ഇതര രാജ്യങ്ങളുമായി മത്സരിക്കാൻ കേരളത്തിലെ വിദ്യാഭ്യാസ മേഖല ശാക്തീകരിക്കും : മന്ത്രി എൻ ഷംസുദ്ദീൻ

Shamsudheen minister

പുതിയ കാലത്ത് കേരളത്തിലെ വിദ്യാർഥികൾക്ക് മത്സരിക്കേണ്ടിവരുന്നത് മറ്റു രാജ്യങ്ങളിലെ കുട്ടികളുമായാണെന്നും അതിന് പ്രാപ്തരാക്കുംവിധം വിദ്യാഭ്യാസ മേഖല ശാക്തീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ ഷംസുദ്ദീൻ. പ്ലസ് വൺ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് തലക്കുളത്തൂർ സി.എം.എം ഹയർസെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. 
ലോകം ഗ്ലോബൽ വില്ലേജായി മാറുകയും അകലം കുറയുകയും ചെയ്ത കാലത്ത് വിദ്യാഭ്യാസ രംഗത്തും അനുദിനം മാറ്റങ്ങളുണ്ടാകുന്നു. ലോകം സഞ്ചരിക്കുന്നതിനൊപ്പം നമുക്കും സഞ്ചരിക്കാനാവുകയും എല്ലാ വിദ്യാഭ്യാസ സ്വപ്‌നങ്ങളും സഫലീകരിക്കാനാവുകയും വേണം.

 ഒരു പുതുയുഗപ്പിറവിയിലേക്കും വലിയ മാറ്റത്തിലേക്കും കേരളം കടന്നുവരണം. മറ്റുള്ളവരെ വിദ്യാഭ്യാസത്തിനായി ഇവിടേക്ക് ആകർഷിക്കാനാവുംവിധം നമ്മുടെ വിദ്യാഭ്യാസ രീതികൾ പരിഷ്‌കരിച്ച് മുന്നോട്ടുപോകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഉൾപ്പെടെയുണ്ടായ നൂതന മാറ്റങ്ങൾ വിദ്യാഭ്യാസ രംഗത്തും പ്രകടമാകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. സ്വന്തം കഴിവുകൾ വിദ്യാർഥികൾ സ്വയം വിലയിരുത്തുകയും ഏത് മേഖലയിലെത്തിയാൽ ശോഭിക്കാനാവുമെന്ന് ഓരോരുത്തരും തിരിച്ചറിയുകയും വേണം. സ്വപ്‌നം കാണുന്ന മേഖലകളിലും ചുമതലകളിലും എത്താനാവണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സ്‌കൂളിന്റെ സുവർണജൂബിലി ആഘോഷത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. അഡ്വ. വിദ്യ ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷയായി. എം കെ രാഘവൻ എം.പി മുഖ്യാതിഥിയായി. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ സ്‌നേഹിൽ കുമാർ സിങ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ നവാസ്, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രബിത ചീരോത്ത്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ കെ രാമചന്ദ്രൻ, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടി ദിവാകരൻ, ഗ്രാമപഞ്ചായത്ത് അംഗം സൂര്യ ജോഷിത്ത്, ഹയർസെക്കൻഡറി കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസിലിങ് സെൽ സംസ്ഥാന കോഓഡിനേറ്റർ ഡോ. സി.എം അസീം, കോഴിക്കോട് ആർ.ഡി.ഡി എസ് സുധ, പി.എസ്.സി മുൻ അംഗം ടി ടി ഇസ്മായിൽ, പ്രിൻസിപ്പൽ ഫാത്തിമ ഹന്ന ഹഗർ, പ്രധാനാധ്യാപിക നിഷ എൻ ചിറയിൽ, കെ മധു, അബ്ദുൽ അസീസ്, ഇ കെ അഖ്മൽ, എൻ കെ അബ്ദുൽ സത്താർ, വി ടി അനുപമ, അഭിലാഷ് കാവാട്ട് എന്നിവർ സംസാരിച്ചു.
 

Tags