കുടുംബ ബജറ്റ് കെട്ടുറപ്പോടെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ സ്ത്രീകളുടെ പങ്ക് നിര്‍ണായകം: മന്ത്രി ഒ.ജെ. ജനീഷ്
തൃശ്ശൂർ: കുടുംബ ബജറ്റ് കെട്ടുറപ്പോടെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ സ്ത്രീകളുടെ പങ്ക് നിര്‍ണായകമാണെന്നും സാമ്പത്തിക അച്ചടക്കം പാലിക്കുന്നതില്‍ അവര്‍ എന്നും മുന്‍പന്തിയിലാണെന്നും മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. കുഴൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് സംഘടിപ്പിച്ച പിന്നോക്ക വികസന കോര്‍പ്പറേഷന്‍ വായ്പ വിതരണവും ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്റര്‍ എല്‍.എസ്.സി സെന്ററിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ലഭിക്കുന്ന ഓരോ രൂപയും അളന്നുമുറിച്ച് കൃത്യമായി വിനിയോഗിക്കാനുള്ള കഴിവ് സ്ത്രീകള്‍ക്കുണ്ടെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് പിന്നോക്കക്ഷേമ വികസന കോര്‍പ്പറേഷന്റെ വായ്പ വിതരണം വലിയ ഊര്‍ജ്ജമാകുമെന്നും മന്ത്രി വ്യക്തമാക്കി. 24 അയല്‍ക്കൂട്ടങ്ങള്‍ക്കായി 1.64 കോടി രൂപയാണ് വായ്പയായി നല്‍കിയത്.
എരവത്തൂര്‍ എസ്.എന്‍.ഡി.പി ഹാളില്‍ നടന്ന ചടങ്ങില്‍ കുഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സില്‍വി സേവ്യര്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അഭിജിത്ത് കെ. ദീപക് മുഖ്യാതിഥിയായി. കുഴൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ. ജോജോ, ബ്ലോക്ക് പഞ്ചായത്തംഗം ഇ. കേശവന്‍കുട്ടി, കുഴൂര്‍ സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സ്മിതാ വിപിന്‍ദാസ്, മെമ്പര്‍ സെക്രട്ടറി പി.ജെ ജലീല്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
.jpg)

