സാമൂഹിക-ക്ഷേമ മേഖലയിൽ നീതി ബോധത്തോടെ പ്രവർത്തിക്കാൻ പിന്തുണ ഉറപ്പാക്കും: മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ


വയനാട് :കുടുംബശ്രീ പ്രവർത്തകർക്ക് സാമൂഹിക- ക്ഷേമ മേഖലയിൽ നീതിബോധത്തോടെ പ്രവർത്തിക്കാൻ സർക്കാർ പിന്തുണ ഉറപ്പാക്കുമെന്ന് രജിസ്ട്രേഷൻ - പുരാവസ്തു - പുരാരേഖ - മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. സംസ്ഥാന കുടുംബശ്രീ മിഷന്റെയും ജില്ലാ മിഷന്റെയും ആഭിമുഖ്യത്തിൽ കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാദിനാഘോഷവും സംസ്ഥാനതല സിംപോസിയവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വനിതകൾക്ക് സമത്വ ബോധത്തോടെ പ്രവർത്തിക്കാൻ പ്രായോഗികവും നിയമപരവുമായ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ സർക്കാർ ഒപ്പമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. സാമൂഹിക- ഭരണ- ആരോഗ്യ- ജനകീയ രംഗങ്ങളിൽ വനിതകൾ സാർവ്വത്രിക ഇടപെടൽ നടത്തുകയാണ്.
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിവിധ സംരംഭങ്ങളിൽ കുടുംബശ്രീ പ്രവർത്തകരുടെ പ്രാധാന്യം ഉറപ്പാക്കുന്നുണ്ട്. ജില്ലയിൽ 1.5 ലക്ഷം കുടുംബശ്രീ അംഗങ്ങളാണ് പ്രവർത്തിക്കുന്നത്. അതിജീവനത്തിന്റെ യഥാർഥ പാത സ്ത്രീ ശാക്തീകരണമാണെന്ന് പരിപാടിയിൽ അധ്യക്ഷനായി എം.എൽ.എ ടി.സിദ്ദിഖ് പറഞ്ഞു. ലഹരിക്കെതിരെയുള്ള ചെറുത്തുനിൽപ്പിന് കുടുംബശ്രീക്ക് നിർണ്ണായക പങ്കാളിത്തം വഹിക്കാൻ കഴിയുമെന്നും എം.എൽ.എ പറഞ്ഞു. വനിതകൾക്കായുള്ള പോരാട്ടം ഒരു ദിനത്തിൽ മാത്രമായി ഒതുങ്ങരുതെന്നും സ്ത്രീകളുടെ ലക്ഷ്യത്തിന് സമൂഹവും കുടുംബവും ഒറ്റക്കെട്ടായി സഹകരിക്കുമ്പോഴാണ് വിജയം കൈവരിക്കാൻ കഴിയുകയെന്നും ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ പറഞ്ഞു. പരിപാടിയിൽ എഴുത്തുകാരികളായ എസ്. ധനുജ കുമാരി, ഷീല ടോമി, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജി. രോഷ്നി എന്നിവരെ മന്ത്രി ആദരിച്ചു. വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച ജില്ലയിലെ വനിതാ പ്രതിഭകളെ മന്ത്രി ആദരിച്ചു. ബാലസഭാംഗങ്ങൾ തയ്യാറാക്കിയ പുസ്തകം കുടുംബശ്രീ ഡയറക്ടർ ജില്ലാ കളക്ടർക്ക് കൈമാറി.
സംസ്ഥാനത്തെ വിവിധ ജില്ലകൾ തയ്യാറാക്കിയ പ്രബന്ധങ്ങളുടെ വികസന മാതൃക കൽപ്പറ്റ നഗരസഭാ ചെയർമാൻ അഡ്വ. ടി.ജെ ഐസക്ക് പ്രകാശനം ചെയ്തു. എം.എൽ.എ ടി സിദ്ദിഖ് അധ്യക്ഷനായ പരിപാടിയിൽ കുടുംബശ്രീ മിഷൻ ഡയറക്ടർ കെ.എസ് ബിന്ദു, സംസ്ഥാന കുടുംബശ്രീ മിഷൻ പ്രോഗ്രാം ഓഫീസർ ഡോ.ബി ശ്രീജിത്ത്, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.കെ ബാലസുബ്രഹ്മണ്യൻ, സിഡിഎസ് ചെയർപേഴ്സൺമാർ, അയൽക്കൂട്ടം അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
