ഭരണഘടനാ മൂല്യങ്ങളും മതേതരത്വവും സംരക്ഷിക്കണം: മന്ത്രി പി.കെ. ബഷീര്‍

Minister PK Basheer

80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ഭരണഘടനാ മൂല്യങ്ങളും മതേതരത്വവും മതസൗഹാര്‍ദ്ദവും കാത്തുസൂക്ഷിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീര്‍ ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യദിനം ഒരു ആഘോഷം മാത്രമല്ല, രാജ്യത്തിനായി ജീവന്‍ ത്യജിച്ച സ്വാതന്ത്ര്യസമര സേനാനികളുടെയും ദേശസ്‌നേഹികളുടെയും ത്യാഗങ്ങള്‍ ഓര്‍മിക്കാനുള്ള അവസരം കൂടിയാണെന്ന് മന്ത്രി പറഞ്ഞു.

കര്‍ഷകരും തൊഴിലാളികളും വിദ്യാര്‍ഥികളും അധ്യാപകരും എഴുത്തുകാരും മതപണ്ഡിതരും ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ഒത്തുചേര്‍ന്ന് നടത്തിയ പോരാട്ടങ്ങളിലൂടെയാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയതെന്ന് മന്ത്രി പറഞ്ഞു. ഓഗസ്റ്റ് 15 എന്നത് കലണ്ടറിലെ ഒരു തീയതി മാത്രമല്ല, നിരവധി തലമുറകളുടെ ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും ഓര്‍മപ്പെടുത്തലാണ്.

ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് 'വൈവിധ്യങ്ങളിലെ ഏകത്വം' ആണെന്ന് മന്ത്രി പറഞ്ഞു. വിവിധ മതങ്ങളും ജാതികളും ഭാഷകളും നിലനില്‍ക്കുമ്പോഴും 'ഇന്ത്യക്കാരന്‍' എന്ന ഒരൊറ്റ വികാരത്തില്‍ ജനങ്ങള്‍ ഒന്നിച്ചുനില്‍ക്കുന്നത് ലോകത്തിന് മാതൃകയാണ്. വിദേശഭരണത്തിനെതിരായ പോരാട്ടത്തിലൂടെ നേടിയ സ്വാതന്ത്ര്യത്തെ ശക്തിപ്പെടുത്താന്‍ വര്‍ഗീയതയ്ക്കും വിഭജന മനോഭാവത്തിനുമെതിരെ സമൂഹം ജാഗ്രത പുലര്‍ത്തണം. മനുഷ്യരെ തമ്മിലകറ്റുന്ന പ്രവണതകള്‍ക്കെതിരെ ഭരണഘടനാ മൂല്യങ്ങളും മതേതരത്വവും മതസൗഹാര്‍ദ്ദവും സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും മന്ത്രി വ്യക്തമാക്കി.

സ്വാതന്ത്ര്യാനന്തരം പരിമിതമായ അടിസ്ഥാന സൗകര്യങ്ങളില്‍ നിന്ന് ഇന്ത്യയെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയെടുക്കുന്നതില്‍ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ള ആദ്യകാല ഭരണാധികാരികള്‍ വഹിച്ച പങ്കും മന്ത്രി അനുസ്മരിച്ചു. മലപ്പുറത്തിന്റെ സ്വാതന്ത്ര്യസമര പൈതൃകത്തിനും മതേതര പാരമ്പര്യത്തിനും ശക്തിപകര്‍ന്ന പാണക്കാട് പൂക്കോയ തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍, ഇ.എം.എസ്. നമ്പൂതിരിപ്പാട്, എം.പി. നാരായണ മേനോന്‍ തുടങ്ങിയ മഹാന്മാരുടെ സ്മരണകളും മന്ത്രി ആദരിച്ചു.

ഭാവിതലമുറയുടെ സുരക്ഷയും സ്വപ്നങ്ങളും സംരക്ഷിക്കുന്നതിന് ലഹരിക്കെതിരായ സാമൂഹിക പോരാട്ടം ശക്തിപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ലഹരി വ്യാപനത്തിനെതിരായ 'ഓപ്പറേഷന്‍ തൂഫാന്‍' ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളില്‍ സമൂഹത്തിന്റെ കൂട്ടായ പങ്കാളിത്തം ഉറപ്പാക്കണം. ഓപ്പറേഷന്‍ തൂഫാന്‍ ആരംഭിച്ചതിന് ശേഷം 6500 കേസുകളും 7500 അറസ്റ്റും നടന്നിട്ടുണ്ട്. തൂഫാന്‍ വെറുമൊരു പൊലീസ് നടപടിയല്ലെന്നും യുവതലമുറയ്കാകയുള്ള ഭാവിക്കായുള്ള പോരാട്ടമാണെന്നും മന്ത്രി പറഞ്ഞു. ലഹരിക്കടിമപ്പെട്ടവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള കര്‍മപദ്ധതി സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കും. നാടിന്റെ വികസനവും ജനങ്ങളുടെ ഐക്യവും ഉറപ്പാക്കി കൂടുതല്‍ നീതിയുള്ളതും സമാധാനപരവും പുരോഗമനപരവുമായ ഭാരതം കെട്ടിപ്പടുക്കാന്‍ എല്ലാവരും ഒന്നിച്ച് പ്രതിജ്ഞയെടുക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു. 

സിവില്‍ സ്റ്റേഷനിലെ യുദ്ധ സ്മാരകത്തില്‍ മന്ത്രി പി.കെ. ബഷീര്‍ പുഷ്പചക്രം അര്‍പ്പിച്ചതോടെയാണ് ജില്ലയില്‍ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് എം.എസ്.പി പരേഡ് ഗ്രൗണ്ടിലെത്തിയ മന്ത്രി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ചു. പൊലീസ്, എക്സൈസ്, ഫോറസ്റ്റ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു, എന്‍.സി.സി, എസ്.പി.സി, സകൗട്ട്, ഗൈഡ്സ്, ജൂനിയര്‍ റെഡ്ക്രോസ്സ് എന്നീ വിഭാഗങ്ങളിലായി 36 പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. എം.എസ്.പി. അസിസ്റ്റന്റ് കമാന്‍ഡന്റ് ടി.കെ. മുഹമ്മദ് ബഷീര്‍ പരേഡ് കമാന്‍ഡറായി.   എം.എസ്.പി.ആംഡ് പൊലീസ് ഇന്‍സ്‌പെക്ടര്‍ രമേഷ് ബാബു സെക്കന്‍ഡ് ഇന്‍ കമാന്‍ഡായി. ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍, ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ എന്നിവരും പരേഡിനെ അഭിവാദ്യം ചെയ്തു.

Tags