പട്ടികവർഗ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കും: മന്ത്രി ഒ ആർ കേളു
പട്ടിക വർഗ സമൂഹത്തിന്റെ ക്ഷേമ പ്രവർത്തനങ്ങളടക്കം മുഴുവൻ പദ്ധതികളും കൂടുതൽ കാര്യക്ഷമമാക്കി വേഗത്തിലാക്കുന്ന നടപടികളാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നോക്കക്ഷേമ വികസന വകുപ്പ് മന്ത്രി ഒ ആർ കേളു അഭിപ്രായപ്പെട്ടു. തിരുവനന്തപുരം വികാസ് ഭവനിൽ നടന്ന ചടങ്ങിൽ പട്ടിക വർഗ ഓഫീസുകളിൽ നടപ്പിലാക്കിയ ഇ ഓഫീസ് സംവിധാനം, പദ്ധതികളുടെ പ്രവർത്തന അവലോകന യോഗം എന്നിവ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
പട്ടികവർഗ വികസന വകുപ്പിന്റെ മുഴുവൻ ഓഫീസുകളിലും ഇ ഓഫീസ് സംവിധാനം നിലവിൽ വരുന്നതോടെ നടപടികൾ കൂടുതൽ വേഗതയും സുതാര്യതയും ഉറപ്പാകും. ഏറ്റവും പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പാക്കുന്ന സംവിധാനം എന്ന നിലയിൽ വകുപ്പിന് വളരെ പ്രാധാന്യമുണ്ട്. ഇഗ്രാന്റ്സ് തുക വിതരണം ചെയ്തതടക്കം സമയബന്ധിതമായി പദ്ധതികൾ പൂർത്തീകരിക്കുന്നു എന്നത് അഭിമാനകമാണ്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ സേവനം ഉറപ്പുവരുത്താൻ കഴിയുന്ന ഓഫീസ് സംവിധാനങ്ങളും നടപടികളും ഉറപ്പുവരുത്തണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഫോൺ വിളികൾക്ക് കൃത്യമായി മറുപടി നൽകുക, സെക്ഷനുകൾ സൂചിപ്പിക്കുന്ന കൃത്യമായ ബോർഡ് പ്രദർശിപ്പിക്കുക, ഫയലുകൾ സമയബന്ധിതമായി പരിശോധിക്കുക എന്നിവ ഇതിൽ പ്രധാനമാണ്.
ചികിൽസാ ധനം, വിദ്യാഭ്യാസ സ്‌കോളർഷിപ്പ് തുടങ്ങിയവയിൽ കാലതാമസം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. വകുപ്പിന്റെ പദ്ധതി പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കി പ്രസിദ്ധീകരിച്ച സർവേ റിപ്പോർട്ടിലെ വിവരങ്ങൾ വകുപ്പിന്റെ തുടർപ്രവർത്തനങ്ങൾക്ക് ഗുണകരമാകും. സർവേ റിപ്പോർട്ടിലെ ഡേറ്റ പരിശോധിച്ച് അവലോകനം നടത്തി തുടർ പ്രവർത്തനങ്ങൾക്കായി സർക്കാർ ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.ചടങ്ങിൽ സർവേ റിപ്പോർട്ട് ഡയറക്ടർ ഡോ.രേണു രാജ് മന്ത്രിക്ക് കൈമാറി.
പട്ടിക വർഗ വകുപ്പ് ഡയറക്ടർ ഡോ. രേണുരാജ്, ജോയിന്റ് ഡയറക്ടർ കെ എസ് ശ്രീരേഖ, ഡെപ്യൂട്ടി ഡയറകർമാരായ ബിബിൻ ദാസ് വൈ, എസ് ഷുമിൻ ബാബു തുടങ്ങിയവർ സംബന്ധിച്ചു.