വ്യവസായ മേഖലയിലെ മുന്നേറ്റങ്ങള്‍ ദാവോസ് ഫോറത്തില്‍ ഫലപ്രദമായി അവതരിപ്പിക്കാന്‍ കേരളത്തിനായി: മന്ത്രി പി. രാജീവ്


തിരുവനന്തപുരം: സ്വിറ്റ്സര്‍ലാന്‍ഡിലെ ദാവോസില്‍ നടന്ന 55-ാമത് വേള്‍ഡ് ഇക്കണോമിക് ഫോറ (ഡബ്ല്യുഇഎഫ്) ത്തില്‍ വ്യവസായ മേഖലയില്‍ കൈവരിച്ച മുന്നേറ്റങ്ങള്‍ ഫലപ്രദമായി അവതരിപ്പിക്കാനും ശ്രദ്ധേയ സാന്നിധ്യമാകാനും കേരളത്തിന് സാധിച്ചുവെന്ന് വ്യവസായ മന്ത്രി പി. രാജീവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് വ്യവസായ നിക്ഷേപത്തിനുള്ള സാധ്യതകള്‍ തുറന്നിടുന്ന ഫലപ്രദമായ ചര്‍ച്ചകള്‍ നടത്താനും ജനുവരി 20 മുതല്‍ 24 വരെ നടന്ന ഫോറത്തിലെ പങ്കാളിത്തത്തിലൂടെ കേരളത്തിന് സാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
ഫോറത്തിലെ കേരള പവലിയനിലൂടെയുള്ള പ്രതിനിധി സംഘത്തിന്‍റെ വിജയകരമായ ഇടപെടല്‍ ഫെബ്രുവരി 21, 22 തീയതികളില്‍ കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ ഉച്ചകോടിക്ക് ഗുണകരമാകും. സംസ്ഥാനത്തെ ഭാവി വ്യവസായ നിക്ഷേപ സാധ്യതയ്ക്കും ഇത് കരുത്ത് പകരും. 70 ഓളം കമ്പനി പ്രതിനിധികളോടും വ്യവസായ പ്രമുഖരോടുമാണ് ദാവോസില്‍ വ്യവസായ മന്ത്രി വണ്‍ ടു വണ്‍ ചര്‍ച്ച നടത്തിയത്. അനുകൂലമായ സര്‍ക്കാര്‍ നയങ്ങളിലൂടെ കേരളത്തിന്‍റെ വ്യവസായ മേഖലയിലുണ്ടായ വളര്‍ച്ചയും നിക്ഷേപ സൗഹൃദ അന്തരീക്ഷവും ചര്‍ച്ചയില്‍ എടുത്തുകാട്ടി. ഐടി മുതല്‍ എംഎസ്എംഇ വരെ കേരളം വളര്‍ച്ച കൈവരിച്ച വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചാണ് വ്യവസായ പ്രമുഖരുമായി ആശയവിനിമയം നടത്തിയത്.
