എക്‌സൈസ് വകുപ്പിൽ സംസ്ഥാനതലത്തിൽ നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ രൂപീകരിക്കും: മന്ത്രി എം.ബി രാജേഷ്

MB Rajesh

 തൃശ്ശൂർ :എക്‌സൈസ് വകുപ്പിൽ സംസ്ഥാനതലത്തിൽ നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ രൂപീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ, പാർലമെന്ററികാര്യ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. തൃശ്ശൂർ, പൂത്തോൾ സ്റ്റേറ്റ് എക്സൈസ് അക്കാദമി ഗ്രൗണ്ടിൽ നടന്ന മുഖ്യമന്ത്രിയുടെ 2024 ലെ എക്സൈസ് മെഡൽ വിതരണവും പരിശീലനം പൂർത്തിയാക്കിയ എക്‌സൈസ് ഇൻസ്‌പെക്ടർമാരുടെയും വനിതാ-സിവിൽ എക്‌സൈസ് ഓഫീസർമാരുടെയും പാസിംഗ് ഔട്ട് പരേഡിൽ സേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എക്‌സൈസ് അക്കാദമിയുടെ പ്രവർത്തനം വിപുലപ്പെടുത്തുമെന്നും എക്‌സൈസ് വകുപ്പ് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എക്‌സൈസ് വകുപ്പിൽ ഈ സർക്കാരിന്റെ കാലത്ത് 2600ലധികം നിയമനങ്ങൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

tRootC1469263">

134 പേർകൂടി എക്‌സൈസ് സേനയുടെ ഭാഗമായി. ഇവർ പ്രതിജ്ഞയെടുത്ത് ജോലിയുടെ ഭാഗമാകുകമാത്രമല്ല ചെയ്യുന്നത് ഒരു വലിയ സാമൂഹിക ഉത്തരവാദിത്വം ഏറ്റെക്കുകകൂടിയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. സേനയുടെ ഭാഗമായ എല്ലാവരുംതന്നെ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. ബിരുദ-ബിരുദാനന്തര പ്രൊഫഷണൽ യോഗ്യതകളുള്ളവരാണ് പരിശീലനം പൂർത്തിയാക്കി എക്‌സൈസ് സേനയുടെ ഭാഗമായതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

16 എക്‌സൈസ് ഇൻസ്‌പെക്ടർമാരും 71 സിവിൽ എക്‌സൈസ് ഓഫീസർമാരും 47 വനിത സിവിൽ എക്‌സൈസ് ഓഫീസർ മാരുമാണ് പരിശീലനം പൂർത്തിയാക്കി എക്‌സൈസ് സേനയുടെ ഭാഗമായത്. പരിശീലനത്തിന്റെ വിവിധ മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കേഡറ്റുകൾക്ക് പുരസ്‌കാര വിതരണവും മുഖ്യമന്ത്രിയുടെ എക്‌സൈസ് മെഡൽ വിതരണവും മന്ത്രി നിർവ്വഹിച്ചു.

പരിശീലനം പൂർത്തിയാക്കിയ ട്രെയിനികളിൽ 71 ബിരുദധാരികൾ, 20 ബിരുദാനന്തര ബിരുദധാരികൾ, ഒരു എം.ടെക് ബിരുദധാരി, 24 ബി.ടെക് ബിരുദധാരികൾ, ഒരു ബി.എ.എം.എസ്. ബിരുദധാരി, ഒരു ബി.ഡി.എസ് ബിരുദധാരി, 4 ബി.എഡ്. ബിരുദധാരികൾ, 5 ഡിപ്ലോമ ബിരുദധാരികളും ഉൾപ്പെടുന്നു. ആലപ്പുഴയിൽ നിന്നുള്ള സിവിൽ എക്‌സൈസ് ഓഫീസർ, വനിത സിവിൽ എക്‌സൈസ് ഓഫീസർ തസ്തികകളിൽ നിയമനം ലഭിച്ച ഒരു കുടുംബത്തിൽ നിന്നുള്ള എം. അനന്തുവും സഹോദരിയായ എം. അർച്ചനയും പാസ്സിംഗ് ഔട്ട് പരേഡിൽ ഒരുമിച്ച് പങ്കെടുത്തതും കൗതുക കാഴ്ചയായി.

ചടങ്ങിൽ എക്‌സൈസ് കമ്മീഷണർ എം.ആർ. അജിത്കുമാർ, എക്‌സൈസ് അക്കാദമി ഡയറക്ടർ ടി.എം മജു എന്നിവരും സല്യൂട്ട് സ്വീകരിച്ചു. തൃശ്ശൂർ കോർപ്പറേഷൻ മേയർ ഡോ. നിജി ജസ്റ്റിൻ, ജനപ്രതിനിധികൾ, പൗരപ്രമുഖർ, മറ്റു വകുപ്പുകളിലേയും എക്‌സൈസ് വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
 

Tags