തദ്ദേശ സ്ഥാപനങ്ങൾ തനത് വിഭവ സമാഹരണം വർധിപ്പിക്കേണ്ടത് അനിവാര്യം: മന്ത്രി എം.ബി. രാജേഷ്

google news
dfx

മലപ്പുറം : പ്രാദേശിക സർക്കാരുകൾ എന്ന നിലയിൽ തദ്ദേശ സ്ഥാപനങ്ങൾ തനത് വിഭവ സമാഹരണം വർധിപ്പിക്കേണ്ടത് അനിവാര്യമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കോട്ടയ്ക്കൽ നഗരസഭാ ബസ് സ്റ്റാൻഡ് കം ഷോപ്പിങ് കോംപ്ലക്‌സ് ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാത ഉൾപ്പടെയുള്ള റോഡുകൾ പൂർത്തീകരിക്കുന്നതോടെ അത്ഭുതകരമായ മാറ്റങ്ങൾക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുകയെന്ന് മന്ത്രി പറഞ്ഞു. വാട്ടർ മെട്രോ രാജ്യത്തിന് തന്നെ മാതൃകയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബസ് സ്റ്റാൻഡ് ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷും ഷോപ്പിങ് കോംപ്ലക്‌സ് സമർപ്പണം ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും നിർവഹിച്ചു. പരിപാടിയിൽ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അധ്യക്ഷനായിരുന്നു. ചരിത്ര സ്മാരകം അനാച്ഛാദനം കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി. മാധവൻകുട്ടി വാര്യർ നിർവഹിച്ചു. നാടക അക്കാദമി അവാർഡ് ജേതാവ് കോട്ടക്കൽ മുരളിക്കുള്ള ആദരം നഗരസഭാ ഉപാധ്യക്ഷൻ പി.പി ഉമ്മർ സമർപ്പിച്ചു.


പഴയ സ്റ്റാൻഡും കെട്ടിടങ്ങളും പൊളിച്ചുമാറ്റി ഒന്നര ഏക്കറിലാണ് 27 കോടി ചെലവഴിച്ച് പുതിയ ബസ് സ്റ്റാൻഡും ഷോപ്പിങ് കോംപ്ലക്‌സും പൂർത്തീകരിച്ചത്. ഒരേ സമയം 20 ലധികം ബസുകളെ ഉൾക്കൊള്ളാവുന്നതാണ് സ്റ്റാൻഡ്. യാത്രാ സൗകര്യത്തിനായി വശങ്ങളിലെ റോഡുകൾ 10 മീറ്ററോളം വീതി കൂട്ടുകയും ചെയ്തിട്ടുണ്ട്. 104 മുറികൾ, ആധുനിക സംവിധാനത്തോടെയുള്ള ശുചിമുറി, സ്റ്റാൻഡിന് മുകളിലായി വാഹന പാർക്കിങ് സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്.
പരിപാടിയിൽ പി. ഉബൈദുള്ള എം.എൽ.എ, ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി, കോട്ടയ്ക്കൽ നഗരസഭാ അധ്യക്ഷ ബുഷ്‌റ ഷബീർ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ ഡോ. ഹനീഷ, ആലമ്പാട്ടിൽ റസാക്ക്, പുതുക്കിടി മറിയാമു, പി.ടി അബ്ദുൽ നാസർ, പാറോളി റംല, കൗൺസിലർമാരായ ടി. കബീർ, കെ. ഗോപിനാഥൻ, കെ.പി.എ റാഷിദ്, വിവിധ നഗരസഭ അധ്യക്ഷർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ സംസാരിച്ചു. കോട്ടയ്ക്കൽ നഗരസഭാ സെക്രട്ടറി ആർ. കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

Tags