ഡീകാര്‍ബണൈസ് ചെയ്യാനുള്ള തങ്ങളുടെ ശ്രമങ്ങള്‍ക്ക് വേള്‍ഡ് ഇക്കണോമിക് ഫോറം ആഗോളതലത്തില്‍ അംഗീകരിച്ച 13 പ്രമുഖ വ്യവസായ ക്ലസ്റ്ററുകളിലൊന്നായി കേരള ഗ്രീന്‍ ഹൈഡ്രജന്‍ വാലി പദ്ധതിയുടെ പ്രഖ്യാപനം. ഓസ്ട്രേലിയ, ബ്രസീല്‍, കൊളംബിയ, ഇന്ത്യ, നെതര്‍ലാന്‍ഡ്സ്, സൗദി അറേബ്യ, സ്വീഡന്‍, തായ് ലന്‍ഡ്, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ രാജ്യങ്ങളില്‍ ഈ പദ്ധതികള്‍ വ്യാപിച്ചുകിടക്കുന്നു. സംസ്ഥാനത്തിന്‍റെ വാര്‍ഷിക കാര്‍ബണ്‍ ഡൈഓക്സൈഡ് എമിഷന്‍റെ ഏകദേശം 50% വരുന്ന നിര്‍ണായക മേഖലകളില്‍, പ്രത്യേകിച്ച് ഗതാഗതം, കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കുന്നതിനാണ് പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കേരളത്തിലെ ഹരിത ഹൈഡ്രജന്‍റെ ആവശ്യം ഇപ്പോള്‍ ആറ് മേഖലകളിലാണ് (റിഫൈനറികള്‍, വളങ്ങള്‍, റോഡ് ഗതാഗതം, ജലഗതാഗതം, രാസവസ്തുക്കള്‍, കയറ്റുമതി) കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് കണക്കാക്കപ്പെടുന്നു. ഹ്രസ്വകാലത്തേക്ക് ഏകദേശം 30 മില്യണ്‍ ഡോളറിന്‍റെ നിക്ഷേപ പ്രവര്‍ത്തനമാണ് ഹൈഡ്രജന്‍ വാലി പ്രതീക്ഷിക്കുന്നത്. കൂടാതെ, അമോണിയ കയറ്റുമതിക്കായി ഏകദേശം 1.2 ബില്യണ്‍ യുഎസ് ഡോളറിന്‍റെ പ്രൊജക്റ്റ് നിര്‍ദ്ദേശങ്ങള്‍ വാലി വിലയിരുത്തുന്നു. 2030-ഓടെ പ്രതിവര്‍ഷം അഞ്ച് ദശലക്ഷം ടണ്‍ ഗ്രീന്‍ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഇന്ത്യയുടെ ദേശീയ ഹരിത ഹൈഡ്രജന്‍ മിഷനുമായി സംസ്ഥാനത്തിന്‍റെ ശ്രമങ്ങള്‍ നന്നായി യോജിക്കുന്നു.
സര്‍ക്കാരിന്‍റെ പുതിയ വ്യവസായ നയത്തില്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചു. ഇത് കേരളത്തിന്‍റെ നിക്ഷേപ മേഖലയില്‍ വലിയ സ്വാധീനം ചെലുത്തും. എ ബി ഇന്‍ബെവ്, ഗ്രീന്‍കോ, ഹിറ്റാച്ചി, ടിവിഎസ് ലോജിസ്റ്റിക്സ്, ജൂബിലന്‍റ്, ഭാരത് ഫോര്‍ജ്, എച്ച്സിഎല്‍, സിഫി, വെല്‍സ്പണ്‍, ഇന്‍ഫോസിസ്, വാരി, സുഹാന സ്പൈസസ് തുടങ്ങിയ കമ്പനികളില്‍ നിന്ന് കേരളം നിക്ഷേപം പ്രതീക്ഷിക്കുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

വ്യവസായ മന്ത്രിയുടെ നേതൃത്വത്തിലുള്ള കേരള പ്രതിനിധി സംഘത്തില്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ്. ഹരികിഷോര്‍, എക്സിക്യുട്ടീവ് ഡയറക്ടര്‍ ഹരികൃഷ്ണന്‍ ആര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
