ഡിജിറ്റൽ ഗവേണൻസ് യാഥാർഥ്യമാക്കുകയാണ് സർക്കാർ ലക്ഷ്യം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി

NSS has never taken a communal stance; PK Kunhalikutty responds after NSS withdraws from unity movement with SNDP

ഡിജിറ്റൽ ഗവേണൻസ് യാഥാർഥ്യമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഐടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി. സാങ്കേതികവിദ്യാ അധിഷ്ഠിതമായ പുതിയ ജീവിതശൈലിയിലേക്ക് സമൂഹം മാറിക്കൊണ്ടിരിക്കുകയാണ്. ഇതിനനുസൃതമായി സർക്കാർ സേവനങ്ങൾ കൂടുതൽ സുതാര്യമായും സുഗമമായും ജനങ്ങൾക്ക് ലഭ്യമാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. കേരള ഐടി മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന നമ്മുടെ കേരളം 2.0, സി.എക്‌സ്. ഇൻഡക്സ്, വാട്‌സ്ആപ്പ് സർവീസസ്, എ ഐ ചാറ്റ്ബോട്ട്, കെ - എഐ  എന്നീ പൗരകേന്ദ്രീകൃത ഡിജിറ്റൽ സംരംഭങ്ങളുടെ ഉദ്ഘാടനം തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

സർക്കാർ സേവനങ്ങൾ വിരലടയാളം വഴിയോ ശബ്ദനിർദേശം വഴിയോ എളുപ്പത്തിൽ ലഭ്യമാകുന്ന തരത്തിലേക്ക് സാങ്കേതികവിദ്യ വികസിച്ചു കഴിഞ്ഞിട്ടുണ്ട്. വികസിത രാജ്യങ്ങളിലെ ഡിജിറ്റൽ മുന്നേറ്റങ്ങളെ മാതൃകയാക്കി കേരളവും വേഗത്തിൽ ഡിജിറ്റൽ പുരോഗതി കൈവരിക്കും. സർക്കാർ സേവനങ്ങൾ  തടസ്സങ്ങളൊന്നുമില്ലാതെ ലഭ്യമാക്കുന്നതിന് സാമൂഹിക പ്രസക്തി ഏറെയാണെന്നും മന്ത്രി പറഞ്ഞു.

സാങ്കേതികവിദ്യ സമൂഹത്തിലുണ്ടാക്കുന്ന മാറ്റങ്ങൾ ജനങ്ങളുടെ ദൈനംദിന ജീവിതം കൂടുതൽ എളുപ്പമുള്ളതാക്കുകയും കൂടുതൽ ആളുകളിലേക്ക് സേവനങ്ങൾ എത്തിക്കാൻ സഹായിക്കുകയും ചെയ്യും. എല്ലാവരുടെയും സഹകരണവും കൂട്ടായ പരിശ്രമവും ഉണ്ടെങ്കിൽ സംസ്ഥാനത്തെ ഈ ഡിജിറ്റൽ പരിവർത്തനം പൂർണമായി യാഥാർഥ്യമാക്കാൻ സാധിക്കുമെന്ന പ്രത്യാശയും മന്ത്രി പ്രകടിപ്പിച്ചു.

വിവിധ സർക്കാർ സേവനങ്ങൾ ഒരിടത്തേക്ക് കൊണ്ടുവരുന്നതാണ് നമ്മുടെ കേരളം 2.0. പൗരന്റെ സേവനാനുഭവം മെച്ചപ്പെടുത്തുന്നതിനാണ് സിഎക്‌സ് ഇൻഡക്സ് ലക്ഷ്യമിടുന്നത്. ജനങ്ങൾ ദിവസേന ഉപയോഗിക്കുന്ന വാട്‌സ്ആപ്പ് സംവിധാനത്തിലൂടെ സർക്കാർ സേവനങ്ങൾ ലഭ്യമാക്കുന്നതാണ് വാട്‌സ്ആപ്പ് സർവീസസ് (നമ്പർ: 8281499999). സർക്കാർ വിവരങ്ങൾ സംഭാഷണരീതിയിൽ ലഭ്യമാക്കുന്നതിനാണ് എ ഐ ചാറ്റ്ബോട്ട്. ഭരണരംഗത്തെ വിവിധ പ്രശ്‌നങ്ങൾക്ക് ഉത്തരവാദിത്വപരമായ എ ഐ അധിഷ്ഠിത പരിഹാരങ്ങൾ കണ്ടെത്തുന്നതിനുള്ള സംവിധാനമാണ് കെ-എഐ. വിവിധ സർക്കാർ വകുപ്പുകളെയും സാങ്കേതിക സംവിധാനങ്ങളെയും സേവനങ്ങളെയും ഏകോപിപ്പിച്ച് സാങ്കേതികവിദ്യയെ പൗരന്റെ ആവശ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ഡിജിറ്റൽ ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിനാണ് ഈ പദ്ധതികളിലൂടെ കേരള ഐ ടി മിഷൻ ഊന്നൽ നൽകുന്നത്.

ഇലക്ട്രോണിക്സ് ആൻഡ് ഐടി സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു മുഖ്യപ്രഭാഷണം നടത്തി. ഐ ടി മിഷൻ ഡയറക്ടർ സന്ദീപ് കുമാർ, വാർഡ് കൗൺസിലർ ജി വേണുഗോപാൽ, ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, മെറ്റ സ്ട്രാറ്റജിക് പ്രോഗ്രാംസ് ആൻഡ് പാർട്ണർഷിപ്‌സ് ലീഡ് ദിവ്യ ഖേമേനി വധേരെ, വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ, പ്രതിനിധികൾ, സേവനദാതാക്കൾ തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായി.

Tags