ഭരണഘടന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കണം: മന്ത്രി പി സി വിഷ്ണുനാഥ്
ഭരണഘടന മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കേണ്ടത് ഏവരുടെയും കടമയും കര്‍ത്തവ്യവുമാണെന്ന് സാംസ്‌കാരിക ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. രാജ്യത്തിന്റെ അവസരസമത്വത്തിനും തുല്യനീതിക്കും വേണ്ടി ഡോക്ടര്‍ ബി ആര്‍ അംബേദ്ക്കര്‍ നല്‍കിയ മഹത്തായ ഭരണഘടന സംരക്ഷിക്കപ്പെടണം. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനത്ത് നടന്ന 80-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തി മുഖ്യസന്ദേശം നല്‍കുകയായിരുന്നു മന്ത്രി.
സ്വാതന്ത്ര്യദിനം ആഘോഷിക്കുക മാത്രമല്ല ഈ കാലയളവില്‍ രാജ്യം ആര്‍ജിച്ച നേട്ടങ്ങളെ അഭിമാനത്തോടുകൂടി ഓര്‍ക്കണം. നമ്മുടെ രാജ്യം എവിടെ നിന്നാണ് തുടങ്ങിയത്, എവിടെയാണ് നില്‍ക്കുന്നത് എന്ന അഭിമാനബോധം ഓരോ ഭാരതീയനും ഉണ്ടാകണം. എന്തിനുവേണ്ടിയാണ് സ്വാതന്ത്ര്യം നേടിയത്, എവിടെ നിന്നാണ് പോരാട്ടങ്ങള്‍ ആരംഭിച്ചത്, എവിടേക്കാണ് ഈ സ്വാതന്ത്ര്യത്തിന്റെ അവകാശങ്ങളെ ഇനി കൊണ്ടുപോകേണ്ടത് തുടങ്ങിയ ചിന്തകളെല്ലാം പങ്കുവയ്ക്കുന്ന നിമിഷം കൂടിയാണിന്ന്. ലോകത്തിന് അതുവരെ പരിചിതമല്ലാതിരുന്ന അഹിംസ എന്ന സമരായുധം ഉപയോഗിച്ചാണ് മഹാത്മാഗാന്ധി സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നല്‍കിയത്. ഗാന്ധിജി, ജവഹര്‍ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍, മൗലാന അബുല്‍ കലാം ആസാദ്, സരോജിനി നായിഡു, ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ്, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയ ലക്ഷക്കണക്കിന് ധീര ദേശസ്‌നേഹികള്‍ ജീവനും ജീവിതവും സമര്‍പ്പിച്ച് സമ്മാനിച്ചതാണ് സ്വാതന്ത്ര്യം.
സ്വാതന്ത്ര്യസമരത്തിന് ജില്ല വഹിച്ച പങ്കും മന്ത്രി അനുസ്മരിച്ചു. മഹാത്മാഗാന്ധി പത്തനംതിട്ട ഇലന്തൂര്‍ സന്ദര്‍ശിച്ചതിന്റെ ഓര്‍മയും നമ്മോടൊപ്പമുണ്ട്. സ്വാതന്ത്ര്യം നല്‍കുന്ന അവകാശങ്ങളോടൊപ്പം നിറവേറ്റേണ്ട കടമകളും ഓര്‍ക്കണം. തുല്യനീതി എല്ലായിടത്തും എത്തി എന്ന് ഉറപ്പിക്കണം. സേനാവിഭാഗങ്ങള്‍, ജനപ്രതിനിധികള്‍, ജനങ്ങള്‍ എല്ലാവരും പ്രളയകാലത്ത് നല്‍കിയ വലിയ പിന്തുണയേയും സേവനത്തെയും മന്ത്രി നന്ദിയോടെ സ്മരിച്ചു.
രാവിലെ 8.50 ന് ജില്ല പൊലിസ് മേധാവി ആര്‍ ആനന്ദും 8.53 ന് ജില്ല കലക്ടര്‍ എ നിസാമുദ്ദീനും വേദിയിലെത്തി അഭിവാദ്യം സ്വീകരിച്ചു. 8.58 ന് മുഖ്യാതിഥി മന്ത്രി പി സി വിഷ്ണുനാഥ് വേദിയിലെത്തി ദേശീയ പതാക ഉയര്‍ത്തി. പരേഡ് പരിശോധിച്ചതിന് ശേഷം പ്ലറ്റൂണുകളുടെ അഭിവാദ്യം മന്ത്രി സ്വീകരിച്ചു. തുടര്‍ന്ന് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. പൊലിസ്, എക്‌സൈസ്, ഫോറസ്റ്റ്, ഫയര്‍ഫോഴ്‌സ്,
എസ്പിസി, എന്‍സിസി, എസ്പിസി ബാന്‍ഡ്, സിവില്‍ ഡിഫന്‍സ്, ജൂനിയര്‍ റെഡ് ക്രോസ്, സ്‌കൗട്ട്, ഗൈഡ്‌സ് എന്നിങ്ങനെ 21 പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. പത്തനംതിട്ട ഡിഎച്ച്ക്യൂ ക്യാമ്പ് റിസര്‍വ് ഇന്‍സ്‌പെക്ടര്‍ കെ എന്‍ ബിജുലാല്‍ ആയിരുന്നു പരേഡ് കമാന്‍ഡര്‍. ക്യാമ്പ് റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ എസ് സന്തോഷ് സെക്കന്‍ഡ് ഇന്‍ കമാന്‍ഡറും.
ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ദേശീയോദ്ഗ്രഥന നൃത്തം, വഞ്ചിപ്പാട്ട്, ദേശഭക്തിഗാനം എന്നിവ അവതരിപ്പിച്ചു.
എംഎല്‍എമാരായ അബിന്‍ വര്‍ക്കി, സി വി ശാന്തകുമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
.jpg)