'വി ആര്‍ ചേഞ്ചിങ് ദ നേച്വര്‍ ഓഫ് ബിസിനസ്' എന്ന പ്രമേയം ഉള്‍ക്കൊള്ളുന്ന ഡബ്ല്യുഇഎഫിലെ ഇന്ത്യ പവലിയന്‍റെ ഭാഗമായി സജ്ജീകരിച്ച ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് പവലിയന്‍ ആദ്യ ദിവസം മുതല്‍ സംരംഭകരെയും നിക്ഷേപകരെയും ആകര്‍ഷിച്ചുവെന്ന് മന്ത്രി പറഞ്ഞു. ആദ്യമായാണ് ഡബ്ല്യുഇഎഫില്‍ കേരളം പവലിയന്‍ ഒരുക്കിയത്. കേരളത്തിന്‍റെ വ്യവസായ സാധ്യതകളും നിക്ഷേപ സൗഹൃദ അന്തരീക്ഷവുമാണ് പവലിയന്‍ പ്രതിഫലിപ്പിച്ചത്. കേരളം വ്യവസായ സൗഹൃദമാണെന്ന സന്ദേശം നല്‍കുന്നതിലൂടെ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാനും ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങില്‍ ഒന്നാമതെത്തിയ ശേഷമുള്ള കേരളത്തിന്‍റെ നിക്ഷേപ സാധ്യതകളും ഫെബ്രുവരിയില്‍ നടക്കുന്ന അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിന്‍റെ വിവരങ്ങളും പവലിയനിലൂടെ പരിചയപ്പെടുത്തി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, പാലക്കാട് വ്യാവസായിക ഇടനാഴി, കേരളത്തിന്‍റെ സുസ്ഥിര, ഉത്തരവാദിത്ത വ്യവസായ മാതൃക എന്നിവയ്ക്ക് പവലിയനില്‍ ഊന്നല്‍ നല്‍കി.
ഡബ്ല്യുഇഎഫില്‍ കേരള പവലിയന്‍ സ്ഥാപിക്കുക വഴി ലോകത്തെ പ്രധാന നിക്ഷേപകര്‍ക്ക് മുന്നില്‍ കേരളത്തെ പരിചയപ്പെടുത്താനും സംരംഭക ആവാസവ്യവസ്ഥ അവതരിപ്പിക്കാന്‍ അവസരമൊരുക്കിയതായും പി. രാജീവ് പറഞ്ഞു. ജനങ്ങളെ പിന്തുണച്ചുകൊണ്ടും പരിസ്ഥിതിക്ക് ദോഷം വരുത്താതെയുമുള്ള വ്യവസായങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന സന്ദേശമാണ് കേരളം മുന്നോട്ടുവച്ചത്. പ്രകൃതി, ജനങ്ങള്‍, വ്യവസായം (നേച്ചര്‍, പിപ്പിള്‍, ഇന്‍ഡസ്ട്രി) എന്നതാണ് ഇന്‍വെസ്റ്റ് കേരളയുടെ ടാഗ് ലൈന്‍. സുസ്ഥിരതയും ഉത്തരവാദിത്തവുമുള്ള വ്യവസായ നയത്തിന് നല്‍കുന്ന പ്രാധാന്യവും വൈവിധ്യവും ഉള്‍പ്പെടുത്തലുമാണ് കേരളത്തിലെ വ്യവസായത്തിന്‍റെ ശക്തിയെന്നുമുള്ള ആശയങ്ങള്‍ സംസ്ഥാനം സംരംഭകരോട് പങ്കുവച്ചു.
ഐടി, സ്പേസ് ടെക്, മെഡിക്കല്‍ ഡിവൈസ്, ഹെല്‍ത്ത് കെയര്‍, മാരിടൈം, ടൂറിസം, സ്റ്റാര്‍ട്ടപ്പുകള്‍, ഭക്ഷ്യസംസ്കരണം, സുഗന്ധവ്യഞ്ജനങ്ങള്‍, സമുദ്രോത്പന്ന സംസ്കരണം എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ കേരളം ആകര്‍ഷകമായ നിക്ഷേപ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്നും എംഎസ്എംഇ മേഖലയില്‍ സംസ്ഥാനം വലിയ കുതിച്ചുചാട്ടം നടത്തിയിട്ടുണ്ടെന്നും കേരള പവലിയന്‍ വ്യക്തമാക്കി.
