ഹൈസ്‌കൂളുകളിൽ എറൈസ് ഹബ്ബുകൾ സ്ഥാപിക്കും: മന്ത്രി എൻ ഷംസുദ്ദീൻ

Shamsudheen minister

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് കൈറ്റിലൂടെ (കേരള ഇൻഫ്രാസ്ട്രെക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യുക്കേഷൻ) നടപ്പിലാക്കുന്ന എറൈസ് പദ്ധതിയിലൂടെ (എ ഐ & റോബോട്ടിക്സ് ഇനിഷ്യേറ്റീവ് ഫോർ സ്‌കൂൾ എഡ്യുക്കേഷൻ) ഹൈസ്‌കൂളുകളിൽ എറൈസ് ഹബ്ബുകൾ സ്ഥാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. നിർമിതബുദ്ധിയുടെയും റോബോട്ടിക്സിന്റെയും പഠന-പരീക്ഷണ സാധ്യതകൾ വിപുലപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കൈറ്റിന്റെ ആഭിമുഖ്യത്തിൽ ശിക്ഷക് സദനിൽ സംഘടിപ്പിച്ച ഹൈസ്‌കൂൾ പ്രഥമാധ്യാപകരുടെ ശില്പശാലയുടെ ഉദ്ഘാടനവും എറൈസ് പദ്ധതിയുടെ മാർഗരേഖാ പ്രകാശനവും നിർവഹിക്കുകയായിരുന്നു മന്ത്രി.

വിദ്യാർഥികൾക്ക് ആശയങ്ങൾ രൂപപ്പെടുത്താനും പരീക്ഷണങ്ങൾ നടത്താനും പ്രോട്ടോടൈപ്പുകൾ വികസിപ്പിക്കാനും എറൈസ് പദ്ധതിയിലൂടെ  അവസരം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. നാലാം ക്ലാസ് മുതൽ കോഡിങ്ങും ഏഴാം ക്ലാസ് മുതൽ എ.ഐയും പത്താം ക്ലാസിൽ റോബോട്ടിക്സും ഉൾപ്പെടുത്തിയ ഐ.സി.ടി. പാഠ്യപദ്ധതിയുടെ തുടർച്ചയായാണ് പദ്ധതി നടപ്പാക്കുന്നത്. ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ പ്രവർത്തിക്കുന്ന രണ്ടായിരത്തി ഒരുന്നൂറോളം ഹൈസ്‌കൂളുകളിൽ അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ സജ്ജമാക്കിയിട്ടുണ്ട്. മൈക്രോ കൺട്രോളർ ബോർഡുകൾ, സെൻസറുകൾ, മോട്ടോറുകൾ എന്നിവ ഉൾപ്പെടുന്ന കിറ്റുകൾ ഉപയോഗിച്ചാണ് ഓരോ സ്‌കൂളിലും എറൈസ് ഹബ്ബുകൾക്ക് തുടക്കമിടുക. കാഴ്ചപരിമിതർക്കുള്ള സ്മാർട്ട് വാക്കിംഗ് സ്റ്റിക്ക്, ഗ്യാസ് ഡിറ്റക്ടർ, എ.ഐ. അധിഷ്ഠിത സ്മാർട്ട് ഡോർ ലോക്ക് തുടങ്ങിയ ഉപകരണങ്ങളുടെ മാതൃകകൾ വിദ്യാർഥികൾക്ക് രൂപപ്പെടുത്താനാകും. ഇതിലേക്കായി സ്‌കൂളുകളുടെ തിരഞ്ഞെടുക്കൽ, അക്കാദമിക ആസൂത്രണം, പരിശീലനം എന്നിവ സെപ്റ്റംബറിനകം  പൂർത്തിയാക്കും. പദ്ധതി വിജയകരമായി നടപ്പാക്കാൻ പ്രഥമാധ്യാപകർ നേതൃത്വം നൽകണമെന്ന് മന്ത്രി നിർദേശിച്ചു.

സർക്കാരിന്റെ  100 ദിന കർമപദ്ധതിയുടെ ഭാഗമായി വകുപ്പ് ആസൂത്രണം ചെയ്യുന്ന  16 പദ്ധതികളിൽ കൈറ്റ് മുഖേന അഞ്ചു പദ്ധതികളാണ് നടപ്പിലാക്കുന്നത്. എറൈസ് പദ്ധതിക്കു പുറമേ ഡിജിറ്റൽ സ്‌ക്വയർ, താരാപഥം, സ്‌കൂൾ വിക്കിത്തോൺ,  സൈബർ സുരക്ഷാ പ്രോട്ടോക്കോൾ 2026 പരിശീലനം എന്നിവയാണ് മറ്റു പദ്ധതികൾ.  അക്കാദമിക നിലവാരം വിലയിരുത്തുന്നതിനാണ് താരാപഥം പ്ലാറ്റ്ഫോം ഊന്നൽ നൽകുന്നത്. വിദ്യാർഥികളുടെ സ്വയംപഠനം ശക്തിപ്പെടുത്തുന്നതിനും അക്കാദമിക പുരോഗതി വിലയിരുത്തി രക്ഷിതാക്കൾക്ക് ലഭ്യമാക്കുന്നതിനും പിന്നാക്കം പോകുന്ന കുട്ടികൾക്ക് തിരുത്തൽ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്നതിനും ഇതു സഹായകമാകും.  ഇന്ത്യയിലെ ഏറ്റവും വലിയ പ്രാദേശിക അറിവ് ശേഖരമായ സ്‌കൂൾ വിക്കിയിൽ വിദ്യാലയങ്ങളുടെ വിവരങ്ങൾ സമയബന്ധിതമായി പുതുക്കുന്ന പ്രവർത്തനങ്ങളും 100 ദിന കർമപദ്ധതിയുടെ ഭാഗമാണ്. സ്‌കൂളുകളിൽ സാങ്കേതികവിദ്യയുടെ സുരക്ഷിത ഉപയോഗം ഉറപ്പാക്കാൻ സൈബർ സുരക്ഷാ പ്രോട്ടോക്കോൾ 2026 ന്റെ ഭാഗമായി എല്ലാ വിദ്യാലയങ്ങളിലുമുള്ള സൈബർ സേഫ്റ്റി കമ്മിറ്റികൾ സജീവമായി പ്രവർത്തിക്കുന്നുവെന്ന് പ്രഥമാധ്യാപകർ ഉറപ്പാക്കണമെന്നും മന്ത്രി വ്യക്തമാക്കി.

പൊതുവിദ്യാഭ്യസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഡോ. ഡി. സജിത് ബാബു അദ്ധ്യക്ഷനായ ചടങ്ങിൽ  ഡയറക്ടർ സ്നേഹിൽ കുമാർ സിംഗ്, കൈറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അൻവർ സാദത്ത്, വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ബിജു തുടങ്ങിയവർ സന്നിഹിതരായി. തിരുവനന്തപുരം കൂടാതെ  മറ്റു 11 ജില്ലകളിലേയും ഹൈസ്‌കൂൾ പ്രഥമാധ്യാപകർ  ശില്പശാലയിൽ ഓൺലൈനായി പങ്കുചേർന്നു.

Tags