സിനിമയിലൂടെയും മികവുറ്റ വ്യക്തിത്വവികാസം സാധ്യമാക്കാം: മന്ത്രി പി സി വിഷ്ണുനാഥ്

p c vishnunath

കൊല്ലം : മികവുറ്റ വ്യക്തിത്വവികാസത്തിന് സിനിമകളും സഹായകമെന്ന് സാംസ്‌കാരിക-ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്. സംസ്ഥാന ചലച്ചിത്ര അക്കാദമി, സാംസ്‌കാരിക വകുപ്പ് ഡയറക്ടറേറ്റ്, ശിശുക്ഷേമ സമിതി എന്നിവ  സംയുക്തമായി സംഘടിപ്പിച്ച കുട്ടികൾക്കായുള്ള സിനിമാസ്വാദന ക്യാമ്പ് ആശ്രാമം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ലോകയാഥാർഥ്യങ്ങളും സമകാലികജീവിതവും ശ്രദ്ധേയചലച്ചിത്ര സൃഷ്ടികളിലൂടെ അടുത്തറിയാം. സിനിമാസ്വാദനം പരിശീലിക്കുന്നതിലൂടെ ചലച്ചിത്രപ്രവർത്തകരായി മാറാനുമാകും. വൈദേശികസംസ്‌കാരങ്ങളെ പരിചയപ്പെടാനും സിനിമ അവസരമൊരുക്കുന്നു - മന്ത്രി വ്യക്തമാക്കി.  സത്യജിത് റായിയുടെ ഹ്രസ്വചിത്രം 'ടു-എ ഫിലിം ഫാബിൽ', ഇറാനിയൻ ചിത്രം 'ദ സൈലൻസ്' എന്നിവ പ്രദർശിപ്പിച്ചു. 70 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. അഭിനയം, സംവിധാനം, തിരക്കഥ, ഛായാഗ്രഹണം, എഡിറ്റിംഗ് എന്നിവയുടെ പ്രാഥമിക അറിവുകൾ, ചലച്ചിത്രപ്രവർത്തകരുമായുള്ള മുഖാമുഖം, ക്ലാസിക് ചലച്ചിത്രങ്ങളുടെ പ്രദർശനം, സംഗീതപരിപാടികൾ എന്നിവയാണ് ക്യാമ്പിന്റെ ഭാഗമാകുന്നത്. ചലച്ചിത്ര അഭിനേതാക്കളും സാങ്കേതികപ്രവർത്തകരുമാണ് ക്ലാസുകൾ നയിക്കുന്നത്.

മേയർ എ.കെ ഹഫീസ് അധ്യക്ഷനായി. കൗൺസിലർ കുരുവിള ജോസഫ്, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ  ദിവ്യ എസ് അയ്യർ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി ഷൈൻ ദേവ്, ചലച്ചിത്ര പ്രവർത്തക കുക്കു പരമേശ്വരൻ, ക്യാമ്പ് ഡയറക്ടറും ചലച്ചിത്രനടിയുമായ ജോളി ചിറയത്ത്, ചലച്ചിത്രഅക്കാദമി സെക്രട്ടറി സി.അജോയ് തുടങ്ങിയവർ പങ്കെടുത്തു.

Tags