ലഹരി മാഫിയയുടെ വേരറുക്കും വരെ 'ഓപ്പറേഷൻ തൂഫാൻ' തുടരും: മന്ത്രി രമേശ് ചെന്നിത്തല

Advertisement in newspaper for Ramesh Chennithala; KPCC issues show cause notice to DCC General Secretary A Prajin Babu

വയനാട് :സംസ്ഥാനത്ത് ലഹരി മാഫിയയുടെ വേരറുക്കുന്നതു വരെ ഓപ്പറേഷൻ തൂഫാൻ  ശക്തമായി തുടരുമെന്നും ദൗത്യം  വിജയകരമാണെന്നും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മാനന്തവാടിയിൽ 2.7 കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെയും 3.12 കോടി രൂപ അനുവദിച്ച പുതിയ ഫയർ സ്റ്റേഷൻ കെട്ടിടത്തിന്റെയും തറക്കല്ലിടൽ  നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  സംസ്ഥാനത്ത് ഇതുവരെ ഓപ്പറേഷൻ തൂഫാൻ  ദൗത്യത്തിലൂടെ  ഇതുവരെ 15,742 പേരെ അറസ്റ്റ് ചെയ്തതായും 13,500 ലധികം കേസുകൾ രജിസ്റ്റർ ചെയ്തതായും മന്ത്രി അറിയിച്ചു. 

കാപ്പ നിയമ പ്രകാരം 60 പേരെയും കരുതൽ തടങ്കലിലൂടെ 45 ലധികം ആളുകളെയും നിയമത്തിന് മുന്നിൽ കൊണ്ടുവന്നു. കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 200 കോടി രൂപയുടെ ലഹരിമരുന്നുകൾ പിടികൂടി നശിപ്പിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.  ജില്ലയുമായി അതിർത്തി പങ്കിടുന്ന തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ പൊലീസുമായി ചേർന്ന് ലഹരികടത്തിനെതിരെ  ശക്തമായ ജാഗ്രത പുലർത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കേരള പൊലീസ് ഇന്ത്യയിലെ പൊലീസിന് തന്നെ മാതൃകയാണെന്നും ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷ ഉറപ്പാക്കാൻ പൊലീസ് മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.  പൊലീസ്- ഫയർഫോഴ്സ് ഓഫീസുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാർ പൂർണ്ണ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി. കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് മുഖ്യപ്രഭാഷണം നടത്തി.

 ഉഷ വിജയൻ എം.എൽ.എ അധ്യക്ഷയായ പരിപാടിയിൽ ഐ.സി ബാലകൃഷ്‌ണൻ എം.എൽ.എ, മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് പുട്ട വിമലാദിത്യ, കണ്ണൂർ റെയ്ഞ്ച് ഡി.ഐ.ജി കെ. കാർത്തിക്, എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ സുധാകരൻ, ജില്ലാ പൊലീസ് മേധാവി എസ് ദേവമനോഹർ, മേഖല ഫയർ ഓഫീസർ പി. രഞ്ജിത്ത്, മാനന്തവാടി എ.എസ്.പി ബി. കാർത്തിക്, നഗരസഭാംഗം പി.കെ ഹംസ, ജനപ്രതിനിധികൾ, രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

Tags