ഇൻവെസ്റ്റ് കേരള; 4410 കോടി രൂപയുടെ 13 പദ്ധതികൾക്ക് അടുത്ത മാസം തുടക്കമാകും: മന്ത്രി പി. രാജീവ്
തിരുവനന്തപുരം: ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ നിന്ന് നിക്ഷേപ വാഗ്ദാനം ലഭിച്ചതിൽ 4410 കോടി രൂപയുടെ 13 പദ്ധതികൾക്ക് അടുത്ത മാസം തുടക്കമാകുമെന്ന് വ്യവസായ നിയമ കയർ വകുപ്പ് മന്ത്രി പി. രാജീവ്. ഏപ്രിൽ മാസത്തിൽ 1670 കോടി രൂപയുടെ നാല് പദ്ധതികൾ ആരംഭിച്ചുവെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഇൻഡസ്ട്രിയൽ ലാൻഡ്, ഇഒഐ ട്രാക്കിംഗ് വെബ്സൈറ്റുകൾ പുറത്തിറക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം.
tRootC1469263">ഇൻവെസ്റ്റ് കേരളയ്ക്കു ശേഷം ഈ വർഷം ഫെബ്രുവരി മുതൽ ഏപ്രിൽ വരെ 1385 കോടി രൂപയുടെ 76 പദ്ധതികളുടെ പ്രവർത്തനം പുരോഗമിക്കുന്നതായി മന്ത്രി വ്യക്തമാക്കി.
ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടി(ഐകെജിഎസ്-2025)യിൽ ലഭിച്ച സമ്മതപത്രങ്ങളിലെ തുടർനടപടികൾക്കായിട്ടാണ് ഇഒഐ ട്രാക്കിംഗ് വെബ് പോർട്ടൽ ( ikgseoi.kerala.gov.in) ആരംഭിച്ചത്. വ്യാവസായിക ആവശ്യങ്ങൾക്കായി സംസ്ഥാനത്ത് ലഭ്യമായ ഭൂമിയുടെ ഡാറ്റാബേസ് സൃഷ്ടിക്കുന്നതിനായിട്ടാണ് ഇൻഡസ്ട്രിയൽ ലാൻഡ് വെബ് പോർട്ടൽ (https://industrialland.kerala.gov.in/).
ഇൻവെസ്റ്റ് കേരളയുമായി ബന്ധപ്പെട്ട് ഓരോ മാസവും വരുന്ന നിക്ഷേപ വാഗ്ദാനങ്ങളും വെബ്സൈറ്റിൽ രേഖപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. പദ്ധതികളുടെ തുടർനടപടികളുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും പുരോഗതിയും മറ്റ് വിശദാംശങ്ങളും അതത് സമയം പോർട്ടലിൽ ലഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഫെബ്രുവരിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിലൂടെ ഇന്ത്യയിലെയും വിദേശത്തെയും കമ്പനികളിൽ നിന്നായി 1.96 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ഇതുവരെ കേരളത്തിന് ലഭിച്ചത്.
വ്യാവസായിക ആവശ്യങ്ങൾക്കായി ഭൂമി ലഭ്യമായവർക്ക് അവരുടെ വിവരങ്ങൾ വെബ് പോർട്ടലിൽ ലിസ്റ്റ് ചെയ്യാൻ കഴിയുന്ന മാച്ച് മേക്കിംഗ് വെബ്സൈറ്റ് പോലെയാണ് ഇൻഡസ്ട്രിയൽ ലാൻഡ് വെബ് പോർട്ടൽ പ്രവർത്തിക്കുക. നിക്ഷേപകർക്ക് പോർട്ടൽ വഴി വിവരങ്ങൾ ലഭിക്കാനും അനുയോജ്യമായ ഭൂമി ഏറ്റെടുക്കൽ ഉറപ്പാക്കുന്നതിന് വക്താക്കളുമായി നേരിട്ട് ബന്ധപ്പെടാനും കഴിയും.
കെഎസ്ഐഡിസി എംഡി മിർ മുഹമ്മദ് അലി, കെഎസ്ഐഡിസി എക്സിക്യുട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ ആർ, കിൻഫ്ര എംഡി സന്തോഷ് കോശി തോമസ്, കെഎസ്ഐഡിസി ജനറൽ മാനേജർ വർഗീസ് മാളാക്കാരൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
.jpg)


