അര്‍ഹമായ വിഹിതം നല്‍കാതെ കേന്ദ്രം കേരളത്തെ ശ്വാസംമുട്ടിക്കുന്നു; മന്ത്രി കെ എന്‍ ബാലഗോപാല്‍

google news
K N Balagopal

 
കണ്ണൂർ :  കേരളം വികസിച്ചുവെന്ന കാരണത്താല്‍ കേന്ദ്രം അര്‍ഹതപ്പെട്ട വിഹിതം വെട്ടികുറക്കുകയാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. അഴീക്കോട് മണ്ഡലം നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. അര്‍ഹമായ കാര്യങ്ങള്‍ ലഭ്യമാക്കാതെ കേന്ദ്രം കേരളത്തെ ശ്വാസംമുട്ടിക്കുകയാണ്. എന്നാല്‍ ഇതിലൊന്നും തളരാതെ കേരളം മുന്നോട്ട് നീങ്ങുകയാണ്. 

ആളോഹരി വരുമാനം കൂടുതലുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. നീതി ആയോഗിന്റെ കണക്ക് പ്രകാരം 24 മേഖലകളില്‍ മറ്റ് സംസ്ഥാനങ്ങളെക്കാള്‍ മുന്നിലാണ്. യു എന്‍ റിപ്പോര്‍ട്ടില്‍ 'കേരളമോഡല്‍' എന്ന പരാമര്‍ശം നമ്മുടെ അഭിമാന നേട്ടമാണ്. ദേശീയപാത, തീരദേശ ഹൈവേ, മലയോര ഹൈവേ എന്നിവയുടെ പ്രവൃത്തികള്‍ ദ്രുതഗതിയിലാണ് പുരോഗമിക്കുന്നത്. കേരളത്തിന്റെ ഭാവിയില്‍ ഏറ്റവും വലിയ മാറ്റമുണ്ടാക്കാന്‍ കഴിയുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതി. മന്ത്രി പറഞ്ഞു.

ഇത്തരത്തില്‍ ആരോഗ്യം, വിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, ജീവിത നിലവാരം, തൊഴില്‍, വ്യവസായം, അടിസ്ഥാന സൗകര്യ വികസനം എന്നിങ്ങനെ സമസ്ത മേഖലകളിലും കേരളം മുന്നിട്ടുനില്‍ക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കിയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. അതിനാലാണ് ഇത്രയും ആത്മവിശ്വാസത്തോടെ ജനങ്ങള്‍ക്ക് മുന്നില്‍ എത്തിച്ചേര്‍ന്ന് ഭാവിയിലെ വികസനപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ നടത്തിയ താലൂക്ക്തല അദാലത്തില്‍ ലഭിച്ച ഭൂരിഭാഗം പരാതികളും തീര്‍പ്പാക്കാന്‍ കഴിഞ്ഞു.

 വര്‍ഷങ്ങളായി പരിഹരിക്കാന്‍ കഴിയാതെയിരുന്ന പ്രശ്‌നങ്ങള്‍ക്ക് പോലും പരിഹാരം കാണാന്‍ സാധിച്ചു. കേരളം ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളര്‍ച്ചക്കൊപ്പം ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. അതിനായാണ് നവകേരളത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനായി നവകേരള സദസ്സ് സര്‍ക്കാര്‍ ഒരുക്കിയത്. കഴിഞ്ഞ വര്‍ഷങ്ങളിലെ അനുഭവങ്ങള്‍ വിലയിരുത്തി ഇനി എങ്ങനെ മുന്നോട്ട് പോകണം എന്ന് ചര്‍ച്ച ചെയ്യാനുള്ള വേദിയായിരുന്നു കേരളീയവുമെന്ന് മന്ത്രി പറഞ്ഞു.

Tags