സാമൂഹിക അനീതികള്‍ക്കെതിരായ പോരാട്ടത്തിനായി നാം ഒന്നിക്കണം: മന്ത്രി ഒ.ജെ. ജനീഷ്

Minister OJ Janeesh


സാമൂഹിക അനീതികള്‍ക്കെതിരായ പോരാട്ടത്തിനായി ഇന്ത്യന്‍ ജനത ഒന്നിക്കേണ്ട സമയമാണിതെന്ന് യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്. തേക്കിന്‍ക്കാട് മൈതാനിയിലെ വിദ്യാര്‍ത്ഥി കോര്‍ണറില്‍ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഭരണഘടനാ മൂല്യങ്ങള്‍ വെല്ലുവിളിക്കപ്പെടുന്ന ഇക്കാലത്ത് ഭരണഘടന ഉറപ്പ് നല്‍കുന്ന മതേതരത്വം ഉള്‍പ്പെടെയുള്ളവ കോട്ട കെട്ടി സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നാം ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു. 

അധികാര ദുര്‍വിനിയോഗത്തെയും സ്വജനപക്ഷപാതത്തെയും അകറ്റി നിര്‍ത്താനുള്ള ജാഗ്രത ഓരോ ഭരണകര്‍ത്താക്കളും പുലര്‍ത്തേണ്ടതുണ്ടെന്നും ഭരണഘടന സ്ഥാപനങ്ങളെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കാതെ അവയെ ശക്തിപ്പെടുത്തേണ്ട ഉത്തരവാദിത്വം ഭരണകര്‍ത്താക്കള്‍ ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യം അന്യന്റെ ആത്മാഭിമാനം ഹനിക്കാതെ നിറവേറ്റപ്പെടണമെന്നും അനീതികള്‍ക്കെതിരെ സധൈര്യം ശബ്ദമുയര്‍ത്താന്‍ കെല്‍പ്പുള്ള വ്യക്തികളായി സ്വയം മാറാന്‍ നാം ഓരോരുത്തര്‍ക്കും കഴിയേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ജനാധിപത്യ മതേതര മൂല്യങ്ങളുടെ കാവലാളായി മാറാന്‍ ഓരോ ഇന്ത്യന്‍ ജനതയ്ക്കും കഴിയട്ടെ എന്നും മന്ത്രി പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് പുകള്‍പെറ്റ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 80-ാം വര്‍ഷം ആഘോഷിക്കുകയാണ്. 1947 അഗസ്റ്റ് 15 ലെ സ്വാതന്ത്ര്യപ്പുലരിയ്ക്കായി നമ്മുടെ പൂര്‍വ്വികര്‍ സഹിച്ച ത്യാഗത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണിത്. ഏത് ഭീകരമായ അടിച്ചമര്‍ത്തലുകള്‍ക്കും അടക്കി വെയ്ക്കാന്‍ കഴിയാത്ത പ്രതിരോധങ്ങള്‍ തീര്‍ത്ത് ഇന്ത്യയെ വൈദേശികാധിപത്യത്തില്‍ നിന്നും മോചിപ്പിക്കാന്‍ ജീവ ത്യാഗം ചെയ്ത സ്വാതന്ത്ര്യ സമര പോരാളികളുടെ ഉജ്വല സ്മരണകളാല്‍ അഭിമാനം തോന്നേണ്ട ദിനം കൂടിയാണിതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. 

അഹിംസയുടെ പാതയിലൂടെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ നയിച്ച നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്രുവും ഉള്‍പ്പെടെ എണ്ണിയാലൊടുങ്ങാത്ത നേതൃനിര സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യന്‍ പോരാട്ടത്തെ നയിച്ചു. സ്വാതന്ത്ര്യസമരത്തിലെ നമ്മുടെ വിജയത്തില്‍ നാം അഭിമാനിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന ദിവസമാണിത്. ലോകത്തിന്റെ ഏത് ഭാഗത്തായാലും എല്ലാ ഇന്ത്യക്കാര്‍ക്കും സന്തോഷത്തിന്റെയും സന്തോഷത്തിന്റെയും ദിവസമാണിതെന്നും മന്ത്രി പറഞ്ഞു. 

സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാക്കുകയും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ഓരോ ഭാരതീയന്റെയും കടമയാണ്.
സ്വാതന്ത്ര്യസമര സേനാനികള്‍ നമുക്കായി നല്‍കിയ സ്വാതന്ത്ര്യം സംരക്ഷിക്കുകയും ഇന്ത്യയെ കൂടുതല്‍ ശക്തവും സമ്പന്നവും സമാധാനപരവുമായ രാഷ്ട്രമാക്കി മാറ്റുകയും ചെയ്യുക എന്നതാകണം നമ്മുടെ ലക്ഷ്യം. ദേശസ്‌നേഹവും ഐക്യവും ഉത്തരവാദിത്തബോധവും ജീവിതത്തില്‍ പാലിച്ചുകൊണ്ട് നമുക്ക് ഒരു മികച്ച ഇന്ത്യയെ കെട്ടിപ്പടുക്കാമെന്നും മന്ത്രി പറഞ്ഞു. 

സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ എത്രത്തോളം സാക്ഷാത്കരിക്കപ്പെട്ടു എന്ന ആത്മപരിശോധനയ്ക്കുള്ള സമയം കൂടിയാണ് ഇത്. രാഷ്ട്രീയ സ്വാതന്ത്ര്യം കൊണ്ട് മാത്രം ഒരു രാജ്യത്തിന്റെ സ്വാതന്ത്ര്യം നിര്‍വ്വചിക്കാന്‍ കഴിയില്ല. സാമൂഹികവും സാമ്പത്തികവുമായ സ്വാതന്ത്ര്യമില്ലാതെ ഒരു രാഷ്ട്രത്തിനു നിലനില്‍പ്പില്ല. ജാതിയുടെയും മതത്തിന്റെയും ലിംഗത്തിന്റെയും സമ്പത്തിന്റെയും പേരില്‍ വിവേചനം നമ്മുടെ നാട്ടില്‍ നിലനില്‍ക്കുന്നുണ്ടെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. 

നമ്മുടെ ജനസംഖ്യയില്‍ വലിയൊരു വിഭാഗം യുവജനങ്ങളുണ്ട്, അവരുടെ ഭാവി സാധ്യതകള്‍ ശോഭനമാകുന്നതിന് അവരുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും നാം നിക്ഷേപിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നതിലൂടെ, നമ്മുടെ ജനസംഖ്യ നമ്മുടെ ഏറ്റവും വലിയ ആസ്തിയായി മാറും. യുവാക്കളെ പുറം രാജ്യങ്ങളിലേക്ക് നിര്‍ബന്ധപൂര്‍വ്വം പറഞ്ഞയയ്ക്കാതെ നമ്മുടെ രാജ്യത്തിന്റെ ബൗദ്ധിക സ്വത്തുക്കളാക്കി മാറ്റേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. 

നമ്മുടെ നാടിനെ നശിപ്പിക്കുന്ന വിപത്തായി മാറിയ ലഹരിയുടെ ഉപയോഗത്തെ ഇല്ലായ്മ ചെയ്യാന്‍ കൂടി നമുക്ക് കഴിയണമെന്നും വിദ്യാര്‍ത്ഥികളെ ലഹരിയില്‍നിന്നും അകറ്റി നല്ല ചിന്തകളിലേക്ക് കരുതലിന്റെ ഭാഷയാല്‍ തളച്ചിടാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കമിടാന്‍ നമ്മുടെ അധ്യാപകര്‍ക്ക് കഴിയണമെന്നും പാഠപുസ്തകത്തിലെ പാഠങ്ങള്‍ക്കും അപ്പുറത്ത് ജീവിതത്തിന്റെ പാഠങ്ങള്‍ പകരാന്‍ അധ്യാപകര്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. മാതാപിതാക്കളും പൊതുപ്രവര്‍ത്തകര്‍ക്കും ഈ വിഷയത്തില്‍ വലിയ പങ്കുവഹിക്കാന്‍ കഴിയും. ലഹരിയില്‍ നിന്നും നമ്മുടെ യുവതലമുറയെ സംരക്ഷിച്ചാല്‍ മാത്രമേ നാടിന്റെ പുരോഗതിയും സമഗ്ര വളര്‍ച്ചയും ഉറപ്പുവരുത്താന്‍ കഴിയൂ. ഈ സ്വാതന്ത്ര്യ ദിനം സമൂഹത്തില്‍ വിപത്തായി പടര്‍ന്നു പന്തലിച്ച ലഹരി മരുന്ന് വ്യാപനത്തിന് എതിരായ പോരാട്ടങ്ങള്‍ക്കുള്ള തുടക്കമാവട്ടെ എന്നും സ്വാതന്ത്ര്യദിന സന്ദേശത്തില്‍ മന്ത്രി പറഞ്ഞു. 

ചടങ്ങില്‍ എം.എല്‍.എ രാജന്‍ ജെ. പല്ലന്‍, തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ജില്ലാ കളക്ടര്‍    ശിഖ സുരേന്ദ്രന്‍, തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി ടി. നാരായണന്‍, ജില്ലാ പോലീസ് മേധാവി (സിറ്റി) നകുല്‍ രാജേന്ദ്ര ദേശ്മുഖ്, ജില്ലാ പോലീസ് മേധാവി (റൂറല്‍) മുഹമ്മദ് നദീമുദ്ദീന്‍, എ.ഡി.എം എം. സന്ദീപ്, അസി. കളക്ടര്‍ എ.സി പ്രീതി എന്നിവര്‍ സംബന്ധിച്ചു.

പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ഫയര്‍ഫോഴ്‌സ്, എസ്.പി.സി, എന്‍.സി.സി ഉള്‍പ്പെടെ 24 പ്ലറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. വിയ്യൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ കെ.എം മഹേഷ്‌കുമാര്‍ പരേഡ് നയിച്ചു. ഡി.എച്ച്.ക്യു ക്യാമ്പിലെ സബ് ഇന്‍സ്പെക്ടര്‍ എം.പി വിനയചന്ദ്രനായിരുന്നു സെക്കന്റ് ഇന്‍ കമാന്റ്. മികച്ച പ്രകടനം കാഴ്ചവെച്ച പ്ലറ്റൂണുകള്‍ക്ക് മന്ത്രി പുരസ്‌കാരം സമ്മാനിച്ചു. ചടങ്ങില്‍ സായുധസേനാ പതാക നിധിയിലേക്ക് കൂടുതല്‍ തുക സമാഹരിച്ച സ്ഥാപനങ്ങള്‍ക്കുള്ള റോളിംഗ് ട്രോഫി ഗുരുവായൂര്‍ ദേവസ്വം ഇംഗ്ലീഷ് മീഡിയം സ്‌കൂളിനും 24 കേരള ബറ്റാലിയന്‍ എന്‍.സി.സി തൃശ്ശൂരിനും മന്ത്രി സമ്മാനിച്ചു.

Tags