ജനകീയ ആരോഗ്യ പ്രസ്ഥാനത്തിന് രൂപം നല്‍കുകയാണ് അന്‍പോടെ തൃത്താലയുടെ ലക്ഷ്യം: മന്ത്രി എംബി രാജേഷ്


പാലക്കാട് : അന്‍പോടെ തൃത്താലയിലൂടെ വലിയ ജനകീയ ആരോഗ്യ പ്രസ്ഥാനത്തിന് രൂപം നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. അന്‍പോടെ തൃത്താല പദ്ധതിയുടെ ഭാഗമായി നടത്തുന്ന മെഡിക്കല്‍ ക്യാമ്പിന് മുന്നോടിയായുള്ള ആലോചന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
തൃത്താല പോലൊരു ഗ്രാമീണ മേഖലയില്‍ വിദഗ്ധ ചികിത്സക്കും ആരോഗ്യ പരിചരണത്തിനുമായി സമീപ ജില്ലകളിലെ ആശുപത്രികളെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ഇതിനൊരു മാറ്റം വരുത്തുകയാണ് അന്‍പോടെ തൃത്താല പദ്ധതിയുടെ ലക്ഷ്യം. പ്രസിദ്ധമായ ആശുപത്രികളിലെ പ്രശസ്തരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തും. ഇതിനായി ഡോക്ടര്‍മാരുടെ പിന്തുണ മന്ത്രി അഭ്യര്‍ത്ഥിച്ചു.

വാവനൂര്‍ അഷ്ടാംഗം ആയുര്‍വേദ കോളേജില്‍ നടന്ന ആലോചനാ യോഗത്തില്‍ അന്‍പോടെ തൃത്താല പ്രസിഡന്റ് ഡോ ഇ.സുഷമ, ഡോ ജോ ജോസഫ്, ഡോ രാമകൃഷ്ണന്‍, വി.കെ ചന്ദ്രന്‍, ഡി എം ഒ ഡോ വിദ്യ, ഡോ. സേതുമാധവന്‍, ഡോ പി.കെ ഗോപിനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ ആശുപത്രികളില്‍ നിന്നുള്ള വിദഗ്ധ ഡോക്ടര്‍മാര്‍ പങ്കെടുത്തു.