സംസ്ഥാനത്തെ 50 ശതമാനം പിഡബ്യൂഡി റോഡുകളും ബി എം ആൻഡ് ബി സി നിലവാരത്തിലാക്കി :മന്ത്രി പി എ മുഹമ്മദ് റിയാസ്

 Minister Muhammad Riyaz
 Minister Muhammad Riyaz

കോഴിക്കോട് : സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിന് കീഴിലെ 50 ശതമാനം റോഡുകളും ബി എം ആൻഡ് ബി സി നിലവാരത്തിൽ ഉയർത്തിയതായി പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. നവീകരിച്ച കടത്തനാടൻകല്ല്-ഞെള്ളോറപ്പള്ളി റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാ റോഡുകളും ഈ നിലവാരത്തിലേക്കുയർത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

tRootC1469263">

സംസ്ഥാനപാത 38 പി യു കെ സി റോഡിൽനിന്ന് ആരംഭിച്ച് അമ്പലക്കുളങ്ങര -വട്ടക്കണ്ടിപാറ റോഡിൽ അവസാനിക്കുന്ന പ്രധാന പാതയാണ് കടത്തനാടൻകല്ല്- ഞെള്ളോറപ്പള്ളി റോഡ്. 3.5 കോടി രൂപ ചെലവിട്ടാണ് 2.200 കിലോമീറ്റർ റോഡിന്റെ നവീകരണം. സുരക്ഷയുടെ ഭാഗമായി സൂചന ബോർഡുകൾ ഉൾപ്പെടെ സ്ഥാപിക്കും.

ചടങ്ങിൽ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ വി കെ ഹാഷിം റിപ്പോർട്ട് അവതരിപ്പിച്ചു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ ടി നഫീസ, ഉത്തരമേഖല നിരത്ത് വിഭാഗം സൂപ്രണ്ടിങ് എഞ്ചിനീയർ പി കെ മിനി, അസി. എക്സിക്യൂട്ടീവ് എൻജിനീയർ നിദിൽ ലക്ഷ്മണൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി സുരേന്ദ്രൻ, കുറ്റ്യാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ മോഹൻദാസ്, സ്ഥിരംസമിതി അധ്യക്ഷരായ കെ രജിത, പി പി ചന്ദ്രൻ, കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ കൈരളി, ഗ്രാമപഞ്ചായത്ത് അംഗം കെ നിഷ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

Tags