തുല്യതയുള്ള, സുരക്ഷിതമായ പഠനാന്തരീക്ഷം ഉറപ്പാക്കും: മന്ത്രി എൻ. ഷംസുദ്ദീൻ
പാലക്കാട് : വിവേചനങ്ങൾ ഇല്ലാത്ത, തുല്യതയുള്ള, സുരക്ഷിതമായ പഠനാന്തരീക്ഷം ഓരോ കുട്ടിക്കും ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് പൊതുവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. പൊറ്റശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ജില്ലാതല പ്രവേശനോത്സവത്തിൽ വീഡിയോ സന്ദേശം മുഖേന സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌കൂളുകൾ പഠനത്തിന് മാത്രമുള്ള ഇടമല്ലെന്നും കുട്ടികളുടെ അഭിരുചിക്കനുസരിച്ച് പറന്നുയരാനുമുള്ള ചുവടുവെപ്പുകളാണ് വിദ്യാലയങ്ങളിൽ നിന്ന് ആർജിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.ഭയമില്ലാതെ ചോദ്യങ്ങൾ ചോദിക്കാനും സംശയങ്ങൾ പ്രകടിപ്പിക്കാനും കുട്ടികൾക്ക് കഴിയുന്ന ക്ലാസ് മുറികളിലാണ് മികച്ച വിദ്യാർഥികളും അധ്യാപകരും രൂപപ്പെടുന്നത്. പാഠഭാഗങ്ങൾ തീർക്കുന്നതിനപ്പുറം കുട്ടികളുടെ ഉള്ളിലെ പ്രതിഭകളെ തിരിച്ചറിഞ്ഞ് ഒപ്പം നിൽക്കാൻ അധ്യാപകർക്ക് സാധിക്കണം. സാങ്കേതികവിദ്യ കോർത്തിണക്കി മികച്ച പഠനാന്തരീക്ഷം ഒരുക്കാനും ശ്രദ്ധിക്കണം. കുട്ടികളെ മറ്റുള്ളവരുമായി താരതമ്യം ചെയ്ത് അവരുടെ ആത്മവിശ്വാസം തകർക്കരുത്. അവർക്ക് മികച്ച പിന്തുണ നൽകി അധ്യാപകർക്കൊപ്പം രക്ഷിതാക്കളും ചേർന്നുനിൽക്കണം. അത്യാധുനിക സൗകര്യങ്ങളുള്ള ഹൈടെക് ക്ലാസ് മുറികളോടെയാണ് വിദ്യാലയങ്ങൾ കുട്ടികളെ വരവേൽക്കുന്നതെന്നും കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ ലോകത്തിന് തന്നെ മാതൃകയാക്കി മാറ്റണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജില്ലാതല പ്രവേശനോത്സവ പരിപാടി വി.കെ ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. പഠനത്തിന് പുറമെ, പാഠ്യേതര പ്രവർത്തനങ്ങളിലും കലാകായിക രംഗത്തും മികവ് തെളിയിക്കാൻ വിദ്യാർഥിക്കളെ പ്രാപ്തരാക്കണമെന്ന് അദ്ദേഹം പറഞ്ഞു. നൈസർഗികമായ കഴിവുകളെ പ്രോത്സാഹിപ്പിക്കണം. വ്യക്തിത്വവികസനം, സത്യസന്ധത, സൽസ്വഭാവം തുടങ്ങിയ മൂല്യങ്ങൾ വികസിപ്പിക്കുന്നതിന് മികച്ച വിദ്യാലയന്തരീക്ഷം സഹായിക്കുമെന്നും എം.പി ഓർമിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് ആക്ടിംഗ് പ്രസിഡന്റ് എൻ സരിത അധ്യക്ഷയായി. ജില്ലാ കലക്ടർ കെ സുധീർ മുഖ്യാതിഥിയായി. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു ശങ്കർ നവാഗതരെ സ്വീകരിച്ചു. സ്‌കൂൾ ലോഗോ പ്രകാശനം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രൻ നിർവഹിച്ചു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയ് ജോസഫ്, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അരുൺ ഓലിക്കൽ, ജില്ലാ പഞ്ചായത്ത് അംഗം ബീന ജോയ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ നിസാമുദ്ദീൻ പൊന്നംകോട്, വി കെ റഷീന, മണ്ണാർക്കാട് ഡി ഇ ഒ വി അനിത, ഡയറ്റ് പ്രിൻസിപ്പൽ ഡോ. പി ശശിധരൻ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരായ പി അബൂബക്കർ, കെ എൻ കൃഷ്ണകുമാർ, കെ കെ മണികണ്ഠൻ, പിടിഎ, എം പി ടി എ പ്രസിഡന്റുമാരായ പി ജയരാജൻ, വിസ്മി ഷിന്റോ, സ്‌കൂൾ പ്രിൻസിപ്പൽ പി സന്തോഷ് കുമാർ, സ്‌കൂൾ പാർലമെന്റ് ചെയർപേഴ്‌സൺ മാസ്റ്റർ വി പ്രഫുൽദാസ്, സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
.jpg)

