പട്ടികജാതി, പട്ടികവർഗ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണം: മന്ത്രി കെ.എ. തുളസി

THULASI

ഇടുക്കി : പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കുള്ള വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ.എ. തുളസി. പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വികസന വകുപ്പുകളുടെ ഇടുക്കി ജില്ലാതല അവലോകന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രവർത്തനത്തിലെ വീഴ്ച മൂലമോ ഉദ്യോഗസ്ഥരുടെ ജാഗ്രതക്കുറവ് മൂലമോ വികസന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് നഷ്ടമാകുന്നത് അനുവദിക്കാനാകില്ല. വീട്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാകാത്ത നിരവധി പേർ ഇനിയും നാട്ടിലുണ്ട്. ഈ സാഹചര്യത്തിലും കോടിക്കണക്കിന് രൂപയുടെ വികസന ഫണ്ട് പാഴായിപ്പോകുന്നു. ഇത് ഒഴിവാക്കണം. വകുപ്പുമായി ബന്ധപ്പെട്ട് കെട്ടിക്കിടക്കുന്ന പരാതികൾ പരിഹരിക്കാൻ അദാലത്ത് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

വകുപ്പ് നടപ്പാക്കുന്ന പദ്ധതികൾ പിന്നാക്ക വിഭാഗങ്ങൾക്ക് പ്രയോജനപ്പെടണമെങ്കിൽ അതു സംബന്ധിച്ച അവബോധം നൽകണം.
ഇതിനായി എസ് സി/എസ് ടി പ്രൊമോട്ടർമാർക്ക് കൃത്യമായ പരിശീലനം നൽകണം.  ആദിവാസി മേഖലകളിൽ കുടിവെള്ളം ലഭ്യമല്ലാത്ത വീടുകളിൽ ഉടൻ കുടിവെള്ളമെത്തിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും മന്ത്രി നിർദേശിചച്ചു. നെറ്റ് വർക്ക് സൗകര്യം ലഭ്യമല്ലാത്ത ഉന്നതികളിൽ നെറ്റ് വർക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികളും യോഗം ചർച്ച ചെയ്തു. ഐ.ടി.ഡി.പി പ്രൊജക്ട് ഓഫീസറും ട്രൈബൽ ഡെവലപ്മെന്റ് ഓഫീസറും പട്ടികവർഗ മേഖലയിലെ പദ്ധതികൾ യോഗത്തിൽ അവതരിപ്പിച്ചു.  
മറയൂർ പഞ്ചായത്തിൽ എംപി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ട്രൈബൽ മ്യൂസിയം കെട്ടിടം പട്ടികവർഗ വികസന വകുപ്പ് ഏറ്റെടുത്ത് മാതൃകാ പദ്ധതിയായി വികസിപ്പിക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു.  ഇതിനായി സ്പെഷ്യൽ ഓഫീസറെ നിയമിക്കുന്നത് ഉചിതമാകുമെന്ന് അദ്ദേഹം പറഞ്ഞു. ആദിവാസി വിഭാഗങ്ങൾ കൂടുതലുള്ള അടിമാലിയിൽ കൂടുതൽ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ സ്ഥാപിക്കണം. ഇതിനായി സംസ്ഥാന സർക്കാർ ശുപാർശ നൽകണമെന്നും എം.പി ആവശ്യപ്പെട്ടു.

റോയ് കെ. പൗലോസ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പട്ടികജാതി, പട്ടികവർഗ വകുപ്പുകളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജില്ലയിലെ വിവിധ വികസന പദ്ധതികളുടെ പുരോഗതി വിലയിരുത്തി. പട്ടികജാതി വികസന വകുപ്പിന്റെ പദ്ധതികളും തദ്ദേശ സ്വയംഭരണ വകുപ്പ് വഴി നടപ്പാക്കുന്ന എസ് സി എസ് പി പദ്ധതികളും യോഗത്തിൽ അവലോകനം ചെയ്തു. എസ് സി എസ് പി പദ്ധതി നടത്തിപ്പ് കാര്യക്ഷമാക്കണമെന്ന് മന്ത്രി നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് പൊതുവായ മാനദണ്ഡം പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ പട്ടികജാതിക്കാരായ ഭൂരഹിത ഭവന രഹിതരുടെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പട്ടികജാതി ഓഫീസർക്ക് മന്ത്രി നിർദേശം നൽകി.
 പട്ടികജാതി വിഭാഗക്കാർക്കു നേരേയുള്ള അതിക്രമം തടയൽ നിയമപ്രകാരം നഷ്ടപരിഹാരമായി ഈ വർഷം 20 പേർക്ക് 20 ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ടെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ യോഗത്തിൽ അറിയിച്ചു.  

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ എം.എൽ.എ മാരായഎഫ്. രാജ, സേനാപതി വേണു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ, ജില്ലാകളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം, പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ
ഡി. ധർമ്മലശ്രീ, പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ്, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Tags