂറിസം മേഖലയിലേക്ക് കടന്നുവരുന്നവരെ പ്രോത്സാഹിപ്പിക്കുന്ന കര്‍മ്മപദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും: മന്ത്രി റിയാസ്

The government will move forward with an action plan to encourage those entering the tourism sector: Minister Riyaz
The government will move forward with an action plan to encourage those entering the tourism sector: Minister Riyaz


തിരുവനന്തപുരം: ടൂറിസം രംഗത്തേക്ക് കടന്നുവരുന്നവര്‍ക്ക് പ്രോത്സാഹനം നല്‍കി മേഖലയില്‍ ഉറപ്പിച്ചുനിര്‍ത്തുകയെന്നതാണ് സര്‍ക്കാര്‍ നയമെന്നും അതിനായുള്ള കര്‍മ്മപദ്ധതിയുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജെന്‍ഡര്‍ ഇന്‍ക്ലുസിവ് ആന്‍ഡ് വിമന്‍ ഫ്രണ്ട്ലി ടൂറിസം പോളിസി എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല കണ്‍സള്‍ട്ടേഷന്‍ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

tRootC1469263">

സംസ്ഥാന ടൂറിസം വകുപ്പ് കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി, യുഎന്‍ വിമന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ശില്‍പ്പശാല സംഘടിപ്പിച്ചത്.ജെന്‍ഡര്‍ ഇന്‍ക്ലൂസിവ് ആന്‍ഡ് വിമന്‍ ഫ്രണ്ട്ലി നയം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതായി മാറണമെന്ന് മന്ത്രി പറഞ്ഞു. ടൂറിസം രംഗത്ത് ജെന്‍ഡര്‍ ഓഡിറ്റ് ആദ്യം നടപ്പാക്കിയ സംസ്ഥാനം കേരളമാണ്. നിലവില്‍ ആറ് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ജെന്‍ഡര്‍ ഓഡിറ്റ് നടത്തി. ഈ സാമ്പത്തിക വര്‍ഷം പുതിയതായി 14 കേന്ദ്രങ്ങളില്‍ കൂടി നടക്കും. ഇതിനു പുറമേ 68 കേന്ദ്രങ്ങളില്‍ സേഫ്റ്റി ഓഡിറ്റ് പൂര്‍ത്തിയാക്കി. സേഫ്റ്റി ഓഡിറ്റ് പൂര്‍ത്തിയാക്കിയവയെ സ്ത്രീസൗഹൃദ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പദ്ധതി കൂടുതല്‍ ശക്തമാക്കുന്നതിനായുള്ള സര്‍ക്കാര്‍ അനുമതി ലഭ്യമാക്കി. വനിതകളുടെ വിവിധ സംരംഭങ്ങള്‍ക്ക് ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ സബ്സിഡി നല്‍കുന്ന പദ്ധതിക്ക് രൂപം നല്‍കുകയും അതിന് ആവശ്യമായ ഫണ്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. വനിതാ സൗഹൃദ ടൂറിസം പദ്ധതിക്ക് വലിയ പ്രചാരമാണ് ലഭിച്ചത്. 2022 ല്‍ പദ്ധതി ആരംഭിച്ചതിനു ശേഷം 17,361 സ്ത്രീകളാണ് ഈ രംഗത്തേക്ക് കടന്നുവന്നത്. സ്ത്രീസൗഹാര്‍ദ വിനോദസഞ്ചാര പദ്ധതി ടൂറിസം മേഖല നേരിടുന്ന വെല്ലുവിളികളെയും പ്രതിസന്ധികളെയും മിറകടക്കാന്‍ സഹായിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

കോവിഡിന് ശേഷം ആഭ്യന്തര, വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ കേരളം വലിയ കുതിപ്പ് നേടി. വിദേശ സഞ്ചാരികളുടെ ശരാശരിയില്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണ് കേരളം. വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ മൂന്നാറില്‍ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ചെയര്‍മാന്‍ എസ്.കെ സജീഷ് അധ്യക്ഷനായിരുന്നു.

