സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദ്യാർഥികളുടെ ലളിതമായ ആശയങ്ങളെപ്പോലും വിജയകരമായ സംരംഭങ്ങളാക്കി മാറ്റാൻ കഴിയും : മന്ത്രി രമേശ് ചെന്നിത്തല

Advertisement in newspaper for Ramesh Chennithala; KPCC issues show cause notice to DCC General Secretary A Prajin Babu

കോഴിക്കോട് : വിദ്യാർത്ഥികളിൽ സംരംഭകത്വ വാസനകളും തൊഴിൽ നൈപുണ്യവും വളർത്തിയെടുക്കുന്നതിനായി വടകര ലോക്സഭാ മണ്ഡലത്തിൽ ആവിഷ്‌കരിച്ച സ്റ്റാർട്ടപ്പ് ഈ പ്ലസ് പദ്ധതി കൊയിലാണ്ടി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ഷാഫി പറമ്പിൽ എം.പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ പദ്ധതിക്കായി പ്രത്യേകം സജ്ജീകരിച്ച സ്റ്റാർട്ടപ്പ് വാഹനത്തിന്റെ ഫ്ലാഗ് ഓഫും മന്ത്രി നിർവഹിച്ചു. സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദ്യാർഥികളുടെ ലളിതമായ ആശയങ്ങളെപ്പോലും വിജയകരമായ സംരംഭങ്ങളാക്കി മാറ്റാൻ കഴിയുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പഠനത്തോടൊപ്പം കഠിനാധ്വാനവും വ്യക്തമായ കാഴ്ചപ്പാടും ഉണ്ടെങ്കിൽ വലിയ നേട്ടങ്ങൾ കൈവരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അഞ്ച് ഘട്ടങ്ങളിലായാണ് വിപുലമായ സംരംഭകത്വ പ്രോത്സാഹന പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ വടകര ലോക്‌സഭാ മണ്ഡലത്തിലെ മുഴുവൻ സ്‌കൂളുകളിലും കോളേജുകളിലും സ്റ്റാർട്ടപ്പ് ക്ലബ്ബുകൾ രൂപീകരിക്കുകയും തുടർന്ന് പ്രവർത്തനം കേരളത്തിലെ പ്രധാന കോളേജുകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും. ഇതിന്റെ ഭാഗമായി സജ്ജീകരിച്ച സ്റ്റാർട്ടപ്പ് വാഹനം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിച്ച് വിദ്യാർഥികളുടെ പുതിയ ആശയങ്ങൾ സ്വീകരിക്കുകയും പ്രചോദനാത്മക സെഷനുകളും കരിയർ ക്ലാസുകളും സംഘടിപ്പിക്കുകയും ചെയ്യും.

തുടർന്നുള്ള ഘട്ടങ്ങളിൽ വിദ്യാർഥികളുടെ ആശയങ്ങൾ ഉൾപ്പെടുത്തി ഐഡിയ ഹാക്കത്തോണും, അവയെ പ്രായോഗിക ബിസിനസ് സംരംഭങ്ങളാക്കി മാറ്റാൻ സഹായിക്കുന്ന സ്റ്റാർട്ടപ്പ് കോൺക്ലേവും സംഘടിപ്പിക്കും. പദ്ധതിയുടെ അഞ്ചാം ഘട്ടത്തിൽ ഐ.ഐ.എം., എൻ.ഐ.ടി., കേരള സ്റ്റാർട്ടപ്പ് മിഷൻ, വ്യവസായ വകുപ്പ് എന്നിവയുടെ പിന്തുണയോടെ നിക്ഷേപകരെ സംരംഭകരുമായി ബന്ധിപ്പിക്കുന്ന ഇൻവെസ്റ്റേഴ്സ് മീറ്റും നടക്കും. ബിസിനസ് രംഗത്തെ വിദഗ്ധരെയും വിജയകരമായ സംരംഭകരെയും പങ്കാളികളാക്കിക്കൊണ്ട് വിദ്യാർഥികൾക്ക് ആവശ്യമായ പിന്തുണയും മാർഗ്ഗനിർദ്ദേശങ്ങളും ഉറപ്പാക്കുകയാണ് പദ്ധിതിയിലൂടെ ലക്ഷ്യമിടുന്നത്.

പുതിയ സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്യുന്നതിനും പദ്ധതിയുടെ ഭാഗമാകുന്നതിനുമായി പ്രത്യേക സ്റ്റാർട്ടപ്പ് ഈ+ പോർട്ടൽ സജ്ജീകരിച്ചിട്ടുണ്ട്. പദ്ധതിയുടെ ലോഗോ നടൻ മമ്മൂട്ടി കഴിഞ്ഞ ദിവസം പ്രകാശനം ചെയ്തിരുന്നു. ചലച്ചിത്ര താരം ബേസിൽ ജോസഫാണ് സംരംഭത്തിന്റെ ബ്രാൻഡ് അംബാസഡർ.

ചടങ്ങിൽ എം.എൽ.എ.മാരായ അഡ്വ. കെ. പ്രവീൺ കുമാർ, ഫാത്തിമ തഹ്ലിയ, കെ.കെ. രമ, കെ.എം. അഭിജിത്ത്, കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ എന്നിവർ സംസാരിച്ചു. റൂറൽ പോലീസ് കമ്മീഷ്ണർ മെറിൻ ജോസഫ് വിദ്യാർഥികൾക്ക് തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ കെ.കെ. സുധാകരൻ, ഹെഡ്മിസ്ട്രസ് ടി. ഷാജിത, പി.ടി.എ. പ്രസിഡന്റ് എ. സജീവ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

Tags