നവകേരള സദസില്‍ പങ്കാളിത്തം പരമപ്രധാനം : മന്ത്രി കെ എന്‍ ബാലഗോപാല്‍

google news
Minister KN Balagopal

കൊല്ലം : ജനക്ഷേമപ്രവര്‍ത്തനങ്ങളുടെ അടയാളപ്പെടുത്തലും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ജനാഭിപ്രായവും തേടി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിസഭാംഗങ്ങള്‍ ജനസമക്ഷമെത്തുന്ന നവകേരള സദസില്‍ എല്ലാവരുടേയും പങ്കാളിത്തമാണ് സുപ്രധാനമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. സി കേശവന്‍ സ്മാരക ടൗണ്‍ ഹാളില്‍ നവകേരള സദസിന്റെ ജില്ലാതല പ്രവര്‍ത്തന അവലോകനയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. 

സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകവഴി തുടര്‍ പ്രവര്‍ത്തനത്തിനുള്ള നിര്‍ദേശങ്ങള്‍ സ്വരൂപിക്കാനാകും. വികസന പദ്ധതികള്‍ക്ക് കൂടുതല്‍ വേഗം കൈവരിക്കുന്നതിനും ക്ഷേമപ്രവര്‍ത്തനങ്ങളുടെ കാലനുസൃത പരിഷ്‌കരണത്തിനുമാണ് സദസ് ഊന്നല്‍ നല്‍കുക.
ഭാവികേരളത്തെ കണ്ടുകൊണ്ടുള്ള പരിപാടിയില്‍ പരമാവധി പങ്കാളിത്തമുണ്ടാകണം. 

ഉദ്യോഗസ്ഥരും ജനങ്ങളും ഒന്നുചേരുന്ന പരിപാടിയിലൂടെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ക്കാകും വഴിതുറക്കുക. പരിപാടിയുടെ പ്രാധാന്യം എല്ലാവരിലേക്കുമെത്തിക്കാന്‍ സംഘാടകര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഓരോ കമ്മിറ്റികളും നിക്ഷിപ്തമായ ചുമതലകള്‍ കൃത്യതയോടെ നിര്‍വഹിക്കണം. നാടിന്റെ പുരോഗതിക്ക് അനിവാര്യമായ പരിപാടിയെന്ന ബോധ്യത്തോടെ കൂട്ടായി പ്രവര്‍ത്തിച്ച് വിജയം ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.


എം എല്‍ എമാരായ എം മുകേഷ്, സുജിത്ത് വിജയന്‍ പിള്ള, കോവൂര്‍ കുഞ്ഞുമോന്‍, ജി എസ് ജയലാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, മുന്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, എ ഡി എം ആര്‍ ബീനാറാണി, എ സി പി സോണി ഉമ്മന്‍ കോശി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags