ദേശീയപാത നിർമാണ പ്രശ്‌നങ്ങൾ പഠിക്കാൻ ജിയോ ടെക്‌നിക്കൽ വിദഗ്ധരെ നിയോഗിക്കും: മന്ത്രി പി കെ ബഷീർ
സംസ്ഥാനത്തെ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിശോധിക്കാനും ആവശ്യമായ പരിഹാര നടപടികൾ നിർദേശിക്കാനുമായി ജിയോ ടെക്‌നിക്കൽ വിദഗ്ധരെ നിയമിക്കാൻ തീരുമാനിച്ചതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി കെ ബഷീർ അറിയിച്ചു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് അടുത്തിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ പ്രശ്‌നങ്ങളും അതിനെത്തുടർന്ന് ജനങ്ങൾക്കിടയിൽ ഉയർന്ന ആശങ്കകളും പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് മന്ത്രി വ്യക്തമാക്കി.
ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (NHAI) അധികൃതരുമായി തിരുവനന്തപുരത്ത് നടത്തിയ ഉന്നതതല യോഗത്തിലാണ് തീരുമാനം. ദേശീയപാത 66-ന്റെ വിവിധ ഭാഗങ്ങളിലെ സാങ്കേതിക പ്രശ്‌നങ്ങൾ പഠിക്കുന്നതിനായി എട്ട് ജിയോ ടെക്‌നിക്കൽ ഏജൻസികളെ ഇതിനകം നിയമിച്ചതായി എൻ.എച്ച്.എ.ഐ. അധികൃതർ മന്ത്രിയെ അറിയിച്ചു. പ്രൊഫ. ജി വി റാവു (ഐ ഐ ടി ഡൽഹി), ടി കെ സുഭാഷ് (ഐ ഐ ടി പാലക്കാട്) എന്നീ സാങ്കേതിക വിദഗ്ധർ ഈ ഏജൻസികൾ നടത്തുന്ന പരിശോധനകൾക്ക് നേതൃത്വം നൽകുമെന്ന് മന്ത്രി പറഞ്ഞു.
ദേശീയപാത 66-ന്റെ ആകെ 642 കിലോമീറ്റർ ദൂരത്തിൽ 519 കിലോമീറ്റർ (81 ശതമാനം) നിർമാണം പൂർത്തിയായതായി യോഗം വിലയിരുത്തി. ശേഷിക്കുന്ന ജോലികൾ ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കാൻ മന്ത്രി നിർദേശം നൽകി. കേരളത്തിന് കൂടുതൽ ദേശീയപാത പദ്ധതികൾ അനുവദിക്കുന്ന കാര്യം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയുമായി ഉടൻ ചർച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഭൂമിയേറ്റെടുക്കൽ കേസുകളിൽ സമയബന്ധിതമായി തീരുമാനമെടുക്കുന്നതിനായി ഓരോ ജില്ലകളിലെയും ജില്ലാ കളക്ടർമാർ പ്രത്യേക മുഴുവൻസമയ ടീമുകളെ നിയോഗിക്കും.
യോഗത്തിൽ ദേശീയ പാത റീജിയണൽ ഓഫീസർ കേണൽ എ കെ ജാൻപാസ്, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ഡോ. അദീല അബ്ദുള്ള, പൊതുമരാമത്ത് വകുപ്പ് അഡീഷണൽ സെക്രട്ടറി വി ആർ വിനോദ്, ജില്ലാ കളക്ടർമാർ, ദേശീയപാത അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടർമാർ, ചീഫ് എൻജിനീയർ, മറ്റ് ഉന്നതോദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
.jpg)

