യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള സംവിധാനം ശക്തിപ്പെടുത്തും: മന്ത്രി പി. രാജീവ്

The system to provide employment to the youth will be strengthened: Minister P. Rajeev
The system to provide employment to the youth will be strengthened: Minister P. Rajeev

തിരുവനന്തപുരം: കേരളത്തിലെ യുവജനങ്ങള്‍ക്ക് ഇവിടെത്തന്നെ ജോലി ചെയ്യാനാകുന്നവിധം തൊഴിലവസരങ്ങള്‍ ലഭ്യമാകണമെന്നതാണ് സര്‍ക്കാര്‍ കാഴ്ചപ്പാടെന്നും അതിനുള്ള സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും വ്യവസായ നിയമ കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. ഈ ലക്ഷ്യം കൈവരിക്കുന്നതില്‍ എംഎസ്എംഇ കള്‍ ഉള്‍പ്പെടെയുള്ള വ്യവസായ സംരംഭങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാനാകും.

tRootC1469263">

വ്യവസായ വാണിജ്യ വകുപ്പിന്‍റേയും ലോക ബാങ്ക് സഹായത്തോടെ കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന കേര പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര എംഎസ്എംഇ ദിനാഘോഷങ്ങളുടെ സമാപന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മികവുറ്റ മനുഷ്യവിഭവശേഷിയും ടാലന്‍റ് പൂളും കേരളത്തിലുണ്ട്. കേരളം വിട്ടുപോയ മലയാളികള്‍ തിരിച്ചു വരുന്നത് ശ്രദ്ധേയമാണ്. പുറംനാടുകളിലേക്ക് പോകാതെ ചെറുപ്പക്കാര്‍ക്ക് ഇവിടെ തന്നെ ജോലി ചെയ്യാനുള്ള വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ജിഡിപിയുടെ 30 ശതമാനത്തോളം സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളില്‍ (എംഎസ്എംഇ) നിന്നാണ് ലഭിക്കുന്നത്. മൂന്നര ലക്ഷം എംഎസ്എംഇ കള്‍ 4 വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ പുതുതായി രജിസ്റ്റര്‍ ചെയ്തത് ചരിത്രനേട്ടമാണ്. ഈസ് ഓഫ് ഡൂയിംഗ് ബിസിനസിലെ ബിസിനസ് റിഫോംസ് ആക്ഷന്‍ പ്ളാനില്‍ ഒന്നാം റാങ്ക് കേരളത്തിനാണെന്നതില്‍ ഓരോ മലയാളിയ്ക്കും അഭിമാനിക്കാം. വ്യവസായങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും അനുയോജ്യമായ അന്തരീക്ഷം കേരളത്തില്‍ രൂപം കൊണ്ടിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം നേരിട്ടുള്ള വിദേശ നിക്ഷേപത്തില്‍ (എഫ് ഡിഐ) ഈ വര്‍ഷം നൂറ് ശതമാനം വളര്‍ച്ച കൈവരിച്ച ഏക സംസ്ഥാനം കേരളമാണ്.  

എംഎസ്എംഇ കളേക്കാള്‍ ചെറിയ സംരംഭങ്ങളായ 'നാനോ' യെ ശക്തിപ്പെടുത്താനുള്ള 'മിഷന്‍ 10000' ഉടന്‍ ആരംഭിക്കും. 10000 സംരംഭങ്ങളെ ഒരുകോടി ടേണോവറിലേക്ക് ഉയര്‍ത്തുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പില്‍ വരുത്തുന്നത്. ഇത്തരം പദ്ധതികള്‍ രാജ്യത്തിന്‍റെ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുകയും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

ഐഐഎം ഇന്‍ഡോര്‍, സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് ഇന്‍ ഡെവലപ്മെന്‍റ് തിരുവനന്തപുരം എന്നീ സ്ഥാപനങ്ങളുടെ എംഎസ്എംഇ കളുമായി ബന്ധപ്പെട്ട പഠനങ്ങള്‍ ശ്രദ്ധേയമായിരുന്നു. കേരളത്തിലെ 31 ശതമാനത്തോളം വരുന്ന വനിത സംരംഭകരുടെ മാനസികാരോഗ്യം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങിയ ഐഐഎം ഇന്‍ഡോറിന്‍റെ പഠനറിപ്പോര്‍ട്ട് കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. എംഎസ്എംഇ കളെ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സിഎംഡി ട്രിവാന്‍ഡ്രത്തിന്‍റെ പഠനത്തിനെ അടിസ്ഥാനമാക്കിയാണ് ഈ മേഖലയില്‍ തുടര്‍ച്ചയായ 10 പദ്ധതികള്‍ ആവിഷ്കരിക്കുന്നത്.