ദാവോസില്‍ നാല് പാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത കേരള പ്രതിനിധി സംഘാംഗങ്ങള്‍ സംസ്ഥാനത്തിന്‍റെ വിജ്ഞാന സമ്പദ് വ്യവസ്ഥയിലേക്കുള്ള പരിവര്‍ത്തനത്തെയും ഇ-ഗവേണന്‍സ് ഭരണതലത്തില്‍ വരുത്തിയ ഗുണപരമായ മാറ്റങ്ങളും വിശദീകരിച്ചു. ദി ഡിജിറ്റല്‍ ഡിവിഡന്‍റ് എന്ന വിഷയത്തില്‍ വ്യവസായ മന്ത്രി പി. രാജീവ്, കേരളത്തെ ഡീപ്ടെക് ഹബ്ബായി സ്ഥാപിക്കല്‍ എന്ന പ്രമേയത്തില്‍ നടന്ന സെഷനില്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ഇ-ഗവേണന്‍സ് സംബന്ധിച്ച് ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, ബയോടെക്/ഫാര്‍മ മേഖലയെ കുറിച്ചുള്ള പാനലില്‍ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് എന്നിവര്‍ കേരളത്തെ പ്രതിനിധീകരിച്ച് സംസാരിച്ചു.
സുസ്ഥിരവും സമഗ്രവുമായ വികസന ലക്ഷ്യങ്ങള്‍ ഉള്‍ക്കൊണ്ട് പുരോഗതി കൈവരിക്കുന്ന കേരളത്തിന്‍റെ വ്യവസായ മാതൃക ദാവോസില്‍ പ്രശംസ നേടി. വളര്‍ച്ചയും സാമൂഹിക പുരോഗതിയും സന്തുലിതമാക്കുന്ന നയങ്ങള്‍ വിജയകരമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് ആഗോള പങ്കാളികളില്‍ നിന്നും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികളില്‍ നിന്നുമാണ് കേരളം അഭിനന്ദനം നേടിയത്. കാലാവസ്ഥാ വ്യതിയാന വെല്ലുവിളികള്‍ നേരിടുന്ന കാലത്ത് ജനങ്ങളെ പിന്തുണച്ചുകൊണ്ടും പരിസ്ഥിതിക്ക് ദോഷം വരുത്താതെയുമുള്ള വ്യവസായ മാതൃകയ്ക്ക് ഊന്നല്‍ നല്‍കുന്നതും ശ്രദ്ധിക്കപ്പെട്ടു.
ഡബ്ല്യുഇഎഫില്‍ കേരളം ശക്തമായ സാന്നിധ്യം പ്രകടിപ്പിച്ചുവെന്ന് പി. രാജീവ് പറഞ്ഞു. സുപ്രധാന നിക്ഷേപ കേന്ദ്രമാക്കി സംസ്ഥാനത്തെ മാറ്റുന്നതിന് നടത്തിയ നയ സംരംഭങ്ങളും പരിഷ്കാരങ്ങളും ദാവോസില്‍ ഫലപ്രദമായി പ്രദര്‍ശിപ്പിച്ചു. കൂടാതെ കേരളത്തിന്‍റെ വ്യവസായ മേഖലയെ കുറിച്ചുള്ള മുന്‍വിധികളും അനുമാനങ്ങളും മാറ്റുന്നതിലും സമ്മേളനം നിര്‍ണായകമായി. ഈസ് ഓഫ് ഡൂയിംഗ് ബിസിനസില്‍ ഒന്നാമെത്തിയ കേരളത്തിന്‍റെ നേട്ടത്തെ മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ അഭിനന്ദിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ നിന്ന് ആറ് സംസ്ഥാനങ്ങള്‍ക്കാണ് ദാവോസില്‍ പവലിയന്‍ ഉണ്ടായിരുന്നത്. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, തമിഴ്നാട്, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നിവയാണ് മറ്റ് സംസ്ഥാനങ്ങള്‍.
ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ ജയതിലക്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കെഎസ്ഐഡിസി എംഡി എസ്. ഹരികിഷോര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.