നിക്ഷേപകർക്ക് ഏറ്റവും വേഗത്തിൽ സൗകര്യങ്ങൾ ഒരുക്കുന്ന സംസ്ഥാനമായി കേരളം മാറി: മന്ത്രി പി രാജീവ്
പാലക്കാട് : കേരളം വ്യവസായ സൗഹൃദമല്ലെന്ന പഴയ ചിന്താഗതി പൂർണ്ണമായും മാറിയെന്നും നിക്ഷേപകർക്ക് ഏറ്റവും വേഗത്തിൽ സൗകര്യങ്ങൾ ഒരുക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. പാലക്കാട് വ്യാവസായിക ഇടനാഴിയുടെ പ്രോജക്ട് ഓഫീസ് ഇരട്ടയാൽ കൊടുമ്പിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് കേരളത്തിൽ വ്യവസായം തുടങ്ങാൻ നിക്ഷേപകർ മടിച്ചിരുന്ന സാഹചര്യം മാറി ഇന്ന് ഇവിടെയെല്ലാം സാധ്യമാണെന്ന നിലയിലേക്ക് നാട് വളർന്നു. ഭാരത് ബയോടെക് പോലുള്ള പ്രമുഖ കമ്പനികൾക്ക് വെറും ഏഴു ദിവസം കൊണ്ട് ഭൂമി അനുവദിക്കാൻ സർക്കാരിന് സാധിച്ചത് ഇതിന്റെ ഉദാഹരണമാണെന്നും ലണ്ടൻ ഇക്കണോമിസ്റ്റിന്റെ റാങ്കിങ്ങിലും സുസ്ഥിര വികസന സൂചികയിലും കേരളം കൈവരിച്ച നേട്ടങ്ങൾ ലോകം അംഗീകരിക്കുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. 'ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്' റാങ്കിങ്ങിൽ രണ്ടാമതും കേരളം ഇന്ത്യയിൽ ഒന്നാമതെത്തിയത് വലിയ അഭിമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
tRootC1469263">പ്രധാനമന്ത്രി പ്രഖ്യാപിച്ച 12 ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റികളിൽ ഏറ്റവും വേഗത്തിൽ ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കിയതും പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റിനെ നിയമിച്ചതും കേരളത്തിലാണ്. ഒക്ടോബറിൽ ആരംഭിച്ച നിർമ്മാണ പ്രവർത്തനങ്ങൾ 36 മുതൽ 42 മാസത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനോടനുബന്ധിച്ച് തമിഴ്നാടുമായി ചേർന്ന് സെമികണ്ടക്ടർ, ഓട്ടോമോട്ടീവ് മേഖലകളിൽ പരസ്പര സഹകരണത്തോടെയുള്ള വികസനത്തിന് ചർച്ചകൾ നടന്നുവരികയാണെന്നും അടുത്ത യോഗം തിരുവനന്തപുരത്ത് നടക്കുമെന്നും മന്ത്രി അറിയിച്ചു. കിൻഫ്രയുടെ തിരിച്ചെടുത്ത 60 ഏക്കറിൽ 20 ഏക്കർ ഐഐടിക്ക് ഇൻഡസ്ട്രിയൽ റിസർച്ച് സെന്ററിനായി നൽകാൻ തീരുമാനിച്ച കാര്യവും മന്ത്രി പ്രസംഗത്തിൽ സൂചിപ്പിച്ചു.
കേരളത്തിലെ എം.എസ്.എം.ഇ മേഖലയിൽ 42 ശതമാനവും സ്ത്രീ സംരംഭകരാണെന്നത് വലിയ നേട്ടമാണെന്നും ഏറ്റവും ഉയർന്ന സ്ത്രീ സംരംഭക പങ്കാളിത്തമുള്ള സംസ്ഥാനം കേരളമാണെന്നും മന്ത്രി പറഞ്ഞു. വ്യവസായങ്ങൾക്ക് ആവശ്യമായ നൈപുണ്യമുള്ള തൊഴിലാളികളെ വാർത്തെടുക്കാൻ സർക്കാർ പ്രത്യേക പോളിസി തന്നെ രൂപീകരിച്ചിട്ടുണ്ട്. വീടുകളുടെ 50 ശതമാനം വ്യവസായത്തിനായി ഉപയോഗിക്കാം. കമ്പനികൾ ആവശ്യപ്പെടുന്ന പ്രത്യേക നൈപുണ്യം വിദ്യാർഥികൾക്ക് നൽകാൻ കോളേജുകളുമായി ചേർന്ന് സർക്കാർ പ്രവർത്തിക്കും. വലിയ വ്യവസായങ്ങൾ വരുന്നതോടെ ചെറുകിട കമ്പോണന്റുകൾ നിർമ്മിക്കുന്ന നൂറുകണക്കിന് ഉപസംരംഭങ്ങൾ പ്രാദേശികമായി വളർന്നുവരുമെന്നും ഇത് എല്ലാ വീടുകളിലും വരുമാനമെത്താനും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാക്കാനും സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
പാലക്കാട് ജില്ല അതിവേഗത്തിൽ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്. ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി വരുന്നതോടെ പാലക്കാടിന്റെ ചിത്രം തന്നെമാറുമെന്നും ഇന്ത്യയിലെ പ്രധാനപ്പെട്ട വ്യവസായ നഗരമായി പാലക്കാട് ജില്ല മാറുമെന്നും മന്ത്രി പറഞ്ഞു.
കിൻഫ്രയുടേയും നാഷ്ണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെയും (NICDIT)സംയുക്ത സംരംഭമാണ് കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (KSIDC). പദ്ധതിയുടെ ഭാഗമായി പുതുശ്ശേരി (സെൻട്രൽ), പുതുശ്ശേരി (വെസ്റ്റ്), കണ്ണമ്പ്ര എന്നിവിടങ്ങളിലായി 1710 ഏക്കർ സ്ഥലത്ത് 3806 കോടി രൂപയുടെ ചെലവിലാണ് ഇന്റഗ്രേറ്റഡ് മാനുഫാക്ചറിങ് ക്ലസ്റ്റർ (ഐ എം സി) രൂപീകരിച്ചിരിക്കുന്നത്. 2024 ഓഗസ്റ്റിലാണ് കേന്ദ്രസർക്കാരിന്റെ അനുമതി പദ്ധതിക്ക് ലഭിച്ചത്. നൂതന അടിസ്ഥാന സൗകര്യങ്ങളോടെ, വൻ വികസനവും അമ്പത്തൊന്നായിരത്തോളം പേർക്ക് തൊഴിൽ അവസരങ്ങളുമാണ് പദ്ധതിയുടെ ലക്ഷ്യം.
.jpg)


