ഉന്നത വിദ്യാഭ്യാസ മേഖലയിൽ കാസർകോട് ജില്ലയ്ക്ക് നല്‍കുന്നത് മികച്ച പരിഗണന : മന്ത്രി ആര്‍.ബിന്ദു

google news
fd

കാസർഗോഡ് :  ഉന്നത വിദ്യാഭ്യാസത്തിന്റെ വിഷയത്തില്‍ സംസ്ഥാനസര്‍ക്കാര്‍ മികച്ച പരിഗണനയാണ് കാസര്‍കോട് ജില്ലയ്ക്ക് നല്‍കി കൊണ്ടിരിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസം - സാമൂഹ്യനീതി വകുപ്പ് മന്ത്രി ആര്‍.ബിന്ദു. കുമ്പള ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഗ്രൗണ്ട് ഫ്‌ളോറിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഉന്നത വിദ്യാഭ്യാസ മേഖലയുടെ അഭിമാനമാണ് ഐ.എച്ച്ആര്‍.ഡി സ്ഥാപനങ്ങള്‍. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉയര്‍ന്ന പരിഗണനയാണ് കാസര്‍കോട് ജില്ലയ്ക്ക് നല്‍കി കൊണ്ടിരിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗത്തിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാന്‍ ഐ.എച്ച്ആര്‍.ഡിക്ക് സാധിക്കുന്നു. സംസ്ഥാനത്ത് ആകെ 87 സ്ഥാപനങ്ങളാണ് ഐ.എച്ച്ആര്‍.ഡിക്ക് കീഴിലുള്ളത്.  1.60 കോടി രൂപ ചിലവഴിച്ചാണ് ഗ്രൗണ്ട് ഫ്‌ളോര്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഒന്നാം നിലയ്ക്ക് 1.37 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. നവ വൈജ്ഞാനിക സമൂഹമാക്കി മാറ്റുന്നതിനായി മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കികൊണ്ടിരിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും മുഖ്യധാരയിലെത്തിക്കും. വിദ്യാഭ്യാസത്തിന്റെ വിഷയത്തില്‍ കാസര്‍കോടിന് പ്രത്യേക പരിഗണന സര്‍ക്കാര്‍ എപ്പോഴും നല്‍കികൊണ്ടിരിക്കുന്നു. നേരത്തെ നിയമപഠനത്തിനായി അന്യസംസ്ഥാനങ്ങളെ ആശ്രയിച്ച വിദ്യാര്‍ത്ഥികള്‍ ഇന്ന് മഞ്ചേശ്വരത്തെ ലോ കോളേജിലാണ് പഠിക്കാനെത്തുന്നതെന്നും മന്ത്രി ആര്‍.ബിന്ദു പറഞ്ഞു.

എ.കെ.എം.അഷ്‌റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥിയായി.
കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യു.പി.താഹിറ യൂസഫ്, വൈസ് പ്രസിഡണ്ട് നാസര്‍ മൊഗ്രാല്‍, കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗം ജമീല സിദ്ധീഖ്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഷ്‌റഫ് കര്‍ള, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രേമ ഷെട്ടി, കുമ്പള ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷത് നസീമ, കുമ്പള ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എസ്.അനില്‍ കുമാര്‍, എം.പ്രേമവതി, അജയ്, കോളേജ് ഡെവലപ്‌മെന്റ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ രഘുദേവന്‍ മാസ്റ്റര്‍, പി.ടി.എ വൈസ് പ്രസിഡണ്ട് കെ.വിനയ കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളായ വി.വി.രമേശന്‍, രവി പൂജാരി, മുരളീധര യാദവ്, എ.കെ.ആരിഫ്, ജയപ്രകാശ് ഷെട്ടി, സതീഷ് ഷെട്ടി, താജുദ്ദീന്‍ മൊഗ്രാല്‍, അഹമ്മദ് അലി, മുഹമ്മദ് ആനബാഗിലു, കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ പി.സിത്താര തുടങ്ങിയവര്‍ സംസാരിച്ചു.  പൊതു മരാമത്ത് കെട്ടിട വിഭാഗം എക്‌സി.എഞ്ചിനീയര്‍ മുഹമ്മദ് മുനീര്‍ വടക്കുമ്പാടം പ്രൊജക്ട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ ഡോ.പി.സുരേഷ് കുമാര്‍ സ്വാഗതവും പ്രിന്‍സിപ്പാള്‍ കെ.വി.നളിനി നന്ദിയും പറഞ്ഞു.

Tags