ശുചിത്വ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനം വേഗത്തിലാക്കണം: മന്ത്രി കെ. എം. ഷാജി
സംസ്ഥാനത്തെ ശുചിത്വ അടിസ്ഥാനസൗകര്യ വികസനവും മാലിന്യ പരിപാലന പ്രവർത്തനങ്ങളും കൂടുതൽ വേഗത്തിലാക്കേണ്ടതുണ്ടെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി പറഞ്ഞു. തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മാലിന്യ പരിപാലന യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള ഭൂമി കണ്ടെത്തുന്നതിലെ വെല്ലുവിളികൾ, വിവിധ പദ്ധതികൾക്കെതിരെ ഉയരുന്ന പ്രാദേശിക എതിർപ്പുകൾ, ശാസ്ത്രീയ മാലിന്യ പരിപാലന പദ്ധതികളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ജനബോധവത്കരണം എന്നിവ യോഗത്തിൽ ചർച്ചയായി. മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ സ്ഥാപിക്കുന്നതിൽ പൊതുജന പങ്കാളിത്തവും സാമൂഹിക സ്വീകാര്യതയും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത മന്ത്രി ചൂണ്ടിക്കാട്ടി.
ഫീക്കൽ സ്ലഡ്ജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ (FSTP), സെപ്‌റ്റേജ് മാനേജ്‌മെന്റ്, ഖര-ദ്രവ മാലിന്യ സംസ്‌കരണം തുടങ്ങിയ മേഖലകളിൽ ഉദ്യോഗസ്ഥരുടെയും വികസന പ്രവർത്തകരുടെയും സാങ്കേതിക വൈദഗ്ധ്യം വർധിപ്പിക്കേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി. ഹരിതകർമസേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, ശുചിത്വ മിഷൻ ജീവനക്കാർ തുടങ്ങിയവർക്കായി കൂടുതൽ ഫലപ്രദമായ പരിശീലന പരിപാടികൾ സംഘടിപ്പിക്കണമെന്നും നിർദേശിച്ചു.
കേരള ഖര മാലിന്യ സംസ്‌കരണ പദ്ധതി, സ്വച്ഛ് ഭാരത് മിഷൻ അമൃത് പദ്ധതി എന്നിവയുടെ ഭാഗമായി നടപ്പിലാക്കുന്ന പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. കൂടാതെ ക്ലീൻ കേരള കമ്പനി നടപ്പിലാക്കുന്ന 'ഇക്കോ ബാങ്ക്' പദ്ധതിയുടെ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കണമെന്നും വിലയിരുത്തി.
ശുചിത്വ-മാലിന്യ പരിപാലന പ്രവർത്തനങ്ങൾ കൂടുതൽ സജീവമായി നടപ്പാക്കുന്നതിനാവശ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകുമെന്ന് മന്ത്രി അറിയിച്ചു. വിവിധ വകുപ്പുകളിലെയും ഏജൻസികളിലെയും ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
.jpg)

