മെൻസ്ട്രുവൽ കപ്പിന്റെ ഉപയോഗവും പ്രചാരവും വർദ്ധിപ്പിക്കണം: മന്ത്രി കെ.എൻ. ബാലഗോപാൽ

knbalagopal

തൃശ്ശൂർ : ചെലവേറിയതും പാരിസ്ഥിതിക പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതുമായ സാനിറ്ററി നാപ്കിനു പകരം മെൻസ്ട്രുവൽ കപ്പിന്റെ ഉപയോഗവും പ്രചാരവും വർദ്ധിപ്പിക്കണമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. വ്യക്തി ശുചിത്വം കൂടുതൽ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കും. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ഇൻസിനറേറ്ററും മെൻസ്ട്രുവൽ കപ്പും വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

tRootC1469263">

 സിന്തറ്റിക് നാപ്കിനുകൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിൽ ഇൻസിനറേറ്ററിന് പ്രധാന പങ്കു വഹിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ബജറ്റിൽ ഇൻസിനറേറ്ററുകൾക്കും മെൻസ്ട്രുവൽ കപ്പിനും തുക മാറ്റിവെച്ചത് രാജ്യത്താകെ ശ്രദ്ധ നേടിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്താദ്യമായി പരിസ്ഥിതി സൗഹൃദ ബജറ്റ് അവതരിപ്പിച്ച സംസ്ഥാനമാണ് കേരളമെന്നും അതിൽ ഉൾപ്പെട്ട പദ്ധതിക്കാണ് ഇന്ന് തുടക്കമായതെന്നും പദ്ധതി വിശദീകരണം നടത്തിയ ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എൻ. സീമ പറഞ്ഞു.

കൊല്ലം വെളിയം ഗ്രാമപഞ്ചായത്തിലെ മുട്ടറ ഗവ. ഹയർ സെക്കണ്ടറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന ചടങ്ങിൽ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാ ദേവി അധ്യക്ഷത വഹിച്ചു. വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രേഖ, ജില്ലാ പഞ്ചായത്ത് മെമ്പർ ഷിജു കുമാർ, വാർഡ് മെമ്പർമാരായ വിഷ്ണു രവീന്ദ്രൻ, പത്മാവതി അമ്മ, സ്‌കൂൾ പ്രിൻസിപ്പൽ എസ്. ശ്രീനിവാസൻ, എച്ച്.എൽ.എൽ.ലൈഫ് കെയർ സീനിയർ മാനേജർ രത്‌നാകർ ഗുപ്ത, കൊല്ലം ജില്ലാ കളക്ടർ ദേവീദാസ്, എച്ച്.എൽ.എൽ ഡെപ്യൂട്ടി ജനറൽ മാനേജർ നവീൻ തുടങ്ങിയവർ സംസാരിച്ചു. മെൻസ്ട്രുവൽ കപ്പ് ഉപയോഗം, ഇൻസിനറേറ്റർ ഉപയോഗം എന്നിവ സംബന്ധിച്ച് പഠന ക്ലാസും നടന്നു.

Tags