ശബരിമല സ്വര്‍ണക്കൊള്ള:സര്‍ക്കാരിന് നേരിട്ട് ഇടപെടാനാവില്ലെന്ന് മന്ത്രി കെ. മുരളീധരന്‍

k muraleedharan

പാലക്കാട്: ശബരിമല സ്വര്‍ണക്കൊള്ള വിഷയത്തില്‍ സര്‍ക്കാരിന് നേരിട്ട് ഇടപെടാന്‍ കഴിയില്ലെന്നും പ്രത്യേക അന്വേഷണ സംഘത്തിനാണ് പൂര്‍ണ്ണ അധികാരം എന്നും ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്‍. ഇത്രയും പ്രമാദമായ കേസില്‍ മറ്റൊരു അന്വേഷണം പ്രഖ്യാപിക്കാന്‍ കഴിയാത്തത് ഇതുകൊണ്ടാണെന്നും അദ്ദേഹം പാലക്കാട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എസ്.ഐ.ടിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ടാല്‍ അത് കോടതിയലക്ഷ്യമാകും. നിയമവശങ്ങള്‍ പരിശോധിച്ചു മന്ത്രിസഭ ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളും. ശബരിമല കൊള്ളയില്‍ ചാര്‍ജ് ഷീറ്റ് പോലും എസ്.ഐ.ടി ഇതുവരെ നല്‍കിയിട്ടില്ല. തെറ്റ് ചെയ്തവരെ ശിക്ഷിക്കാനുള്ള അവകാശമാണ് ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനുള്ളതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
മെഡിക്കല്‍ സീറ്റിന് നാലുവര്‍ഷത്തെ ഫീസ് മാത്രമേ ഈടാക്കാവൂ എന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഈ വര്‍ഷവും തുടര്‍ വര്‍ഷങ്ങളിലും ഈ ഫീസുകള്‍ മാത്രമേ ഈടാക്കാന്‍ പാടുകയുള്ളൂ. നേരത്തെ അധിക ഫീസ് വാങ്ങിയത് സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. കോടതി തീരുമാനം അനുസരിച്ച് മുന്നോട്ടുള്ള നടപടികള്‍ കൈക്കൊള്ളും. 

സര്‍ക്കാര്‍ എപ്പോഴും കുട്ടികള്‍ക്കൊപ്പം ആണ്. മുന്‍പ് ഈടാക്കിയ ഫീസ് തിരിച്ചു കൊടുക്കണമെന്ന് നിലപാടാണ് സര്‍ക്കാരിനുള്ളത്. കോടതിയില്‍ എത്തുമ്പോള്‍ ഇക്കാര്യം വാദിക്കാനായി സര്‍ക്കാര്‍ അഡ്വക്കേറ്റ് ഉണ്ടാവുമെന്നും മുരളീധരന്‍ പറഞ്ഞു. ഇത്രയും ലാഭത്തില്‍ നടത്താന്‍ കഴിയാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ നടത്തണമെന്ന് നിര്‍ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags