സമൃദ്ധിയ്ക്കും വികസനത്തിനും ലോകമാതൃകയാകാൻ കുടുംബശ്രീ 2.0 നടപ്പാക്കും: മന്ത്രി കെ.എം ഷാജി
തിരുവനന്തപുരം: സമൃദ്ധിക്കും വികസനത്തിനും ലോകമാതൃകയാക്കാൻ കുടുംബശ്രീ 2.0 നടപ്പാക്കുമെന്നും അതിജീവനത്തിൽ നിന്ന് അഭിവൃദ്ധിയിലേക്ക് എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി പറഞ്ഞു. കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും തമ്മിലുളള സംയോജന പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിൻറെ ഭാഗമായി പുതുതായി ചുമതലയേറ്റ തദ്ദേശ സ്ഥാപന അധ്യക്ഷർ, സി.ഡി.എസ് അധ്യക്ഷമാർ എന്നിവർക്കായി സംഘടിപ്പിച്ച ഏകദിന ശിൽപശാലയുടെ സംസ്ഥാനതല ഉദ്ഘാടനം ജവഹർ സഹകരണ ഭവനിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
കുടുംബശ്രീ 2.0 എന്നത് ഒരു പദ്ധതിയുടെ മാറ്റമല്ല, മറിച്ച് ഇതൊരു സമൂഹത്തിൻറെ വളർച്ചയുടെ പരിവർത്തന ഘട്ടമാണ്. സഹായം സ്വീകരിക്കുന്ന കുടുംബശ്രീയിൽ നിന്നും സാധ്യതകൾ സൃഷ്ടിക്കുന്ന കുടുംബശ്രീയിലേക്ക് മാറണം. തനിക്ക് സഹായം വേണം എന്ന ചിന്തയിൽ നിന്നും അവസരങ്ങൾ സ്വയം കണ്ടെത്താനുള്ള ആത്മവിശ്വാസത്തിലേക്ക് വളരുന്ന വിപ്ളവകരമായ മാറ്റം ഓരോ സ്ത്രീയിലും ഉണ്ടാകണം. കുടുംബശ്രീക്കൊപ്പം ഓരോ പഞ്ചായത്തിലെയും യുവജനങ്ങളും വിരമിച്ച തൊഴിൽ വിദഗ്ധരും പിന്തുണ നൽകാൻ പഞ്ചായത്തും കൈകോർത്തു പ്രവർത്തിക്കുന്നതിലൂടെ ഓരോ വാർഡും ചെറിയ സാമ്പത്തിക ശക്തികേന്ദ്രമാക്കി മാറ്റാൻ കഴിയും.
കുടുംബശ്രീ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുമ്പോൾ അതിൽ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം നിർബന്ധമായും ഉറപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. പുതിയ കാലത്തെ പുതിയ യാത്രയിൽ കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും ഒരുമിച്ചു നിന്ന് പ്രവർത്തിക്കേണ്ടതുണ്ട്. അതിനാവശ്യമായ എല്ലാ ഇടപെടലുകളും സർക്കാരിൻറെ ഭാഗത്തു നിന്നുണ്ടാകും. തദ്ദേശ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും കുടുംബശ്രീയെ പ്രയോജനപ്പെടുത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കഴിയണം. താഴെ തട്ടിലെത്തുന്ന ആനുകൂല്യങ്ങൾ കൃത്യസമയത്ത് യഥാർത്ഥ കരങ്ങളിലെത്താൻ കുടുംബശ്രീയെ പ്രയോജനപ്പെടുത്തണം. ഒരുമിച്ച് നിന്നാൽ ഉണ്ടാകാവുന്ന മാറ്റങ്ങൾ എത്ര വലുതാണെന്ന് തിരിച്ചറിയാനും അത് കാലത്തിനും ലോകത്തിനും കാണിച്ചു കൊടുക്കാനും കഴിയണം. 2.0 കേവലം ഒരു പേരല്ല. അതൊരു പരിവർത്തനമാണ്. ഈ യാത്ര മനോഹരമായി തുടങ്ങാനുള്ള എല്ലാ വിധ പിന്തുണയും നൽകുന്നതിന് സർക്കാർ ഒപ്പമുണ്ട്. കുടുംബശ്രീയുടെ ആത്മാവ്, സമത്വം, കൂട്ടായ്മ എന്നിവ സംരക്ഷിക്കപ്പെടണം. നമ്മുടെ സ്ത്രീകൾ പുതിയ സമ്പദ് വ്യവസ്ഥയിൽ പങ്കാളികളാവുക മാത്രമല്ല, അതിനെ നയിക്കുകയും വേണം. ഓരോ സ്ത്രീയും സാമ്പത്തികമായി ശാക്തീകരിക്കപ്പെടുന്നതിനൊപ്പം സമൂഹത്തിൻറെ ബഹുമാനവും നേടണം. സ്ത്രീകൾ കേരള ചരിത്രത്തിലെ ഏറ്റവും മനോഹരമായ ചരിത്രം എഴുതി കഴിഞ്ഞു. ഇനി എഴുതാനുള്ളത് സമൃദ്ധിയുടെയും വികസനത്തിൻറെയും നവീകരണത്തിൻറെയും ലോകമാതൃകയാവുന്ന കേരളത്തിൻറെ പുതിയ അധ്യായമാണ്. സഹായം തേടുന്ന കുടുംബശ്രീയിൽ നിന്ന് അവസരങ്ങൾ സൃഷ്ടിക്കുന്ന കുടുംബശ്രീയിലേക്കും ചെറിയ സംരംഭങ്ങളിൽ നിന്നും വലിയ
സാധ്യതകളിലേക്കും മാറണം. സാങ്കേതികവിദ്യകളും വിപണിയും ബിസിനസ് രീതികളും ഉപഭോക്തൃ പ്രതീക്ഷകളും മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങളെ ഉൾക്കൊണ്ട് സ്ത്രീകൾ ഡിജിറ്റൽ അറിവുകൾ നേടണം. ആധുനിക വിപണിയെ മനസിലാക്കി മികച്ച ഗുണനിലവാരമുള്ള ഉൽപന്നങ്ങളും ബ്രാൻഡുകളും നിർമിച്ചു കൊണ്ട് കേരളത്തിന് പുറത്തും ലോകത്തിനു മുന്നിലും എത്താൻ കഴിയണം. അങ്ങനെ നമ്മുടെ ചെറിയ വരുമാനദായക സംരംഭങ്ങളെ വലിയ സാമ്പത്തിക ശക്തിയായി മാറ്റാൻ കഴിയും. സ്വന്തം കാര്യങ്ങൾക്ക് മറ്റുള്ളവരെ ആശ്രയിക്കാതെ ആത്മവിശ്വാസത്തോടെ മുന്നേറുമ്പോഴും സാമ്പത്തികമായി ശാക്തീകരിക്കപ്പെടുമ്പോഴും സ്ത്രീകൾക്ക് കരുത്ത് ലഭിക്കുന്നു. കേരളത്തിൽ സ്ത്രീകൾക്ക് ആ കരുത്ത് നല്കിയത് കുടുംബശ്രീയാണെന്നും മന്ത്രി പറഞ്ഞു.
കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും തമ്മിലുള്ള സംയോജന പ്രവർത്തനങ്ങൾ ശക്തമാക്കുന്നത് പഞ്ചായത്തുകളുടെ സമഗ്രവികസനത്തിന് വഴിയൊരുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പ്രിയദർശിനി വി അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളുടെ വനിതാ ഘടക പദ്ധതിയിലും കാർഷിക മൃഗസംരക്ഷണ മേഖലയിൽ നടപ്പാക്കുന്ന പദ്ധതികളിലും കുടുംബശ്രീയുമായി ചേർന്ന് പ്രവർത്തിക്കുന്നത് ഓരോ പഞ്ചായത്തിലെയും സ്ത്രീകളുടെ ഉപജീവന പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുമെന്നും അവർ പറഞ്ഞു.
കേരളത്തിലെ സ്ത്രീകളുടെ സന്തോഷ സൂചിക ഉയർന്നത് കുടുംബശ്രീ വന്നതിനു ശേഷമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്.അയ്യർ ആശംസാ പ്രസംഗത്തിൽ പറഞ്ഞു. സങ്കടങ്ങളിൽ നിന്നും സന്തോഷത്തിലേക്കുള്ള സ്ത്രീകളുടെ ഈ മാറ്റമാണ് യഥാർത്ഥ സൗന്ദര്യമെന്നും അതിൻറെ കാരണം കുടുംബശ്രീയാണെന്നും അവർ പറഞ്ഞു.
കുടുംബശ്രീ ഡയറക്ടർ പി.കെ സിന്ധു സ്വാഗതവും കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ രമേഷ് ജി നന്ദിയും പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിന് ശേഷം 'തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുംബശ്രീയും' എന്ന വിഷയത്തിൽ ഓപ്പൺ ഫോറം സംഘടിപ്പിച്ചു.
.jpg)