കേരളം നിരവധി കാര്യങ്ങള്‍ക്ക് രാജ്യത്തിന് മാതൃകയാണെന്നും സംസ്ഥാനത്തെ ടൂറിസം പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാനാകുന്നത് അഭിമാനകരമാണെന്നും യുഎന്‍ വിമന്‍ ഇന്ത്യ കണ്‍ട്രി റെപ്രസന്‍റേറ്റീവ് കാന്താ സിംഗ് പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം മിഷന് വനിതാ സൗഹൃദ ടൂറിസം പ്രവര്‍ത്തനങ്ങളെ മുന്നോട്ടുനയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കാനാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ സ്ത്രീസൗഹൃദ വിനോദസഞ്ചാര പദ്ധതി ആഗോള മാതൃകയായി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. എല്ലാ സീസണിനും അനുയോജ്യമായ ടൂറിസം കേന്ദ്രമെന്ന നിലയിലുള്ള കേരളത്തിന്‍റെ സ്ഥാനം ഉറപ്പിക്കുന്നതിനൊപ്പം, പ്രാദേശിക സമൂഹങ്ങളെയും സ്ത്രീകളെയും പ്രധാന പങ്കാളികളായി മാറ്റാന്‍ ഉത്തരവാദിത്ത ടൂറിസം സംരംഭത്തിനായെന്നും അവര്‍ വ്യക്തമാക്കി.

സ്ത്രീസൗഹൃദ വിനോദസഞ്ചാര പദ്ധതി നടപ്പിലാക്കിയതിനു ശേഷം കുറേക്കൂടി അനുകൂലമായ അന്തരീക്ഷം സംസ്ഥാനത്തെ ടൂറിസം മേഖലയിലുണ്ടെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗവും ജെന്‍ഡര്‍ പാര്‍ക്ക് ഗവേണിംഗ് ബോഡി അംഗവുമായ മിനി സുകുമാര്‍ അഭിപ്രായപ്പെട്ടു.

ജെന്‍ഡര്‍ ഇന്‍ക്ലുസിവ്, വനിതാ സൗഹൃദ നയം ജീവനക്കാര്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കുമെന്നും വിനോദസഞ്ചാര കേന്ദ്രങ്ങളിലെ എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്നും നയവുമായി ബന്ധപ്പെട്ട അവതരണത്തില്‍ കേരള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ കെ. രൂപേഷ് കുമാര്‍ പറഞ്ഞു. ടൂറിസം വ്യവസായത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം വളര്‍ത്തുക,  സുരക്ഷ ഉറപ്പാക്കുക, സ്ത്രീശാക്തീകരണം എന്നിവ ഈ നയത്തിന്‍റെ പ്രധാന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. ഓരോ ഘടകങ്ങളും നടപ്പിലാക്കുന്നതിനുള്ള കര്‍മ്മ പദ്ധതി നയത്തിലെ പിന്തുണാ രേഖയായി വികസിപ്പിക്കും. ടൂറിസം സംരംഭകര്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ഹോട്ടലുകള്‍, പ്രാദേശിക സമൂഹങ്ങള്‍, വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ തുടങ്ങിയ പങ്കാളികളെ ജെന്‍ഡര്‍ ഇന്‍ക്ലൂസീവ് ടൂറിസം നയത്തില്‍ ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി സെക്രട്ടറി എസ്. സ്വാമിനാഥന്‍, സിജിഎച്ച് എര്‍ത്ത് സ്ഥാപകന്‍ ജോസ് ഡൊമിനിക് എന്നിവരും സംസാരിച്ചു.തുടര്‍ന്ന് നടന്ന പാനല്‍ ചര്‍ച്ചയില്‍ യുഎന്‍ വിമന്‍ ഇന്ത്യ കണ്‍ട്രി പ്രോഗ്രാം മാനേജര്‍ വേദ ഭരദ്വാജ്, യുഎന്‍ വിമന്‍ സംസ്ഥാന കോര്‍ഡിനേറ്റര്‍ ഡോ. പീജ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 

Tags