വിപണനം ലക്ഷ്യമിട്ട് പ്രാദേശിക എംഎസ്എംഇ ഉത്പന്നങ്ങള്‍ക്കായി കെ സ്റ്റോറുകളില്‍ നിശ്ചിത സ്ഥലം മാറ്റിവെച്ചിട്ടുണ്ട്. ഏകദേശം 30 കോടിയുടെ എംഎസ്എംഇ ഉത്പന്നങ്ങള്‍ ഒരു കൊല്ലത്തിനുള്ളില്‍ കെ സ്റ്റോര്‍ വഴി വില്ക്കാന്‍ കഴിയും. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമായ കെ ഷോപ്പിയും ചെറുകിട സംരംഭകര്‍ക്ക് വലിയ സാധ്യത തുറന്നിടുന്നു. നന്‍മയെന്ന പേരില്‍ വെളിച്ചെണ്ണയ്ക്ക് മെയ്ഡ് ഇന്‍ കേരള ബ്രാന്‍ഡ് നല്കിയത് പോലെ പത്തോളം ഉത്പന്നങ്ങള്‍ക്ക് കൂടി നല്കും. പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് എംഎസ്എംഇ കളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ളതാണ്. പ്രൈവറ്റ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളില്‍ 38 എണ്ണത്തിന് ഡെവലപ്പര്‍ പെര്‍മിറ്റ് ലഭിച്ചിരുന്നു. ഡെവലപ്പര്‍ പെര്‍മിറ്റ് നേടിയ മൂന്ന് കാമ്പസ് ഇന്‍റസ്ട്രിയല്‍ പാര്‍ക്കുകള്‍ക്കൊപ്പം എട്ടെണ്ണത്തിനു കൂടി പെര്‍മിറ്റ് ലഭിക്കാന്‍ സാധ്യതയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇത്തരം പദ്ധതികളുടെ വിജയത്തില്‍ നിന്ന് ലഭിച്ച ആത്മവിശ്വാസത്തില്‍ സംഘടിപ്പിച്ച ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിലൂടെ 196000 കോടി രൂപയുടെ നിക്ഷേപം ലഭിച്ചു. കേരളത്തെ മറ്റിടങ്ങളില്‍ പ്രദര്‍ശിപ്പിക്കാന്‍ എല്ലാവരും ഒരുമിച്ച് നില്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ആന്‍റണി രാജു എംഎല്‍എ അധ്യക്ഷത വഹിച്ചു. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് മുഖ്യപ്രഭാഷണം നടത്തി. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ബി. അശോക് പ്രത്യേക പ്രഭാഷണം നടത്തി.

സംസ്ഥാന തലത്തില്‍ വ്യവസായ വകുപ്പ് കൈവരിച്ച നേട്ടങ്ങളും നടപ്പിലാക്കി വരുന്ന പദ്ധതികളും മൂല്യവര്‍ദ്ധിത കാര്‍ഷിക വ്യവസായ ഉത്പാദന ഉദ്യമങ്ങളും തോട്ടം വ്യവസായവും പുതിയ വ്യവസായ നയവും ആസ്പദമാക്കി എംഎസ്എംഇ ദിനാഘോഷത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പ്രശ്നോത്തരിയുടെ മെഗാ ഫൈനലിനും ചടങ്ങ് വേദിയായി. പ്രശ്നോത്തരിയില്‍ എറണാകുളം കുസാറ്റിലെ മുഹമ്മദ് അമീന്‍ കെ.എം, ബിച്ചു കെ. എബ്രഹാം എന്നിവര്‍ ഒന്നാം സമ്മാനമായ 50,000 രൂപയും സര്‍ട്ടിഫിക്കറ്റും നേടി.

സംരംഭകത്വത്തില്‍ മികവ് തെളിയിച്ച പത്മശ്രീ പി. ഗോപിനാഥന്‍ (എക്കോടെക്സ് ഹാന്‍ഡ് ലൂം കണ്‍സോര്‍ഷ്യം), കെ പി നമ്പൂതിരീസ് ആയുര്‍വേദിക്സ് മാനേജിംഗ് ഡയറക്ടര്‍ കെ. ഭവദാസന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. 'മൂല്യവര്‍ദ്ധിത കാര്‍ഷിക/വ്യവസായ ഉത്പാദന ഉദ്യമങ്ങള്‍', 'കാലാവസ്ഥാ വ്യതിയാനവും പ്രതിരോധത്തിലൂന്നിയ കൃഷിയും' എന്നീ വിഷയങ്ങളില്‍ സെമിനാര്‍, 'വ്യവസായ ജാലകം 2025' എന്ന കൈപ്പുസ്തക പ്രകാശനം എന്നിവയും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.

ചടങ്ങില്‍ മൂല്യാധിഷ്ഠിത ഭക്ഷ്യ സംസ്കരണ മേഖലയിലുള്ള എംഎസ്എംഇകള്‍ക്ക് ലോകബാങ്കിന്‍റെ സഹകരണത്തോടെ ധനസഹായം നല്‍കുന്ന പദ്ധതിയുടെ ധാരണാപത്രം വ്യവസായ വാണിജ്യ ഡയറക്ടറേറ്റും 'കേര' പ്രോജക്ടും തമ്മില്‍ ഒപ്പുവച്ചു. വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കേര പദ്ധതി പ്രോജക്ട് ഡയറക്ടര്‍ ഡോ.ബി അശോക് എന്നിവരാണ് ഒപ്പുവച്ചത്.

കയര്‍ വികസന വകുപ്പ് ഡയറക്ടര്‍ ആനി ജൂലാ തോമസ് ഐഎഎസ്, കൈത്തറി ആന്‍റ് ടെക്സൈല്‍സ് വകുപ്പ് ഡയറക്ടര്‍ ഡോ. കെ എസ്. കൃപകുമാര്‍, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, വ്യവസായ വാണിജ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ രാജീവ്. ജി, കെഎസ്എസ്ഐഎ സ്റ്റേറ്റ് വൈസ് പ്രസിഡന്‍റ് ഫസിലുദ്ദീന്‍, സിഐഐ കേരള സ്റ്റേറ്റ് കൗണ്‍സില്‍ മുന്‍ ചെയര്‍മാന്‍ പി. ഗണേഷ്, ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ കോ ചെയര്‍മാന്‍ സുരേഷ് മാത്യു എന്നിവരും പങ്കെടുത്തു. കേര പ്രൊക്യുര്‍മെന്‍റ് ഓഫീസര്‍ സുരേഷ് തമ്പി നന്ദി പറഞ്ഞു.
 

Tags